ദുബൈ: അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർഥിനികൾക്ക് കുടുംബസമേതം സൗജന്യമായി ഉംറ നിർവഹിക്കാൻ അവസരമൊരുക്കി ദുബൈ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റ് (ഐ.എ.സി.എ.ഡി). ഉമ്മുൽ ഷെയ്ഫ് ഇസ്ലാമിക് കൾച്ചറൽ സെന്‍റർ, അൽ മിഷാർ ഇസ്ലാമിക് കൾച്ചറൽ സെന്‍റർ, നാദൽ ഷിബ വുമൻസ് സെന്‍റർ എന്നീ കമ്യൂണിറ്റി സെന്‍ററുകളിലെ വിദ്യാർഥികൾക്കാണ് കുടുംബത്തിനൊപ്പം ഉംറ കർമം നിർവഹിക്കാനുള്ള അവസരമൊരുങ്ങുന്നത്.
2026 കുടുംബ വർഷം സംരംഭത്തോടനുബന്ധിച്ചാണ് സൗജന്യ യാത്ര സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് തുടർപഠനത്തിൽ കൂടുതൽ മികവ് പുലർത്താൻ പ്രോത്സാഹനമെന്ന നിലയിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡിപാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ അഹമ്മദ് ദർവിഷ് അൽ മുഹൈരി പറഞ്ഞു. യഥാർഥ നിക്ഷേപം ആരംഭിക്കുന്നത് ജനങ്ങളിൽ നിന്നാണെന്നും അക്കാദമിക് മികവിനും വ്യക്തിത്വ വികസനത്തിനുമുള്ള പ്രാഥമിക അടിത്തറയാണ് കുടുംബം എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഉംറ നിർവഹിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സ്ത്രീശാക്തീകരണത്തോടൊപ്പം കുടുംബത്തിന്‍റെ സ്ഥിരതയെ ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.