മിന കൊട്ടാരത്തിൽ കിരീടാവകാശി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി സംസാരിക്കുന്നു
മക്ക: ഹജ്ജ് സുരക്ഷപദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കെടുക്കുന്ന വിവിധ സുരക്ഷ വിഭാഗങ്ങളിലെ സൈനികർ നടത്തുന്ന ശ്രമങ്ങൾ അഭിമാനകരവും ബഹുമാനം അർഹിക്കുന്നതുമാണെന്ന് സൗദി പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.
കിരീടാവകാശി മിന കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് സീസൺ പദ്ധതികൾ നടപ്പാക്കാൻ എല്ലാ വിഭാഗങ്ങളിൽനിന്നുമായി 21,332 സൈനികരാണ് പങ്കെടുത്തത്. ഹജ്ജ് കർമങ്ങളുടെ സുരക്ഷിത നിർവഹണം സുഗമമാക്കുന്നതിന് ഭരണകൂട നിർദേശങ്ങൾ നടപ്പാക്കുന്നതിലാണ് അവരുടെ പങ്കാളിത്തമെന്നും അൽബസ്സാമി പറഞ്ഞു.
തീർഥാടകരെ സേവിക്കുന്നതിന് രാജ്യം സാമ്പത്തിക സ്രോതസ്സുകൾ, മനുഷ്യ ഊർജം, സാങ്കേതിക ഉപകരണങ്ങൾ എന്നിവ വിനിയോഗിച്ചിട്ടുണ്ട്. ഇരു ഹറമുകൾക്കും സന്ദർശകർക്കും ഏറ്റവും ഉയർന്ന തലത്തിലുള്ള പരിചരണവും ശ്രദ്ധയും ലഭിച്ചു. കിരീടാവകാശിയുടെ വികസന കാഴ്ചപ്പാടായ ‘വിഷൻ 2030’ പദ്ധതികളിൽനിന്നാണ് സൈനികർ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം ഉൾക്കൊള്ളുന്നതെന്നും അൽബസ്സാമി ഊന്നിപ്പറഞ്ഞു.
തീർഥാടകരെ സേവിക്കുന്നത് അവരുടെ മുൻഗണനകളിലും ഉയർന്ന ലക്ഷ്യങ്ങളിലും മുൻപന്തിയിൽ നിർത്തുന്നു. അവരുടെ പ്രഫഷനൽ കഴിവുകൾ, ഫീൽഡ് അനുഭവം, നേടിയെടുത്ത അറിവ് എന്നിവ ഉപയോഗപ്പെടുത്തുന്നു. ഹജ്ജ് സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ ഇതുവരെ നേടിയ വിജയങ്ങൾ സൽമാൻ രാജാവിന്റെ നിർദേശങ്ങൾ, കിരീടാവകാശിയുടെ പരിധിയില്ലാത്ത പിന്തുണ, ആഭ്യന്തര മന്ത്രിയുടെ തുടർനടപടികൾ എന്നിവയുടെ നേരിട്ടുള്ള ഫലമാണ്.
കൂടാതെ പങ്കെടുക്കുന്ന വിവിധ വകുപ്പുകളുടെ സംയോജിത റോളുകളും സഹായിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉടൻ തീരുമാനമെടുക്കൽ സാധ്യമാക്കുന്ന ഏറ്റവും പുതിയ നിരീക്ഷണ, ഡേറ്റ വിശകലന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന ഒരു നൂതന പ്രവർത്തനകേന്ദ്രത്തിന്റെ പിന്തുണയോടെ കൃത്യമായ അടിത്തറയിലും വ്യക്തമായ ഉത്തരവാദിത്തങ്ങളിലും പദ്ധതികൾ നിർമിച്ചിട്ടുണ്ടെന്നും അൽബസ്സാമി വിശദീകരിച്ചു. മക്ക, മദീന ഗവർണർമാരിൽനിന്നും സുരക്ഷപദ്ധതികൾക്ക് ലഭിച്ച പിന്തുണയും അൽബസ്സാമി എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.