ഡയാന രാജകുമാരി
ദശകങ്ങൾ കഴിഞ്ഞിട്ടും മങ്ങാത്ത ഫാഷൻ; ഡയാന രാജകുമാരിയുടെ പ്രശസ്തമായ 'റിവഞ്ച് ഡ്രസ്' വീണ്ടും ലേലത്തിന്
ഡയാന രാജകുമാരിയുടെ ലോകപ്രശസ്തമായ 'റിവഞ്ച് ഡ്രസ്' ഡിസംബറിൽ വീണ്ടും ലേലത്തിന് എത്തുന്നു. വോഗ് മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 9ന് ന്യൂയോർക്കിൽ സോതെബീസിന്റെ പ്രത്യേക ഫാഷൻ സായാഹ്ന ലേലത്തിലാണ് ഈ കറുത്ത സിൽക്ക് വസ്ത്രം പ്രധാന ആകർഷണമാകുന്നത്. 150,000 ഡോളർ മുതൽ 300,000 ഡോളർ വരെയാണ് (ഏകദേശം 1.4 കോടി മുതൽ 2.8 കോടി രൂപ വരെ) ഈ വസ്ത്രത്തിന്റെ ലേലത്തുക പ്രതീക്ഷിക്കുന്നത്. ലേലത്തിന് മുന്നോടിയായി ലണ്ടൻ, ഹോങ്കോങ്, ജനീവ എന്നീ നഗരങ്ങളിൽ ഈ വസ്ത്രം പൊതുപ്രദർശനത്തിന് വെക്കും.
1994 ജൂണിൽ ലണ്ടനിലെ സർപെന്റൈൻ ഗാലറിയിൽ നടന്ന വാണിറ്റി ഫെയർ പാർട്ടിയിലാണ് ഡയാന ഈ കറുത്ത ഓഫ്-ഷോൾഡർ വസ്ത്രം ധരിച്ച് എത്തിയത്. ഡയാനയുടെ ഭർത്താവായിരുന്ന പ്രിൻസ് ചാൾസ് തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഒരു ടെലിവിഷൻ അഭിമുഖം സംപ്രേക്ഷണം ചെയ്ത അതേ ദിവസമായിരുന്നു ഈ സംഭവം. തുടക്കത്തിൽ മറ്റൊരു വസ്ത്രം ധരിക്കാനായിരുന്നു ഡയാന പ്ലാൻ ചെയ്തിരുന്നതെങ്കിലും അവസാന നിമിഷം ആ തീരുമാനം മാറ്റുകയായിരുന്നു.
ക്രിസ്റ്റീന സ്റ്റാംബോലിയൻ ഡിസൈൻ ചെയ്ത ഈ വസ്ത്രം മൂന്ന് വർഷമായി ഡയാനയുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും, ഇത് ധരിക്കാൻ മാത്രം ധൈര്യമില്ല എന്ന കാരണം അവർ അത് ഇതുവരെ പൊതുവേദിയിൽ ധരിച്ചിരുന്നില്ല. എന്നാൽ അന്നത്തെ വ്യക്തിപരമായ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഫാഷനെ എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു ഡയാനയുടെ ഈ വരവ്. പിന്നീട് ഈ വസ്ത്രം 'റിവഞ്ച് ഡ്രസ്' എന്ന പേരിൽ ലോകപ്രശസ്തമായി മാറുകയായിരുന്നു.
സർപെന്റൈൻ ഗാലറിയിൽ ധരിച്ചതിന് ശേഷം ഡയാന ഈ വസ്ത്രം പിന്നീട് പൊതുവേദികളിൽ ധരിച്ചിട്ടില്ല. തുടർന്ന് 1997ൽ കാൻസർ, എയ്ഡ്സ് രോഗികളുടെ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കായി തന്റെ മറ്റ് 78 ഗൗണുകൾക്കൊപ്പം ഡയാന ഈ വസ്ത്രവും ലേലത്തിന് വെച്ചിരുന്നു. അന്ന് സ്കോട്ടിഷ് വ്യവസായിയായ ഗ്രഹാം മാക്കെൻസിയാണ് ഈ വസ്ത്രം സ്വന്തമാക്കിയത്.
പിന്നീട് 2023ൽ സോതെബീസിൽ നടന്ന ലേലത്തിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുകയും 604,800 ഡോളറിന് വിറ്റുപോവുകയും ചെയ്തു. വരാനിരിക്കുന്ന ഡിസംബർ ലേലത്തിലും ഒരു ചാരിറ്റി ലക്ഷ്യമുണ്ട്. ലേലത്തിൽ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം റോയൽ ഹോസ്പിറ്റൽ ഓഫ് എഡിൻബറയുടെ എൻ.എച്ച്.എസ് ലോത്തിയൻ ചാരിറ്റിക്ക് സംഭാവനയായി നൽകും.
ഡയാനയും ചാൾസും തമ്മിലുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളും, തുടർന്ന് 1992ൽ പ്രഖ്യാപിച്ച വേർപിരിയലും, 1996ലെ വിവാഹമോചനവുമെല്ലാം ഈ വസ്ത്രത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ദശകങ്ങൾ കഴിഞ്ഞിട്ടും വെറുമൊരു ഫാഷൻ വസ്ത്രം എന്നതിലുപരി പ്രിൻസസ് ഡയാനയുടെ ആത്മവിശ്വാസത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി ഈ 'റിവഞ്ച് ഡ്രസ്' ഇന്നും ഓർമിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.