ഇഫ്താർസമയം അറിയിച്ചുകൊണ്ട് സൂഖ് വാഖിഫിലെ പീരങ്കിമുഴക്കം
ദോഹ: അവധിദിനമായ വെള്ളിയാഴ്ച നേരത്തെ തന്നെ ദോഹ സൂഖ് വാഖിഫ് ലക്ഷ്യമാക്കി വെച്ചുപിടിച്ചതാണ് തൃശൂർ സ്വദേശിയായ ഷമീറും കൂട്ടുകാരും. ഷമാലിലെ ജോലിസ്ഥലത്തുനിന്ന് സൂഖിലേക്കുള്ള വരവിൽ ഒറ്റലക്ഷ്യമേയുള്ളൂ. ഖത്തറിൽ വന്ന നാൾ മുതൽ കേൾക്കുന്ന ഈ പീരങ്കിമുഴക്കം നേരിട്ട് കാണണം. നാലു വർഷത്തിലേറെയായി ഖത്തർ പ്രവാസിയാണെങ്കിലും ഇതുവരെ കേട്ടറിഞ്ഞ മാത്രം അറിവാണ് പീരങ്കിമുഴക്കമെന്ന് പറഞ്ഞാണ് ഷമീറും കൂട്ടുകാരും സൂഖ്‍വാഖിഫിലെ ആൾത്തിരക്കിൽ അലിഞ്ഞത്. ലോകം സാങ്കേതികമായി ഒരുപാട് മുന്നേറിയപ്പോൾ ഖത്തർ തങ്ങളുടെ പൈതൃകമായൊരു കീഴ്വഴക്കംപോലെ പിന്തുടരുന്ന റമദാനിലെ പീരങ്കിമുഴക്കം ഇന്ന് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഇനം കൂടിയാണ്.
വ്രതം അവസാനിപ്പിക്കാൻ സമയമായെന്ന് അറിയിച്ചുകൊണ്ട് മഗ്രിബ് ബാങ്ക് വിളി ഉയരുമ്പോൾ മുഴങ്ങിക്കേൾക്കുന്ന പീരങ്കിവെടി കൈവിടാത്തൊരു പാരമ്പര്യമായി തുടരുന്നു. ലൗഡ് സ്പീക്കറും ടെലിവിഷനും ഡിജിറ്റൽ ഗാഡ്ജറ്റ്സുമെല്ലാം ലോകം കീഴടക്കുംമുമ്പ് നോമ്പ് തുറക്കാനും നോമ്പ് നോൽക്കാനും സമയമായെന്ന് വിശ്വാസികളെ അറിയിക്കുന്ന പീരങ്കിമുഴക്കത്തിന് അരനൂറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. കാലം മാറി, സ്മാർട്ട് വാച്ചിലെ ബീപ്പ് ശബ്ദത്തിലൂടെ സമയമറിയുന്ന ലോകമായപ്പോഴും മുറുകെ പിടിക്കുന്ന പൈതൃകകാഴ്ച ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്നൊരു കാഴ്ച കൂടിയാണ്.
ഇഫ്താറിന് മുമ്പായി പീരങ്കി സജ്ജമാക്കുന്ന സൈനിക ഉദ്യോഗസ്ഥർ
മാസപ്പിറ തെളിഞ്ഞ സായാഹ്നത്തിൽ രണ്ട് പീരങ്കിമുഴക്കത്തോടെയാണ് റമദാനെ സ്വാഗതം ചെയ്തത്. മിദ്ഫ ഇഫ്താർ എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നീട്, എല്ലാദിവസങ്ങളിലും മഗ്രിബ് ബാങ്ക് വിളി ഉയരുന്നതിനൊപ്പം ചുറ്റിലും കൂടിയ കാണികളെ സാക്ഷിയാക്കി പീരങ്കിയും മുഴങ്ങുന്നത് ഹൃദ്യമായൊരു കാഴ്ചയായി തുടരുന്നു.
ഖത്തറിൽ അഞ്ചിടങ്ങളിലാണ് സന്ദർശകരെ ആകർഷിക്കുന്ന പീരങ്കിമുഴക്കം ഉയരുന്നത്. സൂഖ് വാഖിഫ്, കതാറ കൾചറൽ വില്ലേജ്, ലുസൈൽ ബൊളെവാഡ്, സൂഖ് അൽ വഖ്റ, ഓൾഡ് ദോഹ എയർപോർട്ട് എന്നിവിടങ്ങൾ. സ്വദേശികളും വിദേശികളും താമസക്കാരുമെല്ലാമായി എല്ലായിടത്തും വലിയൊരു കാഴ്ചക്കാരുടെ നിര തന്നെയുണ്ടാവും. എല്ലാവരും മൊബൈൽ ഫോണിൽ ചിത്രവും വിഡിയോയും പകർത്തി കാത്തിരിക്കുമ്പോൾ, പട്ടാളച്ചിട്ടയിലാണ് ഖത്തർ സായുധസേനാംഗങ്ങൾ പീരങ്കിവെടി മുഴക്കുന്നത്.
പീരങ്കിമുഴക്കത്തിനിടെ കുട്ടികളുടെ പ്രതികരണം
ഒറ്റവെടി മുഴക്കിയാണ് നോമ്പുതുറസമയം അറിയിക്കുന്നത്. പീരങ്കിയുടെ ചുറ്റിലും വേലികെട്ടി സുരക്ഷ ഉറപ്പാക്കിയാണ് റമദാന്റെ അവസാന ദിനം വരെ ഇഫ്താര്‍ സമയം അറിയിച്ച് വെടിയുതിര്‍ക്കുന്നത്. പീരങ്കിയില്‍നിന്ന് വെടിയുതിര്‍ക്കുന്നത് കാണാന്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വലിയൊരുവിഭാഗം ജനങ്ങളും വൈകുന്നേരങ്ങളില്‍ കത്താറയിലും സൂഖിലും എത്തുക പതിവാണ്. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റോടെ സജ്ജമായ ലുസൈൽ ബൊളെവാഡാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. ഖത്തറിന്റെ പുതിയ ആഘോഷവേദിയായ ഇവിടെ ആദ്യമായാണ് പീരങ്കി എത്തിച്ചത്. പുതുതലമുറക്ക് കൗതുകമാണെങ്കിലും പൈതൃകരീതികള്‍ പരിപോഷിപ്പിക്കാനും പുതുതലമുറക്ക് പകര്‍ന്നുനല്‍കാനുമായി ഖത്തര്‍ ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഈ രീതി ഇന്നും തുടര്‍ന്നുപോകുന്നുണ്ട്.
കൗതുകത്തോടെ കാഴ്ചക്കാരായെത്തുന്ന കുട്ടികളെയും കുടുംബങ്ങളെയും സമ്മാനങ്ങളും നോമ്പുതുറ കിറ്റുകളും നൽകിയാണ് വളന്റിയർമാർ വരവേൽക്കുന്നത്.
നോമ്പുതുറ സമയം അറിയിക്കാനായി ലുസൈൽ ബൊളെവാഡിൽ സജ്ജമാക്കിയ പീരങ്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.