ഡോ. മാർ അപ്രേം മെത്രാപോലീത്ത

സംഗീതവും ഗ്രന്ഥരചനയും സപര്യയാക്കിയ അപ്രേം തിരുമേനി

കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ അപ്രേം തിരുമേനിയുടെ വിയോഗം ഒരു മഹാനഷ്ടമാണ് കേരള സമൂഹത്തിനും ലോകത്തിനാകെയും തന്നെ. കേരളത്തിൽ നിന്ന് താൽക്കാലികമായെങ്കിലും പാത്രിയാർക്കീസ് സ്ഥാനം വഹിച്ച ഒരേയൊരു പുരോഹിതനാണ് മാർ അപ്രേം മെത്രാപ്പോലീത്ത. പ്രായത്തിനനുസൃതം പുസ്തകരചനയിലേർപ്പെട്ട അദ്ദേഹം പ്രായത്തേക്കാൾ കൂടുതൽ പുസ്തകങ്ങൾ എഴുതി എന്നാണറിവ്.

കേരളത്തിന്‍റെ സാമൂഹിക, സാമുദായിക സൗഹാർദത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ വലുതാണ്. സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃശൂരിലെ ഈദ്ഗാഹുകളിൽ സഭയുടെ നേതൃത്വത്തിൽ പുഷ്പങ്ങളും ഉപഹാരങ്ങളുമായി സന്ദർശിക്കുക പതിവായിരുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകം അദ്ദേഹം സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തി.

1940 ജൂൺ 13നാണ് അദ്ദേഹം ദേവസി കൊച്ചു മറിയം ദമ്പതികളുടെ നാലാമത്തെ മകനായി ജനിച്ചത്. ജോർജ് ഡേവീസ് മൂക്കൻ എന്നായിരുന്നു പേര്. വൈദികനാമമാണ് അപ്രേം എന്നത്. 1961 ൽ വൈദികനായ അദ്ദേഹം 1968 സെപ്റ്റംബർ 8ന് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. കേരള സഭാചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം. 2015 ൽ ആണ് ആറുമാസങ്ങൾ അദ്ദേഹം പാത്രിയാർക്കീസായി ചുമതല വഹിച്ചത്.

ക്രൈസ്തവ സഭാചരിത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ രണ്ട് പിഎച്ച്.ഡികൾ. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രം പലപ്പോഴും ഞങ്ങളുടെ ചർച്ചയിൽ കടന്നുവരുമായിരുന്നു. പൗരസ്ത്യ കൽദായ സുറിയാനി സഭ ആയിരുന്നു കേരളത്തിലെ ആദ്യ ക്രൈസ്തവ സഭ. സെലൂഷ്യ - സ്റ്റെസിഫോണിൽ നിന്ന് വന്ന ബാബിലോണിയൻ സഭയായിരുന്നു അത്. പൗരസ്ത്യ സുറിയാനി ഭാഷയിലായിരുന്നു തക്സയും ഖുർബാനയും.

പോർച്ചുഗീസ് അധിനിവേശത്തോടെ മാർ അഹത്തുള്ള മെത്രാനെ കൊച്ചിക്കായലിൽ മുക്കിക്കൊന്നു എന്ന വാർത്ത പരന്നതിനെ തുടർന്ന് കൂനംകുരിശ് സത്യം നടന്നതിനുശേഷം അലക്സാണ്ട്രിയാ, അന്തോഖ്യാ എന്നീ സഭകളിലേക്ക് കേരളത്തിൽ നിന്ന് ദൂതുകൾ പോയി. തുടർന്ന് അന്ത്യോഖ്യയുടെ പ്രതിനിധിയായി

അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിൽ ജറുസലേമിൽ നിന്ന് ആളുകൾ വന്നു. അവർ സംസാരിച്ചിരുന്നതും പ്രാർഥനക്ക് ഉപയോഗിച്ചിരുന്നതും പാശ്ചാത്യ സുറിയാനി ആയിരുന്നു. പൗരസ്ത്യ സുറിയാനിക്ക് പകരം പാശ്ചാത്യ സുറിയാനി ഉപയോഗിക്കണം. തൃശൂർക്കാരുടെ സ്വതസിദ്ധമായ ശൈലിയിൽ അപ്രേം പറഞ്ഞു: ‘‘എന്തെങ്കിലുമാവട്ര സുറിയാനിയാണല്ലോ? പാശ്ചാത്യമോ പൗരസ്ത്യമോ എന്ന് നോക്കണ്ട’’.

ഇസ്‍ലാമും കൽദായ സഭയും തമ്മിലെ ബന്ധം അദ്ദേഹം എപ്പോഴും എടുത്തു പറഞ്ഞിരുന്നു. മാർ ഈശോയേവ് പാത്രിയാർക്കീസുമായാണ് മുഹമ്മദ് നബി കരാറുണ്ടാക്കിയതെന്നും നജ്റാനിൽ മുഹമ്മദ് നബി സ്വീകരിച്ച് സൽക്കരിച്ച ക്രൈസ്തവ സഭ കൽദായ സഭ ആയിരുന്നുവെന്നും അകറ്റുന്ന വിഷയങ്ങളല്ല അടുപ്പിക്കുന്ന പാഠങ്ങളാണ് ജനങ്ങൾ അറിയേണ്ടത് എന്ന് എപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു.

ക്രൈസ്തവതയുടെ സ്നേഹവും ഇസ്‍ലാമിന്‍റെ സാഹോദര്യവും ഹൈന്ദവതയുടെ സഹിഷ്ണുതയും സ്വപ്നം കണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. അതിൽ പോറലേൽക്കുന്നതിലുള്ള ആകുലതകളും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.

അൽ ജാമിഅ ശാന്തപുരം വിദ്യാർഥികളുമായി അരമന സന്ദർശിച്ചപ്പോൾ അവർക്കായി അദ്ദേഹം ഗാനങ്ങളാലപിക്കുകയും ഗിത്താർ വായിക്കുകയും ചെയ്തു. ഈ ലേഖകന്‍റെ ‘ക്രൈസ്തവതയുടെ വർത്തമാനം’ എന്ന പുസ്തകത്തിന് അവതാരിക എഴുതുകയും പ്രകാശനം നടത്തിത്തരികയും ചെയ്ത പ്രിയപ്പെട്ട അപ്രേം തിരുമേനിയോടുള്ള സ്നേഹം തോരാത്ത കണ്ണീർ പൂക്കളായി ഇതെഴുതുമ്പോഴും പെയ്തിറങ്ങുന്നു.

Tags:    
News Summary - Mar Aprem Metropolitan, who combined music and writing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.