1. മരണപ്പെട്ട മോഹനൻ 2. കുപ്പേഴം മസ്ജിദിലെ ഉച്ചഭാഷിണിയിലൂടെ മോഹനന്‍റെ വേർപാട് അറിയിക്കുന്നു 

മാതൃകയായി മണ്ണഞ്ചേരി കുപ്പേഴം മസ്ജിദ്; ഉച്ചഭാഷിണിയിലൂടെ മോഹനന്‍റെ വേർപാട് അറിയിച്ച് ഭാരവാഹികൾ

മണ്ണഞ്ചേരി (ആലപ്പുഴ): പള്ളിയിലെ ഉച്ചഭാഷിണിയിൽ നിന്ന് വേറിട്ടൊരു മരണവാർത്ത. ആദ്യം ഒരു ആശ്ചര്യത്തോടെയാണ് നാട്ടുകാർ വാർത്ത കേട്ടത്. മണ്ണഞ്ചേരി കുപ്പേഴം മുഹ്‌യുദ്ദീൻ ജുമ മസ്ജിദിൽ നിന്നാണ് പരിസരവാസിയായ മൂന്നാം വാർഡ് കുപ്പേഴം മസ്ജിദിന് പടിഞ്ഞാറ് കൊല്ലന്റെവെളിയിൽ മോഹനൻ (കുട്ടൻ-64) മരണപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

മസ്ജിദ് ജോയിന്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ ചെക്കനാടാണ് ഉച്ചഭാഷിണിയിലൂടെ വിവരം വിളിച്ചു പറഞ്ഞത്. മറ്റൊരു ജോയിന്റ് സെക്രട്ടറി നഹാസ് ആശാൻ വടക്കേടം ഇത് മൊബൈലിൽ പകർത്തി. സോഷ്യൽ മീഡിയയിലും നാട്ടിലും സംഭവം വൈറലായി. അനുകരണീയമായ മണ്ണഞ്ചേരി മാതൃക ഇപ്പോൾ എങ്ങും ചർച്ച ആയിരിക്കുകയാണ്.

മസ്ജിദിന്റെ പരിസരവാസി കൂടിയായ മോഹനൻ നാട്ടുകാർക്കും പ്രിയപ്പെട്ട ആളാണ്. മരണമറിഞ്ഞ് ആദ്യം എത്തിയവരിൽ ഉണ്ടായിരുന്ന ജബ്ബാറും നഹാസും മസ്ജിദ് പ്രസിഡന്റ് അഷ്‌റഫ്‌ ഇടവൂരിന്റെയും ജനറൽ സെക്രട്ടറി ഷാനവാസ്‌ മനയത്തുശ്ശേരിയുടെയും ട്രഷറർ അബ്ദുൽ ഖാദർ ആശാൻ കോലാടിന്റെയും പിന്തുണയോടെയാണ് പള്ളിയിലൂടെ മരണവാർത്ത പങ്കുവെച്ചത്. തുടർന്നും ഇത്തരത്തിൽ തന്നെ പരിസര വാസികളുടെ വേർപാട് അറിയിക്കുമെന്ന് മസ്ജിദ് ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - Mannancherry Mosque office bearers announce Mohanan's passing through loudspeaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.