സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ നേടിയ വിജയം സമഗ്രമായ സുരക്ഷ, പ്രതിരോധം, സംഘടനാ, സേവന പദ്ധതികൾ എന്നിവയിലൂടെയാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. ഈദുൽ അദ്ഹയുടെയും ഹജ്ജ് സീസണിന്റെയും വിജയത്തിൽ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദിന് നന്ദി അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയം നേടിയത് സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹത്തിന്റെയും തുടർന്ന് എല്ലാവരുടെയും വിശിഷ്ട ശ്രമങ്ങളുടെയും സമഗ്രമായ സുരക്ഷ, പ്രതിരോധം, സംഘടന, സേവന പദ്ധതികളുടെയും ഫലമായി സ്വീകരിച്ചതും തയാറാക്കിയതും നടപ്പാക്കിയതുമായ പദ്ധതികളുടെ അടിസ്ഥാനത്തിലാണ്. ഇത് ദൈവത്തിന്റെ അതിഥികൾക്ക് ആത്മീയത, ശാന്തത, സുരക്ഷ, വിശ്വാസം എന്നിവയാൽ നിറഞ്ഞ അന്തരീക്ഷത്തിൽ പൂർണമായ ആശ്വാസത്തോടെയും സമാധാനത്തോടെയും ഉറപ്പോടെയും ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചതായും സൽമാൻ രാജാവ് സന്ദേശത്തിൽ പറഞ്ഞു.
പദ്ധതികൾ ശ്രദ്ധാപൂർവം നടപ്പാക്കിയതിന്റെ ഫലമായാണ് ഹജ്ജ് സീസണിൽ വിജയം കൈവരിക്കാനായതെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ സമഗ്രമായ നിരീക്ഷണത്തോടെ, ഹജ്ജ് പദ്ധതികൾ (സുരക്ഷ, ആരോഗ്യം, പ്രതിരോധം, സംഘടന, സേവനം, ഗതാഗതം) സൂക്ഷ്മമായി നടപ്പാക്കാൻ എല്ലാവരും നടത്തിയ ശ്രമങ്ങൾക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്ദി പറഞ്ഞു.
സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദിൽനിന്ന് ലഭിച്ച സന്ദേശത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള മറുപടി ടെലഗ്രാമിലാണ് ഇക്കാര്യം പറഞ്ഞത്. ഈദുൽ അദ്ഹക്കും ഈ വർഷത്തെ ഹജ്ജ് സീസണിന്റെ വിജയത്തിനും കിരീടാവകാശി ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.