കരിപ്പൂർ ഹജ്ജ് ഹൗസ്
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉയരാൻ പോകുന്നത് മൾട്ടി പർപ്പസ് ഹജ്ജ് ഹൗസ്. ഹജ്ജ് കാലത്ത് ഹജ്ജ് യാത്രികര്‍ക്കും മറ്റു സമയങ്ങളില്‍ നാടിനും നാട്ടുകാര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിവിധോദ്യേശ്യ കൺവെൻഷൻ സെന്റർ എന്ന നിലയിലാണ് ഹജ്ജ് ഹൗസിന് രൂപം നൽകിയിട്ടുള്ളത്.
ഹജ്ജ് കർമത്തിനായി യാത്ര പുറപ്പെടാനുള്ള എംബാർക്കേഷൻ പോയന്റായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രഖ്യാപിക്കുന്നത് 2023ലാണ്. അതിനുശേഷം മൂന്നുവർഷം തികയും മുമ്പാണ് ഇവിടെ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. കണ്ണൂരിനെ സംബന്ധിച്ചിടത്തോളം കാത്തിരിപ്പ് ഏതുമില്ലാതെയാണ് ഹജ്ജ് ഹൗസ് ഉയരാൻ പോകുന്നത്.
അഞ്ചു നിലകളിലായാണ് നിർമാണം. കിൻഫ്ര വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഒരേക്കർ സ്ഥലം സർക്കാർ ഹജ്ജ് ഹൗസ് നിർമിക്കുന്നതിനായി ഇതിനകംതന്നെ കൈമാറിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും. കൂടാതെ 750 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും നിർമിക്കും.
ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ജീവനക്കാർക്കുള്ള താമസ സൗകര്യം, ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. രണ്ടുപേർക്ക് താമസിക്കാവുന്ന മൂന്ന് മുറികളാണ് ജീവനക്കാർക്കായി ഇവിടെ നിർമിക്കുക. താമസസൗകര്യമുള്ള ഡോർമെറ്ററി സംവിധാനം, പ്രാർഥനക്കുള്ള ഹാൾ എന്നിവയാണ് രണ്ടാം നിലയിൽ ഒരുക്കുക.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യം ഇവിടെയുണ്ടാകും. ഡോർമെറ്ററിയിൽ ഒരേസമയം 300 പേർക്ക് താസിക്കാം. മൂന്നാം നിലയിൽ കോൺഫറൻസ് ഹാളും നാലും അഞ്ചും നിലകളിൽ താമസത്തിനുള്ള സൗകര്യവുമാണ് ഒരുക്കുക. ഹജ്ജുമായി ബന്ധപ്പെട്ട് രണ്ടുമാസമാണ് ഈ സംവിധാനങ്ങൾ വിനിയോഗിക്കുക. അതിനുശേഷം മറ്റു കാലയളവിൽ ജനങ്ങൾക്ക് വാടകക്ക് നൽകും.
വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. 2026 ജനുവരിയിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് ഹൗസ് നോഡൽ ഓഫിസർ എം.സി.കെ. അബ്ദുൽ ഗഫൂർ പറഞ്ഞു.
15 കോടി രൂപയാണ്ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ആവശ്യമായ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തി. ബാക്കി തുക ഹജ്ജ് കമ്മിറ്റി കണ്ടെത്തും. പൂർണമായും എയർ കണ്ടീഷൻ ചെയ്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്.
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഹജ്ജ് കർമത്തിനുള്ള വിശ്വാസികളുമായുള്ള ആദ്യ വിമാനം ഞായറാഴ്ച പുലർച്ചെ പറന്നുയരും. പുലർച്ച 3.45ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് നാലിനാണ് പറന്നുയരുക. 11 മുതൽ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീർഥാടകരുമായി വിമാനം പറക്കുന്നത്. 171 തീർഥാടകരാണ് ഓരോ തവണയും വിമാനത്തിൽ ഉണ്ടാകുക.
ഫ്ലൈറ്റ് പുറപ്പെടുന്നതിന്റെ 12 മുതൽ 18 മണിക്കൂറിനു മുമ്പ് തീർഥാടകർ ഹജ്ജ് ക്യാമ്പിൽ എത്തണം. ഡിപാർച്ചർ ഏരിയയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീർഥാടകർക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ വരെ കുടുംബാംഗങ്ങൾക്കും അവരെ അനുഗമിക്കാം. ബാഗേജ് പരിശോധനക്കു ശേഷം ഹാജിമാരെ പ്രത്യേകം വാഹനത്തിൽ വളന്റിയർമാർ ഹജ്ജ് ക്യാമ്പിലേക്ക് കൊണ്ടുവരും. ഇവിടെയാണ് ഹാജിമാർക്ക് വിശ്രമം, നമസ്കാരം, പ്രാർഥന , ഭക്ഷണം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.