ആത്മാവിനെ സംസ്കരിക്കുക

ആത്മാവിനെ സംസ്കരിച്ചെടുത്ത് ജീവിതവിജയം നേടുക എന്നതാണ് നോമ്പിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. മനുഷ്യജീവിതത്തിൽ ഉണ്ടായേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുക്കുന്ന ആത്മീയമായ പരിശീലനങ്ങളിലൂടെ ഇഹപര വിജയം നേടാനുമാണ് റമദാനിലൂടെ ഓരോ വിശ്വാസിയും താല്പര്യപ്പെടുന്നത്.

തഖ്‌വയാണ് നോമ്പിൻറെ അടിസ്ഥാന ലക്ഷ്യം. നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു നിർദേശിച്ച അനുഷ്ഠാനങ്ങൾ പാലിക്കുകയും നിരോധിച്ച കാര്യങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയും ചെയ്യുകയാണ് തഖ്‌വയുടെ ഉള്ളടക്കം. കൃത്യമായ ആത്മീയ പരിശീലനങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. പൈശാചികമായ ദുർബോധനങ്ങളിൽ നിന്നും ദേഹേച്ഛകളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുമ്പോൾ മാത്രമാണ് അതിന് സാധ്യമാകുക.

അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ശരീരത്തിന് പരിശീലനം നൽകുന്നതിലൂടെ സ്വശരീരത്തെ ആരാധനകളിലേക്ക് ആത്മാർത്ഥമായി സമർപ്പിക്കാൻ നോമ്പിലൂടെ സാധ്യമാകുന്നു. അതുകൊണ്ടാണ് ഈ സമർപ്പണത്തിന് വിശ്വാസികൾക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. നോമ്പ് എനിക്കുള്ളതാണ് അതിന്‍റെ പ്രതിഫലം നൽകുന്നതും ഞാനാണെന്ന് അല്ലാഹു പറയുന്നതായി തിരുവചനങ്ങളിൽ വന്നിട്ടുണ്ട്.

മറ്റു ആരാധനാകർമങ്ങൾക്കൊന്നും ഇല്ലാത്ത സവിശേഷത നോമ്പിന് നൽകപ്പെട്ടത് അത് അടിമയും ഉടമയും തമ്മിലുള്ള സ്വകാര്യമായ ഒരു കരാർ ആയതുകൊണ്ടാണ്. അതുകൊണ്ടാണ് നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളിൽ ഒന്ന് നാളെ സ്രഷ്ടാവായ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള നേരമാണെന്ന് തിരുദൂതർ പ്രസ്താവിച്ചത്.

ആരാധനകൾക്ക് ഉയർന്ന പ്രതിഫലങ്ങൾ നൽകപ്പെടുന്ന മാസം കൂടിയാണ് റമദാൻ. ദിവസവും തറാവീഹ് നമസ്കരിക്കുകയും ലഭ്യമായ അവസരങ്ങളിൽ ഖുർആൻ പാരായണം ചെയ്തും അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമങ്ങൾ അധികരിപ്പിച്ചും അല്ലാഹുവിന്‍റെ ഭവനത്തിൽ ഇഅ്തികാഫ് ഇരുന്നും ആർജിച്ചെടുക്കേണ്ട ആത്മീയമായ ഉൾക്കരുത്ത് പെരുന്നാൾ ദിനത്തിൽ ഫിത്‌ർ സക്കാത്ത് കൊടുക്കുന്നതിലൂടെ പൂർത്തീകരിക്കുന്നു.

വ്യത്യസ്തമായ ആരാധനകളുടെ സമ്മിശ്രമായ കൂടിച്ചേരലുകൾ അനുഭവിക്കുന്ന ആത്മീയ അനുഭൂതിയുടെ കാലം കൂടിയാണ് ഇത്. മുഹമ്മദ് നബി പറയുന്നു: ഉറച്ച വിശ്വാസത്തോടെയും പ്രതിഫല പ്രതീക്ഷയോടെയും വിശുദ്ധ റമദാനിലെ രാത്രികളെ ആരാധന കൊണ്ട് ധന്യമാക്കുന്നവർക്ക് സർവപാപങ്ങളും പൊറുക്കപ്പെടും.

ഈ ഹദീസിൽ പ്രതിപാദിക്കപ്പെട്ടത് പോലെ സത്യവിശ്വാസത്തിന്റെ ദൃഢതയും അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടുമെന്ന ഉയർന്ന പ്രതീക്ഷയും മനസ്സിലിരുത്തിക്കൊണ്ടായിരിക്കണം ഓരോ സത്യവിശ്വാസിയുടെയും വ്രതാനുഷ്ഠാനവും മറ്റു ആരാധനാകർമങ്ങളും നിർവഹിക്കപ്പെടേണ്ടത്.

Tags:    
News Summary - Process the soul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.