ശബരിമല: മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ സുരക്ഷക്ക് ബാരിക്കേഡുകള്‍ ഉള്‍പ്പടെ ക്രമീകരണങ്ങള്‍ ഒരുക്കുന്ന ജോലി അന്തിമഘട്ടത്തിലാണെന്ന് ശബരിമല എ.ഡി.എം അരുണ്‍ എസ്. നായർ. ജനുവരി 13ന് 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും കടത്തി വിടും.
ജനുവരി 15 മുതല്‍ 18 വരെ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്‌പോട്ട് ബുക്കിങ് വഴിയും വിടും. 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്‌പോട്ട് ബുക്കിങ് വഴി 5,000 പേരെയും കടത്തിവിടും. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായും കോടതിവിധിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങള്‍ ഭക്തര്‍ കൃത്യമായി പാലിക്കണം. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം.
ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് ആരംഭിക്കുന്നത്. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്ന് രാവിലെ 10 മുതല്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് രാവിലെ 11 മുതല്‍ ഭക്തരെ വിടില്ല. ഘോഷയാത്ര സമാപിച്ചതിന് ശേഷമേ ഭക്തരെ പ്രവേശിപ്പിക്കൂ.
ഹിൽടോപ്പിൽ പാർക്കിങ് നിരോധനം
ഹില്‍ടോപ്പില്‍ 12ന് രാവിലെ എട്ട് മുതല്‍ 15 ന് ഉച്ചക്ക് 12വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായ വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിങ് അനുമതിയുള്ളൂ.
സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. 13ന് വൈകുന്നേരം ആറിനു ശേഷം കാനനപാതയില്‍ എരുമേലിയില്‍നിന്നു ഭക്തരെ കടത്തിവിടില്ല. അഴുതക്കടവ് വഴി 14ന് രാവിലെ എട്ടിനു ശേഷവും പ്രവേശനമുണ്ടായിരിക്കില്ല. മുക്കുഴിയില്‍ നിന്ന് 14ന് രാവിലെ പത്തിനുശേഷം കടത്തിവിടില്ല. 14ന് വൈകിട്ട് നാലിനുശേഷം പുല്ലുമേട് നിന്ന് ഭക്തരെ കടത്തിവിടില്ല. അവര്‍ക്ക് പുല്ലുമേടില്‍ നിന്ന് മകരവിളക്ക് ദര്‍ശിക്കാൻ സൗകര്യമുണ്ട്. ജ്യോതി ദര്‍ശനത്തിന് ശേഷം കാനനപാത വഴി സന്നിധാനത്തേക്ക് വരാന്‍ അനുവദിക്കില്ല. അവിടെ നിന്ന് തിരിച്ച് സത്രം വഴിയോ വള്ളക്കടവ് വഴിയോ എത്തിയ ശേഷം സന്നിധാനത്തെത്താം.
ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കും
ആചാരപരമായ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കി വരുന്നു. ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്‍കാൻ ക്രമീകരണങ്ങള്‍ ഒരുക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് വിശദ ക്രൗഡ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ സ്‌പെഷല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സുഗമ മകരവിളക്ക് ദര്‍ശനം നടത്തി സുരക്ഷിതമായി മടങ്ങാൻ ക്രമീകരണം ഒരുക്കും. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കേന്ദ്രസേന ആര്‍.എ.എഫ്, എന്‍.ഡി.ആര്‍. എഫ് സംഘവും സഹായത്തിനുണ്ടാകും.
വൈദ്യസേവനത്തിന് വിപുല സൗകര്യം
ഈ കേന്ദ്രങ്ങളിലെല്ലാം മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജില്ല ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അടിയന്തിര സേവനങ്ങള്‍ക്കായി സൗകര്യങ്ങള്‍ സജ്ജമാക്കി. ഡോക്ടര്‍മാരുടെ സേവനവും അധികമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റ് വ്യൂ പോയിന്റുകളിലും ഏര്‍പ്പെടുത്തി. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ സുജിത്ത് ദാസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജോസഫ് സ്റ്റീഫന്‍ റോബിന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.