ഡോക്ടറാകണമെന്ന സ്വപ്നം, പഠനത്തിനിടയിലും കോൺക്രീറ്റ് പണിക്കിറങ്ങി, ഇന്ന് കൈകളിൽ സ്റ്റെതസ്കോപ്പ്; ഇർഷാദിന്റെ സ്വപ്നയാത്ര

സ്വപ്നം കണ്ടത് ഡോക്ടറാകാൻ, പക്ഷേ ആ സ്വപ്നത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. പഠനച്ചെലവിനായി കോൺക്രീറ്റ് പണിക്ക് പോയി പണം കണ്ടെത്തിയ മലപ്പുറം കാളികാവ് സ്വദേശി ഡോ. ഇർഷാദ് അലി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയിരിക്കുകയാണ്. ബിഎഎംഎസ് പഠനത്തിന് ശേഷം വീണ്ടും എൻട്രൻസ് എഴുതി മെഡിക്കൽ പഠനത്തിലേക്ക് എത്തിയ ഇർഷാദിന്റെ ജീവിതകഥ പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യത്തിലെത്തിയ പോരാട്ടത്തിന്റേതാണ്.

പഠനത്തിൽ മുന്നിട്ടുനിന്നിരുന്നില്ലെങ്കിലും ജയിക്കാനുള്ള മാർക്ക് ലക്ഷ്യം വച്ചാണ് ഇർഷാദ് പഠിച്ചത്. പ്ലസ് ടുവിന് ശേഷം എന്തെന്നുള്ള ചോദ്യം ഇർഷാദിനെ അലട്ടിക്കൊണ്ടിരുന്നു. ആദ്യമൊക്കെ എന്തെങ്കിലും ജോലി കിട്ടുന്ന മേഖല തിരഞ്ഞെടുക്കണമെന്നായിരുന്നു മനസ്സിൽ.

ഇർഷാദിന് മൂന്ന് അനിയൻമാരാണുള്ളത്. ഉപ്പ അബ്ദുൽ അസീസിന്റെ നാട്ടിലെ ചായക്കടയായിരുന്നു ഉപജീവനമാർഗം. തന്റെ ആഗ്രഹം പോലെ എം.ബി.ബി.എസിന് പോയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെയാകുമെന്ന ചിന്തയായിരുന്നു ഇർഷാദിന്റെ മനസ്സിൽ. എന്നാൽ പിന്നീടാലോചിച്ചപ്പോൾ തന്നേക്കാളുപരി വീട്ടുകാരും താൻ മെഡിസിന് പോകണമെന്ന് ആഗ്രഹിക്കുന്നതായി ഇർഷാദ് മനസ്സിലാക്കി. നാട്ടിലെ സുഹൃത്തായ ഒരു ഡോക്ടറുടെ പിൻബലം കൂടെ കിട്ടിയതോടെ ഇർഷാദ് അങ്ങനെയാണ് എൻട്രൻസിനായി ഒരുങ്ങിയത്.

എൻട്രൻസ് എഴുതി പ്രവേശനം നേടിയതോടെ പഠനച്ചെലവുകളെല്ലാം എങ്ങനെ കണ്ടെത്തുമെന്ന ചിന്തയായി. എന്തെങ്കിലും ജോലി ചെയ്ത് സ്വന്തമായി പണം കണ്ടെത്തണമെന്ന തീരുമാനത്തോടെ ജോലിയും അന്വേഷിക്കാൻ തുടങ്ങി. പഠനത്തോടൊപ്പം കൊണ്ടുപോകാവുന്നതും അല്ലാത്തതുമായ പല ജോലികളും ചെയ്തു. ഫീസിനായുള്ള പണം വായ്പയായി എടുക്കുകയായിരുന്നു. ഷൊർണൂർ ആയുർവേദ മെഡിക്കൽ കോളജിലായിരുന്നു ബി.എ.എം.എസ് പഠനം. ഹോസ്റ്റൽ ഫീസും മറ്റ് ചെലവുകളും വെല്ലുവിളിയായപ്പോൾ അധ്വാനിച്ച് പഠിത്തവും ജോലിയും ഒരുപോലെ ഇർഷാദ് കൊണ്ടുപോയി.

കോൺക്രീറ്റ് ജനലുകളും കട്ടിളകളും നിർമിച്ച് വിൽക്കുന്ന ഒരു യൂണിറ്റിൽ ആദ്യം ജോലി ചെയ്തു. അവിടെ സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന മുജീബ് എന്നയാളുമായുള്ള കണ്ടുമുട്ടൽ പിന്നീട് വഴിത്തിരിവായി. ബി.എ.എം.എസിന് അഡ്മിഷൻ ലഭിച്ച കാര്യമൊന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ കഠിനമായി ജോലി ചെയ്യുന്നത് കണ്ട മുജീബ് പഠിച്ച് രക്ഷപ്പെടാൻ നോക്കണമെന്നും ഇതുമായി മുന്നോട്ടുപോയാൽ ഇങ്ങനെ തന്നെ പോകേണ്ടിവരുമെന്നും പറഞ്ഞു.

തുടർന്നാണ് തന്റെ കാര്യങ്ങളെല്ലാം മുജീബിനോട് പറഞ്ഞത്. ജോലി ചെയ്താണ് പഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ മുജീബിനും ഏറെ സന്തോഷമായി. അവധി ദിവസങ്ങളിൽ ജോലി ചെയ്യാൻ കൂടുതൽ അവസരങ്ങളും ഇർഷാദിന് ഒരുക്കിക്കൊടുത്തു. തന്റെ കഠിനാധ്വാനത്തിനിടയിൽ ഇർഷാദ് മനസ്സിലാക്കിയ ഒരു പാഠമുണ്ടായിരുന്നു — മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ ഒഴുക്കുന്ന വിയർപ്പിന്റെ വില. വിയർപ്പിൽ കുതിർന്ന ഷർട്ടുമായാണ് പലപ്പോഴും ജോലി സ്ഥലങ്ങളിൽനിന്ന് മടങ്ങിയിരുന്നത്. പഠനത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. മക്കളെ വളർത്താൻ മാതാപിതാക്കൾ എടുക്കുന്ന കഷ്ടപ്പാടിന്റെ വലുപ്പവും അന്നാണ് കൂടുതൽ മനസ്സിലായത്. തന്റെ പഠനം പൂർത്തിയാകുന്നതുവരെ വിവിധ ജോലികൾ ചെയ്താണ് ഇർഷാദ് മുന്നോട്ടുപോയത്.

ഒരിക്കൽ പഠനച്ചെലവിനായി കോൺക്രീറ്റ് പണിക്ക് പോയ അതേ കൈകളിൽ ഇന്ന് സ്റ്റെതസ്കോപ്പെത്തിയിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും ലക്ഷ്യത്തിൽനിന്ന് പിന്നോട്ടുപോകാതെ അധ്വാനിച്ചാൽ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാമെന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ഇർഷാദിന്റെ ജീവിതം.

 
Tags:    
News Summary - Concrete Worker to Doctor: Irsad Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.