നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ തീർഥാടകരുടെ ബാഗേജുകൾ മക്ക അസീസിയയിലെ താമസസ്ഥലത്ത് നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നു
മക്ക: ഹജ്ജ് കർമങ്ങൾ അവസാനിച്ചതോടെ ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി. ആദ്യ സംഘം ഹാജിമാർ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ നാട്ടിലേക്ക് തിരിച്ചു. ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2,800 തീർഥാടകരാണ് തിരിച്ചുപോയത്. ഇവരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ് മാർഗം ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചിരുന്നു. നാട്ടിൽനിന്ന് എത്തിയ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലാണ് ഹാജിമാരുടെ മടക്കയാത്രകൾ.
യാത്രക്ക് മുമ്പേ സർവിസ് കമ്പനി തീർഥാടകരുടെ ബാഗേജുകൾ ശേഖരിച്ച് ട്രക്ക് വഴി എയർപോർട്ടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഹാൻഡ് ബാഗ് മാത്രം കൈയ്യിൽ വെച്ചാണ് തീർഥാടകർ യാത്രയാവുന്നത്. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുക. യാത്ര തിരിക്കുന്നതിന് 12 മണിക്കൂർ മുമ്പേ താമസസ്ഥലങ്ങളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജിന് മുമ്പേ നിർത്തിയിരുന്ന മക്ക മസ്ജിദുൽ ഹറമിലേക്കും തിരിച്ച് താമസസ്ഥലത്തേക്കുമുള്ള ഇന്ത്യൻ ഹജ്ജ് മിഷന്റെ ബസ് സർവിസ് ബുധനാഴ്ച പുലർച്ചെ പുനരാരംഭിച്ചു.
വിടവാങ്ങൽ ത്വവാഫ് നിർവഹിക്കാൻ ബസ് മാർഗമാണ് ഹാജിമാർ ഹറമിലെത്തുന്നത്. മുഴുവൻ ഹാജിമാരും മടങ്ങുംവരെ 24 മണിക്കൂറും ബസുകൾ സർവിസ് നടത്തും. വിദേശ ഉംറ തീർഥാടകർ ചൊവ്വാഴ്ച മുതൽ മക്കയിൽ എത്തി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര ഉംറ തീർഥാടകർക്ക് നുസുക് വഴിയുള്ള പെർമിറ്റും അനുവദിച്ചു തുടങ്ങി. ഇതോടെ വൻ തിരക്കാണ് മസ്ജിദുൽ ഹറാമിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഹറമിൽ ഒരുക്കിയിട്ടുണ്ട്. വിടവാങ്ങൽ ത്വവാഫ് നിർവഹിക്കുന്നവർ നേരത്തെ ഹറമിലെത്തി പൂർത്തീകരിക്കേണ്ടിവരും.
ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനവും വ്യാഴാഴ്ച മുതൽ തുടങ്ങി. ജിദ്ദ വഴിയെത്തിയ തീർഥാടകർക്കാണ് മദീന സന്ദർശനം ബാക്കിയുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്കെത്തിയ മലയാളി ഹാജിമാരുടെ മദീന സന്ദർശനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ് മാർഗമാണ് തീർഥാടകരെ മദീനയിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.