റിയാദ്: ഹജ്ജ് പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ‘നുസുക്’ ആപ്പിൽ ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കും ഹജ്ജ് രംഗത്ത് പ്രവർത്തിച്ച തൊഴിലാളികൾക്കുമാണ് സാക്ഷ്യപത്രം നൽകുന്നത്. തീർഥാടകരുടെ വിശ്വാസാനുഭവം രേഖപ്പെടുത്തലും ഹജ്ജ് നടത്തിപ്പിന് പ്രവർത്തിച്ചവരെ ആദരിക്കലുമാണ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ നടത്തുന്നത്.
നുസ്ക് ആപ് തുറന്ന് അതിൽനിന്ന് സർട്ടിഫിക്കറ്റ് നേടാൻ കഴിയും. ആപ് തുറക്കുമ്പോൾ കാണുന്ന അതിലുള്ള ഡിസൈനുകളിൽ ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുത്ത് ലളിതമായ ഘട്ടങ്ങളിലൂടെ മുന്നോട്ട് പോയി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യിച്ച് ഡൗൺലോഡ് ചെയ്തെടുക്കുക. തീർഥാടകർക്ക് അവരുടെ വിശ്വാസാനുഭവത്തിന്റെ പ്രതീകാത്മകവും ഹൃദയസ്പർശിയുമായ ഓർമപത്രമായിരിക്കും ഇത്.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളിലെ ജീവനക്കാർക്ക് നന്ദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സീസണിന്റെ വിജയത്തിനും തീർഥാടകർക്ക് നൽകുന്ന മികച്ച സേവനത്തിനും കാരണമായ അവരുടെ സംഘടന, ഫീൽഡ്, മാനുഷിക ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനാണിത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങൾക്കും നുസുക് ആപ് നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ പാക്കേജിന്റെ ഭാഗമാണ് ഈ സംരംഭം. ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഹജ്ജ് യാത്രയിലുടനീളം തീർഥാടക അനുഭവം വർധിപ്പിക്കുകയും സാങ്കേതിക സംയോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.