കൊണ്ടോട്ടി: കശ്മീര്‍ ഭീകരാക്രമണത്തെത്തുടർന്ന് ലഗേജ് ഭാരത്തിലേര്പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ വലക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മക്കയിലെത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങി സജ്ജമാക്കിയ ബാഗേജുകള്‍ തുടര്‍ച്ചയായി വരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഭാരം കുറക്കേണ്ട ഗതികേടിലാണ് പലരും.
മക്കയിലും മദീനയിലും ആവശ്യമായിവരുന്ന ഭക്ഷ്യസാധനങ്ങള്‍ പോലും മുന്‍കൂട്ടി കരുതാനാകുന്നില്ലെന്നാണ് തീര്‍ഥാടകരുടെ പരാതി. നേരത്തേ അനുവദിച്ച 40 കിലോഗ്രാം വ്യവസ്ഥയില്‍ ബാഗേജൊരുക്കിയവരെ, 30 കിലോഗ്രാമാക്കണമെന്ന നിബന്ധന അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നും കൊണ്ടുപോകുന്നതിനെ ബാധിക്കുകയാണ്.
ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനങ്ങളില്‍ ഇന്ധനം ഉറപ്പാക്കാൻ ഭാരം കുറക്കണമെന്ന വിമാനക്കമ്പനി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലഗേജിൽ നിയന്ത്രണമേർപ്പെടുത്തിയത്. നിലവില്‍ തീര്‍ഥാടകര്‍ക്ക് പരമാവധി 30 കിലോഗ്രാം (15 കിലോഗ്രാം വീതം തൂക്കമുള്ള രണ്ട് ബാഗേജുകള്‍) മാത്രമാണ് ലഗേജ് അനുവദിച്ചിരിക്കുന്നത്.
ഹാന്‍ഡ് ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോഗ്രാമാണ്. 15 വരെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകമാക്കിയിട്ടുണ്ട്. കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന തീര്‍ഥാടകരില്‍ നിന്ന് അധികനിരക്ക് ഈടാക്കുന്നതിനു പിറകെ ലഗേജ് നിയന്ത്രണത്തിലും വിമാനക്കമ്പനിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അനുഭാവപൂര്‍വ സമീപനം സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.
കൊണ്ടോട്ടി: ജിദ്ദയിലേക്കുള്ള വ്യോമപാതയിലെ നിയന്ത്രണങ്ങളുടെ ഭാഗമായി തിരക്ക് കൂടുതലാണെന്നും അതിനാൽ ഹജ്ജ് യാത്രയില്‍ പ്രയാസം നേരിടാതിരിക്കാനാണ് ലഗേജ് ഭാരനിയന്ത്രണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്തു നിന്നുള്ള വിമാനങ്ങള്‍ യഥാസമയം പുറപ്പെട്ട് ജിദ്ദയിലെത്തുന്നത് ഉറപ്പാക്കാന്‍ വിമാനങ്ങളില്‍ ഇന്ധനം ഉറപ്പാക്കണം.
ഏതെങ്കിലും സാഹചര്യത്തില്‍ വിമാനം ഇറങ്ങാനാകാതെ അധികസമയം ചെലവഴിക്കേണ്ടി വന്നാല്‍ കൂടുതല്‍ ഇന്ധനം ആവശ്യമായിവരുമെന്നും ഇതിനായി യാത്രക്കാരുടെ എണ്ണം കുറക്കാതെ ലഗേജ് ഭാരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.