എരിക്കുളത്തെ സുദർശൻ ചക്രക്കസേരയിലിരുന്ന് പേന നിർമിക്കുന്നു
ഈ പേനകളുടെ അക്ഷരങ്ങൾക്ക് അതിജീവനത്തിന്റെ കരുത്താണ്
നീലേശ്വരം: ഒരു വീഴ്ചയിൽ ജീവിതം മാറ്റിമറിച്ചപ്പോൾ കുടുംബത്തിന്റെ ഉപജീവനത്തിനായി പേന നിർമിച്ച് അതിജീവനത്തിന്റെ കഥ പറയുകയാണ് ഈ യുവാവ്. മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്തെ പി.പി. സുദർശനാണ് ചക്രക്കസേരയിലിരുന്ന് അതിജീവനത്തിന് പേനകൾ നിർമിക്കുന്നത്. മൂന്നുവർഷം മുമ്പ് പെയിന്റിങ് ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ സുദർശന് പിന്നീട് അരക്ക് താഴെ തളരുകയായിരുന്നു. സ്പൈനൽ കോഡിന് ക്ഷതമേറ്റാണ് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. കുടുംബ വരുമാനത്തിന്റെ ഏക ആശ്രയമായിരുന്ന തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ സുദർശൻ വരുമാനമാർഗത്തിനായി ചക്രക്കസേരയിലിരുന്ന് ആദ്യം പേപ്പർ പേനകൾ നിർമിച്ച് തുടങ്ങി.
എന്നാൽ, പേപ്പർ പേനകൾക്ക് വിചാരിച്ച പോലെ വരുമാനം ലഭിച്ചില്ല. പിന്നീട് എല്ലാവരും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകളിലെ വഴിമാറി നിർമാണം തുടങ്ങി. ഇതോടെ വരുമാനം ലഭിക്കാൻ തുടങ്ങി. സ്കൂൾ, കോളജ്, ബാങ്ക്, ക്ലബുകൾ തുടങ്ങി രാഷ്ടീയ സംഘടനകൾ സുദർശന്റെ പേനകൾ വാങ്ങുവാൻ തുടങ്ങിയതോടെ വരുമാനവും വർധിച്ചു. ഇപ്പോൾ പേനകൾ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് മാതാവ് അമ്മറു, ഭാര്യ ജയഭാരതി എന്നിവർ പൂർണ പിന്തുണയുമായി രംഗത്തുണ്ട്. മക്കളായ നാലാം ക്ലാസുകാരൻ ധ്രുവിൻ മാധവും ഒന്നാം ക്ലാസുകാരൻ ഇവാൻ കൃഷ്ണയും സഹായത്തിന് ഒപ്പുണ്ട്. ഒരു പേനയെങ്കിലും വാങ്ങിക്കൽ അത് എന്റെ കുടുംബത്തിന്റെ ഉപജീവനത്തിന് മുതൽക്കൂട്ടാകുമെന്ന് സുദർശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.