ജിദ്ദ: ഹജ്ജ് സീസണിൽ തീർഥാടകർക്ക് സഹായകരമാവുന്ന രീതിയിൽ മിനായിൽ നാല് താൽക്കാലിക ‘കാരിഫോർ’ സ്റ്റോറുകൾ തുറക്കുമെന്ന് മാജിദ് അൽ ഫുതയിം റീട്ടെയിൽ കമ്പനി അറിയിച്ചു.
തീർഥാടകരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, വ്യക്തിഗത ശുചിത്വ സാമഗ്രികൾ, മറ്റു ദൈനംദിന ആവശ്യങ്ങൾ എന്നിവ സ്റ്റോറുകളിൽ ലഭ്യമാക്കും. 24 മണിക്കൂറും സേവനങ്ങൾ നൽകുന്ന സ്റ്റോറുകളിൽ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സുഗമവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനുമായി വ്യത്യസ്ത രാജ്യക്കാരെ സഹായിക്കുന്നതിന് ബഹുഭാഷാ ജീവനക്കാരുണ്ടാകും.
തീർഥാടകർക്ക് സേവനം നൽകുന്നതിനായി മിനായിലെ പ്രധാന സ്ഥലങ്ങളിലായിരിക്കും താത്കാലിക കാരിഫോർ സ്റ്റോറുകൾ തുറക്കുക. ഹജ്ജ് സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ‘സൗദി വിഷൻ 2030’ പദ്ധതിയെ പിന്തുണക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
ദൈവത്തിന്റെ അതിഥികൾക്ക് അസാധാരണമായ സേവനങ്ങൾ നൽകുന്നതിനും ഹജ്ജ് സീസണിൽ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ സുഗമമാക്കുന്നതിൽ ഫലപ്രദമായ ഘടകമാകുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനെ ഞങ്ങൾ ബഹുമതിയായി കാണുന്നുവെന്ന് സൗദിയിലെ കാരിഫോർ റീജനൽ ഡയറക്ടർ നജീബ് ഹദ്ദാദ് പറഞ്ഞു.
പൂർണമായും സജ്ജീകരിച്ച മിനയിലെ ഞങ്ങളുടെ സ്റ്റോറുകൾ ഉന്നത നിലവാരം പുലർത്തുന്നതാണെന്നും തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണെന്നും സമൂഹത്തെ ഉയർന്ന തലത്തിൽ സേവിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.