മിനയിൽനിന്ന് മക്ക അസീസിയയിൽ താമസകേന്ദ്രത്തിൽ തിരിച്ചെത്തിയ മലയാളി ഹാജിമാരിൽ ചിലർ
മക്ക: മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യൻ ഹാജിമാർ അസീസിയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ദുൽഹജ്ജ് 13-ലെ (തിങ്കളാഴ്ച) കല്ലേറ് കർമവും പൂർത്തിയാക്കിയാണ് മിനയിൽനിന്ന് ഇവർ മടങ്ങിയത്. മറ്റുള്ളവരിൽ ഭൂരിപക്ഷവും ഞായറാഴ്ച തന്നെ കല്ലേറ് കർമങ്ങൾ പൂർത്തീകരിച്ച് മിനയോട് വിടപറഞ്ഞിരുന്നു. പ്രയാസമേതുമില്ലാതെ ഹജ്ജ് പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഹാജിമാർ. കാലാവസ്ഥയും ഹാജിമാർക്ക് അനുകൂലമായി.
ഹജ്ജിന്റെ ഭാഗമായി മക്ക മസ്ജിദുൽ ഹറാമിലെത്തി ത്വവാഫും സഅഇയും നിർവഹിക്കാനുള്ളവരും മലയാളി തീർഥാടകരിൽ ബാക്കിയുണ്ട്. വിതൗട്ട് മഹ്റം വിഭാഗത്തിൽപ്പെട്ട വനിതകളും അവശരും രോഗികളുമായവരും ഒക്കെ ഇതിൽ ഉൾപ്പെടും. വരും ദിവസങ്ങളിൽ ഇവർ ഇത് പൂർത്തിയാക്കും. അതിന് ശേഷം മക്കയോട് വിടപറയുമ്പോഴുള്ള ത്വവാഫ് കൂടി നിർവഹിച്ചാണ് മടങ്ങുക.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയ ഹാജിമാരാണ് ആദ്യം മടങ്ങുന്നത്. ചൊവ്വാഴ്ച മുതൽ ജിദ്ദ വഴി ഇവരുടെ മടക്കം ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച (ജൂൺ 12) ജിദ്ദ വഴി ആരംഭിക്കും. ജിദ്ദയിൽനിന്ന് ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നോ, ശ്രീനഗർ എന്നിവിടങ്ങളിലേക്കാണ് ആദ്യസംഘം മടങ്ങുക. 2,000-ഓളം ഹാജിമാരാണ് ആദ്യ ദിനത്തില്‍ പുറപ്പെടുന്നത്.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഹാജിമാർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്. ബുധനാഴ്ച മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ടു ദിവസം മദീന സന്ദർശനം പൂർത്തിയാക്കി അവിടെനിന്നാണ് ഇവർ നാട്ടിലേക്ക് പോവുക. കേരളത്തിൽ നിന്നെത്തിയ തീർഥാടകരുടെ മദീന സന്ദർശനം മുഴുവൻ ഹജ്ജിനുശേഷമാണ്. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാവും മലയാളി ഹാജിമാരുടെ മടക്കം. ജൂൺ 25-ന് മലയാളികളുടെ മടക്കം ആരംഭിക്കും. ജൂലൈ 10 ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരുടെയും മടക്കയാത്ര പൂർണമാകും. മക്കയിലെ അസീസിയയിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവിസ് ബുധനാഴ്ച പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.