പൈശാചികതക്കെതിരെ കല്ലെറിഞ്ഞ് ഹാജിമാർ

മക്ക: ജീവിതത്തിൽ തങ്ങൾ ചെയ്ത മുഴുവൻ തിന്മകൾക്കെതിരെ പ്രതീകാത്മകമായ് പിശാചിന്റെ സ്തുപത്തിന് നേരെ ഏഴു കല്ലെറിഞ്ഞ ഹാജിമാർ ഹജ്ജിന് അർധവിരാമം കുറിച്ചു. പ്രവാചകൻ ഇബ്രാഹിമിനെ ബലിയർക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ഇത് തിന്മക്കെതിരെയുള്ള രോഷപ്രകടനത്തിന്റെ പ്രതീകാത്മക രൂപമായാണ് വിശ്വസിക്കപ്പെടുന്നത്. ബലിപെരുന്നാൾ ദിവസം (ദുൽഹജ്ജ് പത്തിന്) ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു. ഹജ്ജിലെ ഇടത്താവളമായ മുസ്ദലിഫയിൽ അറഫയിൽ നിന്ന് എത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു.

അവിടെനിന്ന് കാൽനടയായും ബസ് മാർഗ്ഗവും മെട്രോ വഴിയും മക്കക്കും മിനായിലും ഇടയിലുള്ള പിശാചിന്റെ സ്തൂപങ്ങളിൽ കല്ലെറിഞ്ഞു. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകളെ അനുധാവനം ചെയ്തു ബലിയറുത്ത് മുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ശുഭ്ര വസ്ത്രങ്ങളിൽ (ഇഹ്റാം) നിന്നും ഒഴിവാകാവുന്നതാണ്. പിന്നീട് കഅബ പ്രദക്ഷിണവും സഫാ മർവ കുന്നുകൾക്കിടയിലുള്ള പ്രയാണവും കഴിഞ്ഞതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു. തുടർന്ന് മിനായിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു നാൾ തമ്പുകളിൽ കഴിഞ്ഞുകൂടും. ദുൽഹജ്ജ് 11, 12, 13 തീയതികളിൽ കൂടി മൂന്ന് പിശാചിന്റെ സ്തൂപങ്ങളിൽ കല്ലെറിയുന്നതോടെ ഈ വർഷത്തെ ഹജ്ജിന് സമാപനമാവും.


ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാരോടൊപ്പം ഇന്ത്യൻ ഹാജിമാരും മുസ്ദലിഫയിൽ നിന്ന് കല്ലുകൾ ശേഖരിച്ച് ശനിയാഴ്ച്ച അതിരാവിലെ ജംറ ലക്ഷ്യമാക്കി നീങ്ങി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വന്ന ഹാജിമാർക്ക് മഷാഇർ മെട്രോ ട്രയിനിൽ യാത്ര സൗകര്യമുള്ളതിനാൽ അവർക്കെല്ലാം നേരിട്ട് വേഗത്തിൽ ജംറത്തുൽ അഖബയിൽ (പിശാചിന്റെ സ്തൂപങ്ങൾ) എത്താനും കല്ലേറ് കർമം നിർവഹിച്ചു ഉച്ചയോടെ മടങ്ങാനും കഴിഞ്ഞു.

സ്വകാര്യ ഗ്രൂപ്പുകളിൽ വന്ന ഹാജിമാർ മുസ്ദലിഫയിൽ നിന്ന് ബസ് മാർഗ്ഗവും നടന്നും മിനായിലെ തമ്പുകളിൽ എത്തി വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് മുമ്പും ശേഷവും ആയി കല്ലേറ് കർമം നിർവഹിക്കുകയായിരുന്നു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർക്ക് ബലി കൂപ്പൺ നേരത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ വിതരണം ചെയ്തിരുന്നു. കൂടാതെ ബലിയുടെ സ്റ്റാറ്റസ് അറിയാൻ ഉള്ള സൗകര്യങ്ങൾ ഹജ്ജ് മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു.

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാർ സ്വന്തം നിലയ്ക്കാണ് ത്വവാഫ് (കഅ്​ബ പ്രദക്ഷിണം), സഅ്​യ് (സഫാ മർവ കുന്നുകൾക്കിടയിലെ ​​പ്രയാണം) എന്നിവ​ നിർവഹിക്കാനായി ഹറമിലെത്തിയത്. ഇത്​ ഹാജിമാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. പലർക്കും തിരിച്ചെത്താൻ പ്രയാസം നേരിട്ടു. എന്നാൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളൻറിയർമാരും ഹാജിമാരെ തമ്പുകളിൽ എത്തിക്കുന്നതിന് വഴിനീളെ നിലയുറപ്പിച്ചിരുന്നു. എന്നാൽ തിരക്ക്​ ഒഴിവാക്കാൻ ത്വവാഫ്, സഅ്​യ്​ എന്നിവ വരുന്ന മൂന്ന് ദിവസങ്ങൾക്കുള്ളിൽ തീർക്കാനും ഹാജിമാർക്ക് അനുവാദമുണ്ട്.


ഈ മൂന്ന് ദിവസവും ഹജ്ജ് സർവിസ് ഏജൻസികളാണ് ഹാജിമാരെ കല്ലേറ് കർമത്തിനായി കൊണ്ടുപോവുക. കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാൻ ഓരോ മക്തബുകൾക്കും (ഹജ്ജ്​ ഏജൻസി ഓഫീസുകൾ) പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. മിനായില്‍ ശനിയാഴ്​ച 40 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്. എങ്കിലും ചൂടിനെ നിയന്ത്രിക്കാൻ ആവശ്യമായ വാട്ടർ സ്പ്രേ പോലുള്ള സംവിധാനങ്ങൾ ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളി സന്നദ്ധ സംഘടനാ വളൻറിയർമാര്‍ പെരുന്നാൾ അവധി ഒഴിവാക്കി മിനായിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

വിവിധ മത, രാഷ്ട്രീയ, സാംസ്​കാരിക സംഘടനകളുടെ ബാനറിലാണ്​ വളണ്ടിയർമാർ എത്തിയിട്ടുള്ളത്. കല്ലേറ് കര്‍മം നിർവഹിക്കാനും ഹറമില്‍ പോയി ത്വവാഫും, സഅ്​യും നിര്‍വഹിച്ചു തിരിച്ചു മിനായിലേക്ക് മടങ്ങാനും ഇവരുടെ സേവനം ഏറെ സഹായകമായി. ഹജ്ജ്​ തീരുന്നത് വരെയുണ്ടാവും ഇവരുടെ സേവനങ്ങൾ. ഇവർക്കുള്ള താമസ സൗകര്യമടക്കമുള്ള പിന്തുണ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരുന്നു. മലയാളി ഹാജിമാരില്‍ ഭൂരിഭാഗം പേരും ശനിയാഴ്ച പോയി ത്വവാഫും സഅ്​യും നിര്‍വഹിച്ചിരുന്നു. ഇവരെ മിനായില്‍ തിരിച്ചെത്തിക്കാൻ ഖാദിമുല്‍ ഹുജ്ജജുമാരും (നാട്ടിൽ നിന്നെത്തിയ ഔദ്യോഗിക വളൻറിയർമാർ) പ്രവാസി വളൻറിയര്‍മാരും കൂടെ ഉണ്ടായിരുന്നു.

Tags:    
News Summary - Haj pilgrimage in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.