മക്ക: ഹജ്ജ് പ്രമാണിച്ച് പുണ്യസ്ഥലങ്ങൾക്കിടയിൽ മശാഇർ ട്രെയിൻ സർവിസ് തുടങ്ങി. ബുധനാഴ്ച തീർഥാടകർ ‘തർവിയ ദിനം’ ചെലവഴിക്കാൻ മിനായിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സർവിസ് തുടക്കം. തീർഥാടകരെ കയറ്റുന്നതിനായി മശാഇർ ട്രെയിനുകൾ സജ്ജമാണെന്ന് സൗദി റെയിൽവേ കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി മുതൽ ഏകദേശം 12,000 പരീക്ഷണ യാത്രകൾ ഉൾപ്പെടെ ഒരു സമഗ്ര തയാറെടുപ്പ് പ്രവർത്തന പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സൂചിപ്പിച്ചു.
കൂടാതെ ഹജ്ജ് സീസണിലെ സാഹചര്യങ്ങൾ കൃത്യമായി അനുകരിക്കുന്ന നാല് സമഗ്ര പരീക്ഷണങ്ങളും നടത്തി. സംവിധാനങ്ങൾ, ട്രെയിനുകൾ, സ്റ്റേഷനുകൾ എന്നിവയുടെ സന്നദ്ധത പരിശോധിക്കുകയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും സീസണിൽ സുരക്ഷിതവും കാര്യക്ഷമവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ഹജ്ജ് സീസണിൽ ട്രെയിൻ 2000ത്തിലധികം സർവിസുകൾ നടത്തും. 20 ലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകും. അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെ ഒമ്പത് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് മശാഇർ ട്രെയിൻ.
മിനയിലെ അവസാന സ്റ്റേഷൻ ജമറാത്ത് പാലത്തിന്റെ നാലാം നിലയിൽ വരെ എത്തുന്നതാണ്. ഇത് തീർഥാടകരുടെ സുഗമമായ ഒഴുക്കും അവരുടെ സുരക്ഷയും വർധിപ്പിക്കുന്നുവെന്നും സൗദി റെയിൽവേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.