ഹജ്ജ് തീർഥാടകർ നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ
ജിദ്ദ: ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോകുന്നവർ മടക്കയാത്രക്ക് നിശ്ചയിച്ചിരിക്കുന്ന സമയക്രമം പാലിക്കണമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) വ്യക്തമാക്കി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിശ്ചിത സമയത്ത് എത്തണം. ലഗേജുകളുടെ ഭാരം അനുവദിച്ചതിനേക്കാൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു. രാജ്യത്തെ എല്ലാ കര, വ്യോമ, കടൽ കവാടങ്ങളിലൂടെ തീർഥാടകരുടെ പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങൾ വഴി ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര തുടങ്ങി. തിരക്ക് കുറക്കാനും യാത്രാനടപടികൾ വേഗത്തിലാക്കാനും വിമാനത്താവളത്തിൽ അനുബന്ധ വകുപ്പുകൾ കൂടുതൽ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്.
പാസ്പോർട്ട് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ കൂടുതൽ ആശ്വാസം നൽകി തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഇല്ലാതാക്കുന്നതിനാണിത്. യാത്രക്കാരിൽനിന്നുള്ള പരാതികൾ, നിർദേശങ്ങൾ, അന്വേഷണങ്ങൾ എന്നിവ മുഴുസമയം കൈകാര്യം ചെയ്യുന്നതിനും സിവിൽ ഏവിയേഷന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി യാത്രക്കാരെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവത്ക്കരിക്കുന്നതിനും സംവിധാനങ്ങളും വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.