തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്തവർ
ജിദ്ദ: വ്രതാരംഭംകുറിച്ചതോടെ ആത്മീയ ഉണർവിലായി വിശ്വാസികൾ. വ്രതാരംഭത്തിന്‍റെ തുടക്കരാവിൽ മക്ക, മദീന ഹറമുകളിൽ നടന്ന ആദ്യ തറാവീഹ് നമസ്കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. സ്വദേശികളും വിദേശികളുമായ രാജ്യവാസികളെ കൂടാതെ അകത്തും പുറത്തുംനിന്നെത്തിയ ഉംറ തീർഥാടകരും സന്ദർശകരും അടക്കം വിവിധ തുറകളിൽനിന്നുള്ള വിശ്വാസികളാണ് റമദാനിലെ പ്രത്യേക നിശാനമസ്കാരത്തിനായി അണിനിരന്നത്. റമദാന്‍റെ തുടക്ക രാത്രിയിൽതന്നെ ഉംറ നിർവഹിക്കുന്നതിനും ഹറമിലെ തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനും മക്കയുടെ പരിസരപ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ഹറമിലെത്തിയത്.
തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ഇരുഹറം കാര്യാലയം ഒരുക്കിയത്. പുറത്തെ മുറ്റങ്ങളിലും മുകളിലെ മേൽക്കൂരയിലും നമസ്കാരത്തിന് കൂടുതൽ സൗകര്യമേർപ്പെടുത്തിയിരുന്നു. കൂടുതൽ കവാടങ്ങൾ തുറന്നിട്ടു. ശുചീകരണം, സംസം വിതരണം, സുഗന്ധംപൂശൽ എന്നിവക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നു. കവാടങ്ങളിലെ പോക്കുവരവുകൾ സുഗമമാക്കാൻ നടപ്പാതകളിൽ തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാനുമുള്ള ജീവനക്കാരും രംഗത്തുണ്ടായിരുന്നു. ഇരുഹറമുകളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമാണെന്ന് ഇരുഹറം കാര്യാലയ വക്താവ് ഹാനി ഹൈദർ പറഞ്ഞു.
മക്കയിൽ ആദ്യ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകിയ ഇമാം ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളോട് സംസാരിക്കുന്നു
മക്ക ഹറമിൽ നടന്ന തറാവീഹ് നമസ്കാരത്തിന് ഡോ. യാസർ അൽദോസരി, ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് എന്നിവർ നേതൃത്വം നൽകി. ആരാധനയിൽ സ്വയം അർപ്പിക്കാനും ഫോട്ടോഗ്രഫിയിലും മൊബൈൽ ഫോണുകളിലും മുഴുകാതിരിക്കാനും റമദാന്‍റെ ആദ്യരാത്രിയിൽ മക്ക ഹറമിൽ നടത്തിയ പ്രസംഗത്തിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളെ ഓർമിപ്പിച്ചു. റമദാൻ നന്മയുടെയും അനുഗ്രഹങ്ങളുടെയും കാലമാണ്. ആ അവസരം ലഭിച്ചത് വലിയ അനുഗ്രഹമാണ്.
അതിന് അല്ലാഹുവിനെ വാഴ്ത്തിയും സൽകർമങ്ങളിലേർപ്പെട്ടും നാം നന്ദി കാണിക്കേണ്ടതുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. മദീനയിലെ മസ്ജിദുന്നബവിയും തറാവീഹ് നമസ്കാരവേളയിൽ നിറഞ്ഞുകവിഞ്ഞു. തറാവീഹ് നമസ്കാരത്തിന് ഡോ. അബ്ദുല്ല അൽബൈജാനും ഡോ. അഹ്മദ് അൽഹുദൈഫിയും നേതൃത്വം നൽകി.
മദീന മസ്ജിദുന്നബവിയിലെ ആദ്യ തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്തവർ
ഇമാം ശൈഖ് ഹുസൈൻ അൽശൈഖ് ഇശാ നമസ്കാരശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു. അനുഗൃഹീത മാസത്തിന്‍റെ പുണ്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നന്മകളിലേർപ്പെടാനും പുണ്യം നിറഞ്ഞ മാസം ഉപയോഗപ്പെടുത്താനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. നന്മയും മഹത്തായ പ്രതിഫലവും നേടാനുള്ള മികച്ച അവസരമാണ് റമദാനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.