കഴിഞ്ഞ കുറേ കാലമായി പ്രകാശന്റെ വീട്ടിൽ പതിവ് തെറ്റാതെ വിരുന്ന് വരുന്ന ചിലരുണ്ട്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ പതിനൊന്ന് വർഷമായി മാളിക്കടവ് ചനാരീതാഴത്ത് പ്രകാശന്റെ വീട്ടിൽ പനന്തത്ത കൂട്ടം വിരുന്നുവരാൻ തുടങ്ങിയിട്ട്. ആദ്യം ഒരാൾ വരും പിന്നെ അത് പത്താവും നൂറാവും. അങ്ങനെ മുന്നൂറിലധികം തത്തകളാണ് രാവിലെയും വൈകുന്നേരങ്ങളിലും അന്നം തേടി പ്രകാശന്റെ വീട്ടിലെത്തുന്നത്. വർഷം തോറും അതിഥികളുടെ എണ്ണവും കൂടിവരുകയാണ്.
രാവിലെ ആറരയോടെ തത്തകളെത്തും. അതിനു മുമ്പ് കഴുകിവൃത്തിയാക്കിയ നെല്ല് വിളമ്പി പ്രകാശൻ ചൂളം വിളിക്കും. അത് കേൾക്കുന്നതും മറുപടിയെന്നോണം ചില ശബ്ദങ്ങൾ തത്തകളുണ്ടാക്കും. പിന്നെ കൂട്ടത്തോടെ പറന്നെത്തും, വയർ നിറക്കും. നെല്ലിനൊപ്പം പയറും പഴവും എല്ലാം ഭക്ഷണമായി തത്തകൾക്ക് ഇവർ നൽകാറുണ്ട്. ഭാര്യ പ്രമീളയും മക്കളും കൊച്ചുമക്കളുമെല്ലാം തത്തക്ക് ഭക്ഷണവുമായി പ്രകാശനൊപ്പമുണ്ടാകും. വൈകുന്നേരങ്ങളിലും ഇതുപോലെ പ്രകാശൻ അന്നം വിളമ്പുന്നതും നോക്കി ചുറ്റിലുമുള്ള മരക്കൊമ്പുകളിൽ അവ കാത്തിരിക്കും.
ഓണം, വിഷു, പെരുന്നാൾ അങ്ങനെ ആഘോഷ ദിവസമാകട്ടെ കേമമാണ് ഭക്ഷണം. ഇലയിട്ട് പതിനാറു തരം വിഭവങ്ങളോടെയാണ് അന്ന് സദ്യ. എല്ലാ ആഘോഷങ്ങളും തത്തകളോടൊപ്പമാണ് പ്രകാശനും കുടുംബവും കൊണ്ടാടുന്നത്. പ്രകാശൻ ഇല്ലാത്ത നേരങ്ങളിൽ ഭാര്യ പ്രമീളയാണ് തത്തകൾക്ക് അന്നമൂട്ടുന്നത്. ഈ കുടുംബം വീട്ടിലില്ലാത്തപ്പോഴും തത്തകൾക്കുള്ള അന്നം മുടങ്ങാറില്ല. ഓടിയെത്തി ഒരു കുറവുമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ഒരുകൂട്ടം അയൽക്കാരുമുണ്ട് ഇവിടെ. ഒരു പരാതിയുമില്ലാതെ അവർ പ്രകാശനെപ്പോലെ തത്തകൾക്ക് അന്നം വിളമ്പും.
പ്രകാശനും ഭാര്യ പ്രമീളയും
ഈ തത്തകൾ അതിഥികളായതിനു പിന്നിലൊരു കഥയുണ്ട്. പണ്ട് മണിക്കുട്ടിയെന്ന് പേരിട്ടു വിളിച്ച, കൂട്ടിലിട്ടു വളർത്തിയ ഓരോമന തത്തയുണ്ടായിരുന്നു പ്രകാശന്. ഇളയമോളുടെ ആഗ്രഹപ്രകാശം തൃശൂരിൽനിന്നും കൊണ്ടുവന്ന മണിക്കുട്ടിയെ കണ്ടാണ് ആദ്യം തത്തകൾ വരാൻതുടങ്ങിയത്.
മണിക്കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് വരുന്ന തത്തകൾക്കും അന്ന് പ്രകാശൻ ഭക്ഷണം കൊടുക്കാൻ തുടങ്ങി. ഒരിക്കൽ പ്രകാശനും കുടുംബവും പുറത്തു പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കൂട് മാത്രമാണ്. മണിക്കുട്ടി ഇല്ലായിരുന്നു. എവിടെ പോയെന്നോ എന്ത് പറ്റിയെന്നോ ആർക്കും അറിയില്ല. അതോടെ മണിക്കുട്ടിയെയും അവളുടെ ഭക്ഷണത്തെയും തേടിയെത്തിയ തത്തകളും ഇനി വരില്ലെന്ന് പ്രകാശൻ കരുതി. പക്ഷേ, തത്തക്കൂട്ടം പതിവ് തെറ്റാതെ കാലത്തുതന്നെ എത്തി. പിന്നെ അതൊരു ശീലമായി മാറി.
പണ്ട് പുഞ്ചപ്പാടങ്ങളിലെ സ്ഥിരം സാന്നിധ്യമായ തത്തകളെ ഇന്ന് അധികം കാണാറില്ല. വയലുകളും കൃഷിയിടങ്ങളും കുറഞ്ഞതോടെയായിരിക്കാം ഇവർ അന്നം തേടി വീട്ടുമുറ്റത്തെത്തുന്നതെന്നാണ് ഈ കുടുംബം പറയുന്നത്. പ്രകാശന് ഇവർ സ്വന്തം കുടുംബം തന്നെയാണ്. പ്രകാശന്റെ വീടിനുപോലും ഇപ്പോൾ പച്ച നിറമാണ്. തത്തകൾക്ക് ഇത് അവരുടെ വീടുകൂടിയായി തോന്നട്ടെ എന്ന് പ്രകാശൻ. എന്നും രാവിലെയും വൈകുന്നേരങ്ങളിലും പ്രകാശന്റെ വീട്ടിൽ തത്തക്കൂട്ടങ്ങളെ കാണാൻ കുട്ടികളടക്കം നിരവധി പേരാണ് എത്തുന്നത്. ഈ തത്തകൾക്കിടയിൽ തന്റെ മണിക്കുട്ടിയുമുണ്ടെന്നാണ് പ്രകാശന്റെ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.