കൊണ്ടോട്ടി: ഹജ്ജിനായി ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര് യാത്രയാകും. ഇതില്‍ കരിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം അര്‍ധരാത്രിക്കുശേഷം 12.40ന് പുറപ്പെട്ടു. 89 പുരുഷന്മാരും 84 വനിതകളുമുള്‍പ്പെടെ 173 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. കരിപ്പൂരില്‍നിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന രണ്ടാം വിമാനത്തില്‍ വനിതകള്‍ മാത്രമുള്‍പ്പെടുന്ന 173 അംഗ സംഘം യാത്ര തിരിക്കും.
മൂന്നാമത്തെ വിമാനം വൈകീട്ട് 4.05 നാണ്. ഇതില്‍ 76 പുരുഷന്മാരും 97 വനിതകളും പുറപ്പെടും.കണ്ണൂരില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ച നാലിനാണ് ആദ്യ വിമാനം. ഇതില്‍ 45 പുരുഷന്മാരും 126 വനിതകളും യാത്രയാകും. രണ്ടാമത്തെ വിമാനം 7.25ന് ജിദ്ദയിലേക്ക് പുറപ്പെടും. 138 വനിതകളും 31 പുരുഷ തീര്‍ഥാടകരുമാണ് ഈ സംഘത്തിലുണ്ടാകുക.
കൊച്ചി വിമാനത്താവളം വഴിയുള്ള യാത്ര വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് 5.55നാണ് ആദ്യ വിമാനം പുറപ്പെടുക. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ 289 പേര്‍ക്ക് സഞ്ചരിക്കാവുന്ന 21 വിമാനങ്ങളാണ് കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കും.
സംസ്ഥാനത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ടു വരെ 17 വിമാനങ്ങളിലായി 2918 തീർഥാടകരാണ് മക്കയിലെത്തിയത്. ഇതില്‍ 760 പുരുഷന്മാരും 2158 വനിതകളുമാണ്.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കാത്തിരിപ്പ് പട്ടികയില്‍ നിന്ന് പുതുതായി അവസരം ലഭിച്ച തീര്‍ഥാടകരുടെ യാത്രരേഖകള്‍ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിച്ചു.
പണമടച്ച രശീത് സഹിതമാണ് തീര്‍ഥാടകര്‍ രേഖകള്‍ കൈമാറിയത്. ഇവര്‍ക്കായി വാക്സിനേഷനുള്ള സൗകര്യവും ഹജ്ജ് ഹൗസില്‍ ഒരുക്കിയിരുന്നു. ഇപ്പോള്‍ അവസരം ലഭിച്ചവരുടെ യാത്ര തീയതി അടുത്ത ദിവസങ്ങളില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.