93ാമത് ശിവഗിരി തീർഥാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. കെ.ജി ബാബുരാജൻ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എം.പി,മന്ത്രി എം.ബി. രാജേഷ്, സ്വാമി ശുഭാംഗാനന്ദ, ശ്രീധർ വെമ്പു, എ.വി അനൂപ് തുടങ്ങിയവർ സമീപം
വർക്കല: ശ്രീനാരായണ മന്ത്രധ്വനികളുടെ പശ്ചാത്തലത്തിൽ പീതസാഗരമായി ശിവഗിരിക്കുന്നും താഴ്വാരവും. പഞ്ചശുദ്ധി വ്രതം നോറ്റ് പീത വസ്ത്രങ്ങളും ധരിച്ചെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ചൊവ്വാഴ്ച പുലർച്ചെ 7.30ന് തീർഥാടന നഗരിയുടെ മുറ്റത്തെ കൊടിമരത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തിയതോടെയാണ് 93ആമത് തീർഥാടനത്തിന് തുടക്കമായത്.
ധർമ്മപതാകോദ്ധാരണത്തിന് സാക്ഷികളാകാൻ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ആയിരങ്ങളാണ് തലേദിവസം തന്നെ ശിവഗിരിയിലെത്തിയത്. പതാകോദ്ധാരണ ചടങ്ങിന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗിനന്ദ ഗിരി, മറ്റ് സന്യാസിമാർ, ബ്രഹ്മചാരികൾ, തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വർക്കല: എല്ലാ വിശ്വാസങ്ങൾക്കുമിടയിലുള്ള ഐക്യമാണ് ഇന്ത്യയുടെ കരുത്തെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. 93ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രസ്ഥാനങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഗുരുവിന്റെ വചനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമത്വം, സാഹോദര്യം, നീതി എന്നീ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ശ്രീനാരായണ ഗുരു തീർഥാടനം വിഭാവനം ചെയ്തപ്പോൾ ആചാരങ്ങളോ പാരമ്പര്യമോ മാത്രമല്ല ലക്ഷ്യമിട്ടത്. വിദ്യാഭ്യാസം, ശുചിത്വം, സംഘടന, തൊഴിൽ നൈപുണ്യം, ആത്മാഭിമാനം എന്നിവയിലൂടെയുള്ള ഉണർവാണ് അദ്ദേഹം ലക്ഷ്യംവെച്ചത്.
ശ്രീനാരായണ ഗുരു സമൂഹത്തെ പരിവർത്തനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്നത് മുദ്രാവാക്യമായിരുന്നില്ല, ഒരു ധാർമ്മിക വിപ്ലവമായിരുന്നു. വീണ്ടും വീണ്ടും അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ്. വിശ്വാസത്തിൽ വിശ്വസിച്ച ഗുരു ഒരിക്കലും യുക്തിയെ കൈവിട്ടില്ല.
അന്ധവിശ്വാസത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഗുരു ആരേയും നിശബ്ദനാക്കിയില്ല. ആരേയും തള്ളിപ്പറഞ്ഞതുമില്ല. അദ്ദേഹത്തിന് കാലാതീതമായ സത്യം അറിയാമായിരുന്നു. ഇന്ത്യൻ ജ്ഞാനത്തിന്റെ ദീപ്തമായ മഹാശ്രേണിയിലാണ് ശ്രീനാരായണ ഗുരു നിലകൊണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
തീർഥാടന നഗരിയിൽ ഉയർത്തുന്നതിനായുള്ള ധർമപതാക ശ്രീനാരായണ ഗുരു തീർതൂഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും കോട്ടയം എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിലാണ് ഘോഷയാത്രയായി ശിവഗിരിയിൽ എത്തിച്ചത്.
രാവിലെ ഒൻപതേകാലോടെ പാപനാശത്തേ ഹെലിപാഡിലെത്തിയ ഉപരാഷ്ട്രപതി കനത്ത സുരക്ഷയിൽ റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിമാർ ചേർന്ന് സമാധി മണ്ഡപത്തിൽ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് സമാധി മണ്ഡപത്തിൽ പ്രണമിച്ച് പ്രദക്ഷിണം വച്ച് പ്രസാദവും സ്വീകരിച്ചാണ് അദ്ദേഹം ശിവഗിരി ഗസ്റ്റ് ഹൗസിലും ശേഷം സമ്മേളന വേദിയിലേക്കും എത്തിയത്.
തീർഥാടനത്തിന്റെ ആദ്യ ദിനം തന്നെ വൻ ഭക്തജനത്താരക്കാണ് ശിവഗിരിയിലുണ്ടായത്. ഭക്തജനങ്ങൾ ശാരദാ മഠത്തിലും ഗുരു സഭാമി മണ്ഡപത്തിലും തൊഴുതു വണങ്ങി പ്രസാദവും സ്വീകരിച്ച ശേഷം തീർഥാടന സമ്മേളന പന്തലിലെത്തിയത്. 93 ആമത് ശിവഗിരി തീർഥാടനം ഉൽഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി എത്തുന്നതു പ്രമാണിച്ച് വൻ സുരക്ഷയാണ് ശിവഗിരിയിലും നഗരത്തിലും പോലീസ് ഒരുക്കിയിരുന്നത്. ഇതിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിച്ചെത്തിയ ഭക്തർ പൊലീസിന്റെയും ശിവഗിരിയുടെയും എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് പങ്കെടുത്തത്.
തീർഥാടനം തുടങ്ങുന്നതിനും രണ്ടാഴ്ച മുന്നേ തന്നെ തീർഥാടന കാലം ആരംഭിച്ചിരുന്നു. ഡിസംബർ 15 മുതൽ ആരംഭിച്ച ഭക്തജനത്തിരക്ക് ആദ്യദിവസവും ഉണ്ടായി. സമാധി മണ്ഡപത്തിലും ശാരദാ മഠത്തിലും വലിയ ആൾത്തിരക്കാണുണ്ടായത്. ഗുരുപൂജാ ഹാളിലെ അന്നദാനത്തിലും ഊട്ടുപുരയിലും ആയിരങ്ങളെത്തി ഭക്ഷണവും കഴിച്ചാണ് മടങ്ങിപ്പോയത്.
കഴിഞ്ഞ വർഷം ശിവഗിരിയിലെ ഒരു സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. ശശി തരൂരിനോട്, ശ്രീനാരായണ ഗുരുവിന്റെ ജീവിതവും നവോഥാന പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി ഒരു പുസ്തകം രചിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി അഭ്യർത്ഥിച്ചിരുന്നു. THE LIFE, LESSONS AND LEGECY OF SREE NARAYANA GURU എന്ന് ശീർഷകപ്പെടുത്തിയ പുസ്തകവുമായാണ് ഡോ. ശശി തരൂർ ചൊവ്വാഴ്ച ശിവഗിരിയിലെത്തിയത്. ഈ പുസ്തകം ഉൽഘാടന സമ്മേളനത്തിൽ വച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു. ഗുരുവിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് വേഗത്തിൽത്തന്നെ പുസ്തകം രചിച്ച ശശി തരൂരിനെ സ്വാമി സച്ചിദാനന്ദ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയും ശിവഗിരിയുടെ ആദരം അർപ്പിക്കുകയും ചെയ്തു.
ശിവഗിരി തീർഥാടന പരിപാടികളുടെ കൂട്ടത്തിൽ ഇക്കുറി ശ്രിനാരായണ ദിവ്യ സത്സംഗവും നടന്നു. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ശിവഗിരിയുടെ അവാർഡ് നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാന് സമ്മാനിക്കുന്ന ചടങ്ങും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.