അരീക്കോട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്ക് നടത്തിയ സർക്കീട്ട് വയോജന യാത്ര ശ്രദ്ധേയമായി. തിങ്കളാഴ്ച രാവിലെ ആറിന് അരീക്കോട് നിന്ന് പുറപ്പെട്ട യാത്ര പി.കെ. ബഷീർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തിന്റെ 2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽനിന്നും പരമാവധി വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് യാത്ര നടത്തിയത്. 18 ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളുമായി 1000ൽ കൂടുതൽ പേർ യാത്രയിൽ പങ്കെടുത്തു. സംഘം ആദ്യം പൂക്കോട്ട് തടാകത്തിൽ സന്ദർശനം നടത്തി. കാരാപ്പുഴ ഡാമിലും സന്ദർശനം നടത്തി.
വീട്ടകങ്ങളിൽ ഒതുങ്ങിയവർ പാട്ടും ഡാൻസുമായി യാത്രാ ദിവസം ആഘോഷമാക്കി. രാവിലെ പുറപ്പെട്ട രാത്രി ഒമ്പതോടെയാണ് അരീക്കോട് തിരിച്ചെത്തിയത്. 18 ബസ്സിൽ കൂടുതൽ പേരെ യാത്രക്ക് കൊണ്ടുപോകാൻ ഭരണസമിതിക്ക് സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് നൗഷർ കല്ലട പറഞ്ഞു.
യാത്രയിൽ പങ്കെടുത്തവരിൽ അധികവും ആദ്യമായാണ് വയനാട്ടിലെത്തുന്നത്. വയനാട്ടിലെത്തിയ അരീക്കോട് പഞ്ചായത്തിലെ അതിഥികളെ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നേരിട്ട് സ്വീകരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് നാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. സുഹുദ്, വൈപ്പി സുലൈഖ, പഞ്ചായത്ത് അംഗം കെ. സാദിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റുക്ക്സാന, ജൂനിയർ സൂപ്രണ്ട് ജയലത തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.