ഹജ്ജ് തീർഥാടകർ മക്ക മസ്ജിദുൽ ഹറാമിൽ വിടവാങ്ങൽ തവാഫിൽ
മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ പുണ്യ മക്കയോട് വിടപറഞ്ഞു തുടങ്ങി. ജംറകളിലെ അവസാന ദിവസത്തെ കല്ലേറും കൂടി പൂർത്തിയാക്കി മനസ്സമാധാനത്തോടെയും ആശ്വാസത്തോടെയും ഹജ്ജ് നിർവഹിക്കാനായ ആത്മനിർവൃതിയോടെയും മനംനിറഞ്ഞ സംതൃപ്തിയോടെയുമാണ് തീർഥാടകർ മക്കയിൽനിന്ന് യാത്രതിരിച്ചത്. ഞായറാഴ്ച മുതൽ തീർഥാടകർ മിനയോട് വിടപറയാൻ തുടങ്ങിയിരുന്നു. തീർഥാടകരുടെ തിരിച്ചുപോക്ക് എളുപ്പമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തീർഥാടകർ കടന്നുപോകുന്ന റോഡുകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മസ്ജിദുൽ ഹറാമിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നിർവഹിച്ചാണ് തീർഥാടകർ മക്കയിൽനിന്ന് പുറപ്പെട്ടത്. ഞായറാഴ്ച മുതൽ വിടവാങ്ങൽ ത്വവാഫിനായ് മസ്ജിദുൽ ഹറാമിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വലിയ തിരക്കാണ് ഹറമിൽ അനുഭവപ്പെട്ടത്.
ദുൽഹജ്ജ് 12, 13 തീയതികളിലെ വിടവാങ്ങൽ ത്വവാഫിനായി ഹറമിലെത്തുന്ന തീർഥാടകക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും അവരെ നിയുക്ത സ്ഥലങ്ങളിലേക്ക് നയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഇരുഹറംകാര്യ ജനറൽ അതോറിറ്റി തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. പൂർണ ശേഷിയിൽ തീർഥാടകരെ സ്വീകരിക്കാൻ മത്വാഫിന്റെ മുഴുവൻ നിലകളിലും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കിയിരുന്നു. മത്വാഫ് വികസനത്തിലൂടെ മണിക്കൂറിൽ 107,000 പേർക്ക് ത്വവാഫ് ചെയ്യാനുള്ള സൗകര്യമൊരുക്കിയത് തീർഥാടകർക്ക് വലിയ ആശ്വാസമാണുണ്ടാക്കിയത്. പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനുള്ള മുഴുവൻ കവാടങ്ങളും തുറന്നിട്ടിരുന്നു.
കൂടാതെ 210 സ്മാർട്ട് ഗേറ്റുകൾ, 400 ഇലക്ട്രിക് വാഹനങ്ങൾ, 10,000 ഉന്തുവണ്ടികൾ ഉൾപ്പെടെയുള്ള ഫീൽഡ് ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾ ഒരുക്കിയിരുന്നു. ഹറമിന് ചുറ്റുമുള്ള മുറ്റങ്ങളിൽനിന്ന് ത്വവാഫ് ഏരിയയിലേക്കുള്ള ഇടനാഴികളിലും തീർഥാടകരുടെ പോക്കുവരവുകൾ നിയന്ത്രിക്കുന്നതിനുള്ള നിശ്ചിത പാതകൾ ഒരുക്കിയിരുന്നു. പാതകളിൽ ഇരുത്തവും കിടത്തവും നിരീക്ഷിക്കുന്നതിനും നടത്തം വ്യവസ്ഥാപിതമാക്കുന്നതിനും കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
ഇനി മദീനയിൽ
മക്കയിൽനിന്ന് മദീന സന്ദർശനത്തിനായി എത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ പ്രവാചക നഗരി ഒരുങ്ങി. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കാത്തവരാണ് അങ്ങോട്ടേക്ക് തിരിക്കുന്നത്. ചില സംഘങ്ങൾ ഇതിനകം മദീനയിലെത്തിയിട്ടുണ്ട്. ബസ്, ട്രെയിൻ മാർഗമാണ് അവരുടെ യാത്ര. ഹജ്ജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യുന്നതിനും സേവനങ്ങൾ നൽകുന്നതിനും മേഖല ഗവർണറുടെ മേൽനോട്ടത്തിൽ മദീനയിലെ സർക്കാർ വകുപ്പുകൾ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. മക്കയിൽനിന്ന് മദീനയിലേക്കുള്ള ഹിജ്റ എക്സ്പ്രസ്വേയിലും മറ്റു പ്രധാന റോഡുകളിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.