മക്ക: ഈ വർഷത്തെ ഹജ്ജിനെത്തിയ 1,673,100 തീർഥാടകർക്ക് വിവിധ സേവനങ്ങൾ ഒരുക്കാൻ പ്രവർത്തിച്ചത് 420,000 തൊഴിലാളികൾ. വിദേശതീർഥാടകരിൽ ‘മക്ക റോഡ്സ് ഇനിഷ്യേറ്റീവി’ന്റെ പ്രയോജനം ലഭിച്ചത് 314,000 പേർക്കാണെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഹജ്ജ് സ്ഥിതിവിവര റിപ്പോർട്ടിൽ വ്യക്തമാക്കി. ഇപ്പോൾ അവസാനിച്ച ഹജ്ജ് സീസണിൽ സുരക്ഷാരംഗം ഉൾപ്പെടെ മുഴുവൻ വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
ആകെ തീർഥാടകരിൽ 1,506,500 പേർ സൗദിയുടെ പുറത്തുനിന്നുള്ളവരാണ്. ബാക്കി 166,600 തീർഥാടകർ സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശി താമസക്കാരുമാണ്. തീർഥാടകർക്ക് സേവനം നൽകാൻ പ്രവർത്തിച്ച ജീവനക്കാരിൽ 92 ശതമാനം പുരുഷന്മാരാണ്. സ്ത്രീപ്രാതിനിധ്യം ബാക്കി എട്ട് ശതമാനത്തിൽ ഒതുങ്ങി. പുണ്യസ്ഥലങ്ങളിലെ പുരുഷ-വനിതാ വളന്റിയർമാരുടെ എണ്ണം 34,500 ആയി. ഈ വർഷം മക്ക റോഡ് ഇനിഷ്യേറ്റീവിന്റെ ഗുണഭോക്താക്കളുടെ എണ്ണം 314,300 ആയി. ഇത് എട്ട് രാജ്യങ്ങളിൽനിന്നുള്ളവരാണ്. ആ രാജ്യങ്ങളിൽനിന്നുള്ള മൊത്തം തീർഥാടകരുടെ 20.9 ശതമാനം വരുമിത്.
മൊത്തം ആഭ്യന്തര, അന്തർദേശീയ തീർഥാടകരിൽ പുരുഷന്മാർ 877,800 ഉം സ്ത്രീകൾ 795,300 ഉം ആണ്. തീർഥാടകരുടെ എണ്ണം, അവരുടെ വിശദമായ സവിശേഷതകൾ, അവർക്ക് താൽക്കാലികവും സ്ഥലപരവുമായ പരിധിക്കുള്ളിൽ നൽകുന്ന സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആഭ്യന്തര മന്ത്രാലയ രേഖകൾ വിലയിരുത്തിയാണ് അതോറിറ്റി ഹജ്ജ് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ പുറത്തിറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി പിന്തുടർന്നുവരുന്ന സ്ഥിതിവിവരക്കണക്കുകൾക്കനുസൃതമായി ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പട്ടികപ്പെടുത്തുകയും ചെയ്തുവരുന്നത് അടുത്ത ഹജ്ജ് സീസണ് വേണ്ടി ഒരുക്കം നടത്താൻ സഹായിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.