മലയാളി ഹജ്ജ് സംഘത്തിന് മസ്കത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: ഒമാനിൽനിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം വിശുദ്ധ കർമം പൂർത്തിയാക്കി മസ്കത്തിൽ തിരിച്ചെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ മസ്കത്ത് വിമാനത്താവളത്തിലെത്തിയ സംഘത്തെ മസ്കത്ത് സുന്നി സെന്റർ കമ്മിറ്റി ഭാരവാഹികളും ഹാജിമാരുടെ ബന്ധുകളും ചേർന്ന് വരവേറ്റു. മനമറിഞ്ഞ് ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തി അറിയിച്ച ഹാജിമാർ മസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും സേവനങ്ങളും ശ്ലാഘനീമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മേയ് 28ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്നാണ് സംഘം യാത്ര തിരിക്കുന്നത്. ഒമാൻ ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്. ഈ വർഷം 52 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏതാണ്ട് പത്തുവർഷത്തിനുശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജ് നടത്തുന്നത്. കഴിഞ്ഞ വർഷം മസ്കത്ത് സുന്നി സെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചുരുന്നെങ്കിലും അതിൽ മലയാളികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാൽ, ഈ വർഷം മലയാളികൾ മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഹജ്ജ് യാത്ര സംഘടിപ്പിക്കാനായി നല്ല ഒരുക്കങ്ങളാണ് സുന്നി സെന്റർ നടത്തിയത്. ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് യാത്രക്കുള്ള നടപടികൾ ആരംഭിച്ചത് മുതൽ ഹജ്ജിനുപോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രഷൻ അടക്കമുള്ള എല്ലാ സഹായങ്ങളും നൽകിയിരുന്നു. ഹജ്ജിനായി യാത്രക്കാരെ ഒരുക്കാനായി അഞ്ച് ദിവസത്തെ പഠന ക്ലാസും ഒരു ദിവസത്തെ ഹജ്ജ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഈ വർഷം 14000മായിരുന്നു ഒമാന്റെ ഹജ്ജ് ക്വാട്ട. ഇതിൽ 13,530 സ്വദേശികൾക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 470 ക്വട്ടയാണ് വിദേശികൾക്കുള്ളത്. ഇതിൽ 235 അറബ് രാജ്യങ്ങൾക്കുള്ളവർക്കും ബാക്കി 235 എല്ലാ രാജ്യക്കാരുമായ വിദേശികൾക്കുമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.