തീകെടുത്താനും രക്ഷാപ്രവർത്തനത്തിനുമുള്ള ‘സഖ്ർ’ ഡ്രോൺ
മക്ക: ഹജ്ജ് വേളയിൽ തീപിടിത്തമുണ്ടായാൽ കെടുത്താൻ ഡ്രോൺ ഉപയോഗപ്പെടുത്തുമെന്ന് സിവിൽ ഡിഫൻസ്. ‘സഖ്ർ’ എന്ന പേരുള്ള ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിനും ഉപയോഗപ്പെടുമെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമാദി വ്യക്തമാക്കി. ആദ്യമായാണ് ഹജ്ജ് വേളയിൽ അഗ്നിശമന ഡ്രോണുകൾ ഉപയോഗിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. 200 മീറ്റർ ദൂരപരിധി വരെ പറക്കാനാകും. തീപിടുത്തം നേരിടാൻ ആവശ്യമായ രക്ഷാസാമഗ്രികളും ഉപകരണങ്ങളും വഹിക്കാനും ഇതിന് കഴിയുമെന്ന് അൽഹമദാനി പറഞ്ഞു.
ഉയർന്ന സ്ഥലങ്ങളിലോ എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലോ അഗ്നിശമന പ്രവർത്തനങ്ങൾക്കോ രക്ഷാപ്രവർത്തനങ്ങൾക്കോ വേണ്ടിയായിരിക്കും ഈ ഡ്രോൺ ഉപയോഗിക്കുക. ഉയർന്ന ഭാഗങ്ങളിൽ 12 മണിക്കൂർ പ്രവർത്തിക്കുന്ന ഡ്രോണിന് 40 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. വിവിധോദ്ദേശ്യ അഗ്നിശമന സംവിധാനം, രക്ഷാപ്രവർത്തനം, നിയന്ത്രണം, സുരക്ഷ സംവിധാനങ്ങൾ, തെർമൽ കാമറകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
സൈറ്റിലേക്ക് തത്സമയം എത്താനും കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി ബന്ധിപ്പിക്കാനുമുള്ള കഴിവും ഇതിനുണ്ട്. ബഹുനില കെട്ടിടങ്ങൾ, വ്യവസായിക സ്ഥലങ്ങൾ, അപകടകരമായ വസ്തുക്കൾ അടങ്ങിയ സ്ഥലങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ, കാട്ടുതീ എന്നിവ ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ സഖ്ർ ഡ്രോൺ ഉപയോഗിക്കാനാകും. ഉയർന്ന പ്രതികരണ വേഗത, ഉദ്യോഗസ്ഥർക്കുള്ള അപകടസാധ്യത കുറക്കൽ, തത്സമയ കാമറാ സംവിധാനം എന്നിവ ഇതിന്റെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.