ഹജ്ജ് തീർഥാടകരുടെ തയാറെടുപ്പുകൾ അവലോകനം ചെയ്യാനുള്ള സംയുക്ത യോഗത്തിൽനിന്ന്
മനാമ: ബഹ്റൈനിൽനിന്ന് ഹജ്ജിന് പോയ വിശ്വാസികൾക്കായുള്ള സേവനം നൽകുന്നതിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്ത് ബഹ്റൈൻ ഹജ്ജ് മിഷൻ. മക്കയിലെ അൽ നസീമിൽ ഹജ്ജ് മിഷൻ ആസ്ഥാനത്ത് ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കമ്മിറ്റിയിലെ മറ്റ് അധികൃതരും പങ്കെടുത്തു.
തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് വ്യക്തവും ഏകോപിതവുമായ ഒരു പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അൽ ഖത്താൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അൽ ഖത്താന്റെ നേതൃത്വത്തിൽ ഫീൽഡ് സന്ദർശനം നടത്തുകയും മിഷൻ അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തിരുന്നു. തീർഥാടകർക്കും മിഷൻ അംഗങ്ങൾക്കും ഹജ്ജ് കാമ്പയിൻ ടീമുകൾക്കും സമഗ്രമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള മെഡിക്കൽ കമ്മിറ്റിയുടെ ശ്രമങ്ങളെയും അവരുടെ തയാറെടുപ്പുകളെയും പ്രശംസിക്കുകയും മെഡിക്കൽ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. സുരക്ഷ സമിതിയുടെ പ്രധാന പങ്കും മറ്റു മിഷൻ അംഗങ്ങളുടെ പ്രവർത്തനങ്ങളെയും അദ്ദേഹം വിലയിരുത്തി. എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷം ബഹ്റൈൻ ടൂർ ഓപറേറ്റർമാർക്കായി അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളിലെ ക്യാമ്പുകൾ മിഷൻ ഔദ്യോഗികമായി അനുവദിച്ചു.
അറഫയിൽ പൂർണമായും സജ്ജീകരിച്ച 32 ടെന്റുകളും മുസ്ദലിഫയിലും മിനയിലും തയാറായിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങൾക്കും മിഷനാണ് മേൽനോട്ടം വഹിച്ചത്. റാമ്പുകൾ, ആക്സസ് ചെയ്യാവുന്ന ടോയ്ലറ്റുകൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ വികലാംഗർക്ക് പ്രത്യേക ക്രമീകരണങ്ങൾ വരെ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.