തിരുവനന്തപുരം: ബീമാപള്ളി ദർഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് ഞായറാഴ്ച ആരംഭിക്കും. ജനുവരി നാലിന് സമാപിക്കും. നാളെ രാവിലെ എട്ടിന് ചീഫ് ഇമാം സബീർ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകും. തുടർന്ന് പട്ടണ പ്രദക്ഷിണം.
10.30ന് നടക്കുന്ന പ്രാർഥനക്ക് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകും. രാവിലെ 11ന് ജമാഅത്ത് പ്രസിഡന്റ് എ.എൽ. മുഹമ്മദ് ഇസ്മായിൽ പതാക ഉയർത്തും. 25 മുതൽ ജനുവരി മൂന്നുവരെ എല്ലാ ദിവസവും രാത്രി ഏഴുമുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ്, ബുർദ എന്നിവ നടക്കും. മൂന്നുവരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രസംഗവും ഉണ്ടാകും.
25ന് രാത്രി 11.30ന് സുഹൈൽ ഫൈസി കൂരാടും ജനുവരി രണ്ടിന് രാത്രി 11.30ന് ത്വാഹ തങ്ങൾ പൂക്കാട്ടൂരും റാഷിദ് ജൗഹരിയും നയിക്കുന്ന ബുർദ മജ്ലിസ്. സമാപന ദിവസമായ നാലിന് പുലർച്ച ഒന്നിന് പ്രാർഥനക്ക് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബക്കർ ഫൈസി നേതൃത്വം നൽകും.
1.30ന് പട്ടണ പ്രദക്ഷിണം. പുലർച്ച നാലിന് നടക്കുന്ന പ്രാർഥനക്ക് ബീമാപള്ളി ചീഫ് ഇമാം നുജുമുദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനം. ഉറൂസിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ കഴിഞ്ഞദിവസം എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.
ബീമാപള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയായി വരുന്നതായാണ് അധികൃതരുടെ നിലപാട്. കേടായ വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്നത് കെ.എസ്.ഇ.ബിയുടെയും കോർപറേഷന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ബീമാപള്ളിയിലേക്കുള്ള ദിശാ ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലൻസ് സൗകര്യവും ഉണ്ടാകും. പൂവാർ, കിഴക്കേകോട്ട, തമ്പാനൂർ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തും. തീർഥാടകരുടെ വാഹന പാർക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും.
ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് നഗരസഭ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.