പടമുകൾ മുസ്‌ലിം ജുമാമസ്​ജിദ്​ 

ചരിത്രമുറങ്ങുന്ന പടമുകൾ

കേരളത്തിലെ പ്രശസ്തമായ പടമുകൾ ജുമ മസ്‌ജിദിന് 124 വർഷത്തെ പഴക്കമുണ്ട്. കൊച്ചി രാജാവ് ക്രിസ്ത്യാനികൾക്ക് ഇടപ്പള്ളിയിൽ ക്രിസ്‌ത്യൻ പള്ളിയും മുസ്‌ലിം വിശ്വാസികൾക്ക് മുസ്‌ലിം പള്ളിയും പണിത് നൽകി. രാജാവ് മുസ്‌ലിം വിശ്വാസികളുടെ മതപരമായ കാര്യങ്ങൾ ശ്രവിക്കാനും വിശ്രമിക്കാനുമായി പള്ളിയോടനുബന്ധിച്ച് ഒരു ആൽത്തറ നിർമിക്കുകയും, അദ്ദേഹം അവിടെ വരുകയും വിശ്രമിക്കുകയും ചെയ്‌തിരുന്നു. ആ ആൽത്തറ ഇന്നും സ്മ‌ാരകമായി നിലകൊള്ളുന്നു.

അതിന്​ശേഷം തൃക്കാക്കരയിൽ മുസ്ലീം ജമാഅത്ത് പള്ളി പണിതു. അവിടെയാണ്​ തൃക്കാക്കരയിലെ ഓരോ കുടുംബക്കാരും ജമാഅത്ത് നമസ്ക്കരിച്ചിരുന്നത്. കുറച്ചുനാളുകൾക്ക് ശേഷം പടമുകളിൽ ഒരു ജമാഅത്ത് പള്ളി പണിയണം എന്ന ആഗ്രഹം ഇവിടുത്തെ പൂർവികർക്ക് ഉണ്ടായി. അങ്ങനെ എളവക്കാട്, തൈക്കൂട്ടക്കാർ, കുന്നേൽ, മുളക്കാംപള്ളി, കൈതേലിയിൽ, പീച്ചംപള്ളിയിൽ, പള്ളിപ്പറമ്പിൽ, നൈതേലി, കിളിയങ്കൽ, കിഴക്കേക്കര, പടനാട്ട്, മാനാത്ത് കുറ്റിക്കാട്ട്, അഞ്ചുമുറി, ചാലക്കര, അരിമ്പാശ്ശേരി, കളപ്പുരക്കൽ, കാവനാട്, ചിറയിൽ, മൂലയിൽ, പനച്ചിക്കൽ, പുതുവാമൂല, കുണ്ടുവേലി, ഊത്താല, പൊന്നാന്തറ, പരുത്തിക്കൽ, കുരീക്കോട്, നമ്പിള്ളിപ്പാടം, മുരിയങ്കര എന്നീ കുടുംബങ്ങൾ ചേർന്ന് മുഹമ്മദീയ പള്ളി എന്ന പേരിൽ പടമുകളിൽ പള്ളി പണികഴിപ്പിച്ചു.

1900 കാലത്തെ പടമുകൾ മസ്ജിദ്

ഓരോ കുടുംബത്തിൽ നിന്നും ഓരോ ആളെ വീതം കൈക്കാര്യക്കാർ എന്ന പേരിൽ തെരഞ്ഞെടുത്ത് പള്ളിയുടെ പരിപാലനം നടത്തിപ്പോന്നു. 1976 ൽ പള്ളിയിൽ ഭരണ ഘടന നിലവിൽ വന്നു. ആദ്യ പ്രസിഡന്റായി അഡ്വ. എ.എ. അബ്‌ദു റഹ്‌മാൻ തെരഞ്ഞെടുക്കപ്പെട്ടു. ഒത്തിരി സ്ഥലങ്ങളും സാമ്പത്തികമായ സഹായങ്ങളും ഓരോ കുടുംബക്കാരും നൽകി.

പള്ളികാര്യങ്ങൾ , മഹല്ല് പ്രവർത്തനം , ദറസ്സ് , സാധുസംരക്ഷണത്തിനായി ക്ഷേമനിധി, ഇവ കൂടാതെ ഭൗതികമായും ആത്മീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ജമാഅത്തിന്റെ ഭാഗമാണ്. സി.ബി.എസ്.ഇ ഹയർ സെക്കൻഡറി സ്കൂൾ, ഹിയാദത്തുൽ ഇസ്‌ലാം മദ്രസ്സ എന്നിവയും പ്രവർത്തിക്കുന്നു.

കോക്കൂർ ഉസ്താദ് മസ്‌ജിദിൽ ഏതാണ്ട് 40 വർഷം ദർസ് നടത്തുകയും ഖത്തീബായി സേവനം അനുഷ്ഠിക്കുകയും ചെയ്‌തു. മലപ്പുറം ജില്ലയിൽ കോക്കൂർ എന്ന സ്ഥലത്ത് ഇഴുവപ്പാടിയിൽ അലികുട്ടിയുടെയും ബീയ്യാത്തുമ്മയുടേയും മകനായാണ് ഇ.എ. കുഞ്ഞുമുഹമ്മദ് എന്ന കോക്കൂർ ഉസ്താദിന്റെ ജനനം. ഈ മഹല്ലിലും സമീപ മഹല്ലിലും ഉസ്താദാണ് മതപഠനം നൽകിയത്. എല്ലാ ജാതി മതസ്ഥരുമായി നല്ല സൗഹൃദ ബന്ധം ആണ് അദ്ദേഹത്തിന്​ ഉണ്ടായിരുന്നത്.

(പടമുകൾ മുസ്‌ലിം ജമാഅത്ത് അസി. ഇമാമാണ് ലേഖകൻ)

Tags:    
News Summary - Historical Padamukal Juma Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.