ഹജ്ജിന്​ അർധവിരാമം, തീർഥാടകർ ഇനി മൂന്ന്​​ നാൾ കൂടി മിനയിൽ

മക്ക: ജീവിതത്തിലെ തിന്മകൾക്കെതിരെ പ്രതീകാത്മകമായി ജംറ സ്തൂപങ്ങൾക്ക്​​ നേരെ ഏഴു ചെറു കല്ലുകളെറിഞ്ഞ ഹാജിമാർ തലമുണ്ഡനം നടത്തി ഈ വർഷത്തെ ഹജ്ജിന് അർദ്ധവിരാമം കുറിച്ചു. ചൊവ്വാഴ്ച അറഫ സംഗമത്തിന്​ ശേഷം രാത്രി തീർഥാടകർ മുസ്​ദലിഫയിൽ വിശ്രമിക്കുകയും തുടർന്ന്​ ജംറകളിൽ എത്തി ബുധനാഴ്ച പുലർച്ചെ 12 ഓടെ കല്ലേറ് കർമം ആരംഭിക്കുകയും ചെയ്​തു. പ്രവാചകൻ ഇബ്രാഹിമിനെ ബലിയർപ്പിക്കുന്നതിൽ  നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ഇത് തിന്മക്കെതിരെയുള്ള പ്രതീകാത്മക കല്ലേറ് രൂപമായാണ് വിശ്വസിക്കപ്പെടുന്നത്.


ബലിപെരുന്നാൾ ദിവസം (ദുൽഹജ്ജ് 10 ന്) തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു. ഹജ്ജിലെ ഇടത്താവളമായ മുസ്​ദലിഫയിൽ അറഫയിൽനിന്നെത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു അവിടെനിന്ന് കാൽനടയായും ബസ്, മെട്രോ ട്രെയിൻ മാർഗവും, മക്കക്കും മിനയിലും ഇടയിലുള്ള പിശാചി​െൻറ സ്തൂപങ്ങളിൽ കല്ലെറിയാൻ ജംറയിലേക്ക്​ എത്തുകയായിരുന്നു. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളെ അനുധാവനം ചെയ്തു ബലിയറുത്ത് മുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ശുഭ വസ്ത്രങ്ങളിൽ (ഇഹ്റാം) നിന്നും വിമു​ക്തി നേടാം.


പിന്നീട് കഅ്ബ പ്രദക്ഷിണം, സഫാ മർവകൾക്കിടയിലുള്ള പ്രയാണം എന്നിവ നിർവഹിച്ചതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു. മിനയിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു നാൾ തമ്പുകളിൽ കഴിഞ്ഞുകൂടും. ദുൽഹജ്ജ് 11, 12, 13 തീയതികളിൽ തുടർച്ചയായി ജംറയിൽ കല്ലെറിയുന്നതോടെ ഹജ്ജിന് പൂർണ സമാപനമാവും. ഇന്ത്യൻ ഹാജിമാർ മുസ്ദലിഫയിൽ നിന്ന് കല്ലുകൾ ശേഖരിച്ച് അതിരാവിലെ മെട്രോ ട്രെയിനുകളിൽ ജംറ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ഉച്ചയോടെ മുഴുവൻ തീർഥാടകരുടെയും കല്ലേർ കർമം അവസാനിച്ചിരുന്നു. സ്വകാര്യ ഹജ്ജ്​ ഗ്രൂപ്പുകൾക്ക്​ കീഴിലെത്തിയവർ മുസ്ദലിഫയിൽ നിന്ന് ബസ് മാർഗവും നടന്നും മിനയിലെ തമ്പുകളിൽ എത്തി വിശ്രമിച്ച ശേഷം ഉച്ചക്ക്​ മുമ്പും ശേഷവുമായാണ്​ കല്ലേറ് കർമം നിർവഹിച്ചത്.

Tags:    
News Summary - pilgrims stay in Mina for three more days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.