സാഹോദര്യത്തിന്റെ സന്യാസരൂപൻ

‘ഒരു പീഡ ഉറുമ്പിനും വരുത്തരുത്...’ എന്ന് പറയാൻ എളുപ്പമാണ്. അത് ജീവിതത്തിന്‍റെ ഭാഗമാക്കുക തീർച്ചയായും പ്രയാസമാണ്. ഈ വാക്കിനെ ചേർത്തുപിടിച്ച് സാഹോദര്യത്തിന്‍റെ സന്യാസരൂപനായി ഈ മലയാള മണ്ണിൽനിന്ന് വിടവാങ്ങിയിരിക്കയാണ് മുനി നാരായണ പ്രസാദ്. ശരിക്കുമിപ്പോൾ മലയാളിക്ക് നഷ്ടമായത് സഹോദര്യത്തിന്‍റെ സന്യാസരൂപനെയാണ്. ഇത്രമേൽ അപരനെ ചേർത്തുപിടിക്കുന്നതിനെക്കുറിച്ച് പറഞ്ഞ മറ്റൊരു കാഷായ ധാരിയുണ്ടോ? ഇല്ലെന്ന് ഈ 2026ൽ നിസ്സംശയം പറയാം. അതാണ് മുനി നാരായണ പ്രസാദ് വിടവാങ്ങുേമ്പാൾ ഏവർക്കും എന്‍റെ സ്വന്തമെന്നപോലെ പറയാൻ കഴിയുന്നത്. അത്രമേൽ ജീവിതം കൊണ്ട് മനുഷ്യത്വം പഠിപ്പിച്ച ഒരാൾ... അതാണ് മുനി നാരായണ പ്രസാദ്. പകരം വെക്കാനില്ലാത്ത, സമാനതകളില്ലാത്ത ജീവിതത്തിനുടമ. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യപരമ്പരയിലെ ഏറ്റവും ശ്രദ്ധേയനായ സന്യാസി. ജീവിതം മുഴുവന്‍ മനുഷ്യന്‍റെ ആത്മീയ ഉണർവിനും സമൂഹത്തിന്‍റെ ധാര്‍മികതക്കുമായി സമര്‍പ്പിച്ച വ്യക്തിത്വം.

മതങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ ഏകത്വത്തിലാണ് മുനി ഊന്നല്‍ നല്‍കിയത്. ജാതി, മത, വര്‍ഗ വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ഒരാൾ, ആത്മീയതയെ ജീവിതാനുഭവമായി കാണണമെന്നും ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കണമെന്നുമുള്ള ദർശനം മുന്നോട്ടുവെച്ച സന്യാസി. നിത്യചൈതന്യയതി തുടങ്ങിയവരുള്‍പ്പെടുന്ന നടരാജഗുരുവിന്‍റെ ശിഷ്യപരമ്പരയില്‍ പ്രമുഖനാണ് ഗുരു മുനിനാരായണ പ്രസാദ്. ഡോ. പല്പുവിന്റെ മകനും നാരായണഗുരുവിന്റെ ശിഷ്യനുമായ നടരാജഗുരു ശ്രീനാരായണ ദര്‍ശനം പ്രചരിപ്പിക്കാനായി തുടക്കമിട്ട നാരായണഗുരുകുലപ്രസ്ഥാനത്തിന് നേതൃത്വം നല്‍കി ഗുരു മുനി നാരായണപ്രസാദ് സ്വയം പ്രകാശമായി. വിദേശത്തും സ്വദേശത്തുമായി നിരവധി കേന്ദ്രങ്ങള്‍ നാരായണഗുരുകുലത്തിനുണ്ട്. വര്‍ക്കല ശ്രീനിവാസപുരത്തുള്ള നാരായണഗുരുകുല കേന്ദ്രമാണ് ആസ്ഥാനം. നാരായണഗുരുവിന്‍റെ ചിന്തയെ പഠിച്ചും ലളിതമായി വ്യാഖ്യാനിച്ചും ധ്യാനിച്ചും മനനം ചെയ്തും മുനി നാരായണപ്രസാദ് വര്‍ക്കലയിലുണ്ടായിരുന്നു. അടുത്തെത്തുന്നവരെ ചെറുചിരിയോടെ സ്വീകരിച്ച് മതം വെറുപ്പല്ല, സ്നേഹമാണ് എന്ന് ആവർത്തിച്ച് എല്ലാറ്റിലും ശരിയുണ്ടെന്ന് ശങ്കയൊന്നുമില്ലാതെ പറഞ്ഞ് മുനി നാരായണ പ്രസാദ് ഇവിടെ ജീവിച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ തന്‍റെ ജീവിതമെന്ന് അക്ഷരാർഥത്തിൽ തെളിയിച്ച് മടങ്ങി. കാഷായത്തിനൊപ്പം ശൂലം പിടിച്ച് ഭീകരതയുടെ മുഖമാകാൻ എളുപ്പമായിരുന്നിട്ടും മുനി നാരായണ പ്രസാദ് പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. ഗുരു എന്താണെന്ന് ജീവിതം കൊണ്ട് അനുഭവിപ്പിച്ചു.

പ്രസാദിൽനിന്ന് മുനി നാരായണനിലേക്ക്

1938 ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ ജി. മാധവന്‍റെയും നാരായണിയുടെയും മകനായിട്ടാണ് ജനനം. എം.എൻ. പ്രസാദ് എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. കേരള സര്‍ക്കാറിന്‍റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്ത അദ്ദേഹം തത്ത്വചിന്തകളും സന്യാസ ജീവിതവും ചെലുത്തിയ സ്വാധീനത്തിനൊടുവില്‍ 1968ല്‍ ജോലിയില്‍നിന്ന് രാജിവെച്ചു. ബാല്യകാലം മുതലേ തത്ത്വചിന്തയിലും ഭാഷാപഠനത്തിലും വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാരായണ ഗുരുവിന്റെ ആശയങ്ങളോടും ദര്‍ശനങ്ങളോടും തോന്നിയ അടങ്ങാത്ത താൽപര്യമാണ് ജീവിതത്തിലെ വഴിത്തിരിവായത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ഗുരുവിന്റെ സന്ദേശം എന്നും ചിന്തകളുടെ അടിത്തറയായി. 1970ല്‍ ആത്മീയ പഠനത്തില്‍ കൂടുതല്‍ ആഴം നേടുന്നതിനായി നടരാജ ഗുരുവിന്‍റെ ശിക്ഷ്യനായി നാരായണ ഗുരുകുലത്തില്‍ ചേർന്നു. ആത്മീയജീവിതത്തിലേക്ക് മുഴുവനായി പ്രവേശിച്ചു. 1999ല്‍ നാരായണ ഗുരുകുലത്തിലെ മുഖ്യ ഗുരുവായി. അതിനെത്തുടര്‍ന്ന് ‘മുനി’ എന്ന ബിരുദവും നാരായണ പ്രസാദിന് ലഭിച്ചു.

പയ്യന്നൂർ ഏഴിമലയിൽ 1970ൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്‍റെ സംഘാടകനായി. 1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായി. 1987 ഫെബ്രുവരിയിൽ മോസ്കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു. 1985ൽ ഗുരു നിത്യചൈതന്യയതിയിൽനിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. 1999ൽ യതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി.

ഗുരുപകർന്ന വെളിച്ചം

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് നാരായണ ഗുരു ഫൗണ്ടേഷന്‍ എന്ന ആത്മീയ-ബൗദ്ധിക കേന്ദ്രം തുടങ്ങുന്നത്. തത്ത്വചിന്ത, ഉപനിഷത്തുകള്‍, ഗുരുദര്‍ശനം എന്നിവയില്‍ ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ഗുരുവിന്‍റെ കാഴ്ചപ്പാടുകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത് പ്രഭാഷണം നടത്തി. ഗുരു ഏതെങ്കിലും ജാതിക്കുവേണ്ടിയോ മതത്തിനുവേണ്ടിയോ സമുദായത്തിനുവേണ്ടിയോ ചിന്തിച്ചയാളല്ലെന്ന് മുനി നാരായണ പ്രസാദ് പറഞ്ഞുകൊണ്ടേയിരുന്നു. ആ വാക്കുകളിങ്ങനെ: ഗുരു ഒരു ജാതി, ഒരു ദൈവം എന്നു പറഞ്ഞു. ആര്‍ക്ക്? മനുഷ്യന്. മനുഷ്യന് എന്നാണ് പറഞ്ഞത്. മനുഷ്യന്‍ എന്നാല്‍, കേരളത്തിലുള്ളവര്‍ എന്നാണോ അർഥം? ലോകത്തിലുള്ള എല്ലാവരും മനുഷ്യരല്ലേ? എല്ലാ മനുഷ്യരെയും സംബന്ധിക്കുന്ന സത്യമല്ലേ ഗുരു പറഞ്ഞത്? ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതി കണ്ടിട്ടാണ് ഗുരു അങ്ങനെ പറഞ്ഞത് എന്നറിയണം. ഗുരു അങ്ങനെ പറഞ്ഞത് ഒരു സത്യത്തെ വെളിപ്പെടുത്താനാണ്. ഒരു തത്ത്വമാണു പറഞ്ഞത്. പക്ഷേ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ പശ്ചാത്തലം മാത്രം കണക്കാക്കിക്കൊണ്ട്, ഗുരു അങ്ങനെ പറയാനിടയായ സാഹചര്യം മാത്രം വെച്ചുകൊണ്ട്, പല ജാതിക്കാരുടെയും ഇടയിലുണ്ടായിരുന്ന ആചാരമൊക്കെ വെച്ചുകൊണ്ട്, ഇവിടത്തെ ജാതിസമ്പ്രദായം, ജാതിവിവേചനം ഇതൊക്കെ വെച്ചുകൊണ്ട്, ഗുരുവിനെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ ചിലര്‍ക്കു തോന്നി ഗുരു ഒരു പ്രത്യേക ജാതിയുടെ ആളാണെന്ന്. നാരായണഗുരു അങ്ങനെ പ്രത്യേകിച്ച് ഒരാളുടെയും ആളായിരുന്നില്ല. എന്നാല്‍, എല്ലാവരുടെയും ആളായിരുന്നു. ഗുരുവിനെ ഓരോ കൂട്ടര്‍ അവരവരുടെ ആളായി അവരോധിക്കും. രാഷ്ട്രീയക്കാര്‍ക്ക് നവോത്ഥാന നായകനായി. അധഃസ്ഥിതര്‍ക്കുവേണ്ടി സംസാരിച്ചതുകൊണ്ട് അധഃസ്ഥിതരുടെ ആളായി. അധഃസ്ഥിതര്‍ മിക്കവാറും തൊഴിലാളിവര്‍ഗത്തില്‍ പെട്ടവരായതുകൊണ്ട് തൊഴിലാളി നേതാവായി. ഇനിയും മറ്റു ചിലര്‍ക്കു തോന്നി ഗുരു ഒരു പ്രത്യേക ജാതിയുടെ ആളാണെന്ന്. ശരിക്കു പറഞ്ഞാല്‍ ഗുരു മനുഷ്യരെയാണ് സ്‌നേഹിച്ചത്. അവര്‍ക്കുവേണ്ടിയാണ് സത്യം പറഞ്ഞത്. എല്ലാ മനുഷ്യരെയും സ്‌നേഹിച്ചതില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. അവര്‍ക്കു തോന്നി ഗുരു തങ്ങളുടെ ആളാണെന്ന്. ഗുരു സ്‌നേഹിച്ച മനുഷ്യരില്‍ അധഃകൃതരുമുണ്ടായിരുന്നു. അവരോട് അത്യധികമായ അനുകമ്പ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ക്കു തോന്നി ഗുരു അവരുടെ ആളാണെന്ന്. ഗുരുവിന്റെ അടുത്തു വന്നുകൂടിയവരില്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളുകളായിരുന്നു അധികം. അവരുടെ അധഃസ്ഥിതാവസ്ഥയില്‍ ഉന്നതിക്കുവേണ്ട ചില മാര്‍ഗനിര്‍ദേശങ്ങള്‍ താൽപര്യപൂര്‍വം ഗുരു നല്‍കി. അതുകൊണ്ട് അവര്‍ക്കും തോന്നി ഗുരു അവരുടെ സമുദായഗുരുവാണെന്ന്. അവര്‍ ഇതിനൊക്കെ ഓരോ യുക്തി പറയും. ഇങ്ങനെ ഓരോ യുക്തി പറഞ്ഞുകൊണ്ട് ഗുരുവിനെ ഓരോ വിഭാഗക്കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരു അവിടെയിരുന്നു പറയും: പലവിധ യുക്തി പറഞ്ഞ് പാമരന്മാര്‍ അലവതു കണ്ട് അലയാതെ അമര്‍ന്നിടേണം. നാരായണഗുരുവാകട്ടെ, തനിക്കു പറയാനുള്ളതെല്ലാം ഒരു സംശയത്തിനും ഇടവരുത്താതെ നല്ല ഭാഷയില്‍ വ്യക്തമായി എഴുതിവെച്ചു. മാത്രമല്ല, എഴുതിവെച്ചതില്‍നിന്ന് എന്തെങ്കിലും എടുത്തുമാറ്റാനോ, ഇനി ഒരു ശ്ലോകംകൂടി എഴുതിച്ചേര്‍ക്കാനോ സാധ്യമല്ലാത്ത വിധമാണ് ആ എഴുത്ത്. ഇങ്ങനെ എഴുതിവെക്കുന്ന കൂട്ടത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒരു സമുദായത്തോട് താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹം അതെഴുതുമായിരുന്നു. അങ്ങനെയൊരു പരാമര്‍ശം എങ്ങുമില്ല. ഇതായിരുന്നു മുനി നാരായണ പ്രസാദിന്‍റെ എക്കാലത്തെയും നിലപാട്. താനറിഞ്ഞ ഗുരുവിനെ മരണം വരെ ജീവശ്വാസം പോലെ കൊണ്ടുനടന്നു.

സാഹിത്യ സംഭാവനകള്‍

ഉപനിഷത്തുകള്‍, ഭഗവദ്ഗീത തുടങ്ങിയവക്ക് മലയാളത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനമെഴുതിയ മുനി നാരായണപ്രസാദ് നാരായണഗുരുവിന്‍റെ എല്ലാ കൃതികളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ബേസിക് ലെസണ്‍സ് ഓണ്‍ ഇന്‍ഡ്യാസ് വിസ്ഡം, ഫങ്ഷണല്‍ ഡെമോക്രസി എ ഫെയ്‌ലര്‍ ഇന്‍ ഇന്‍ഡ്യ, ദ ഫിലോസഫി ഓഫ് നാരായണഗുരു, അറിവിന്‍റെ കളിമുറ്റം, യുവദര്‍ശനം തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി 130 ഓളം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്.

2015ല്‍ ‘സൗന്ദര്യ ലഹരി’ എന്ന വിവര്‍ത്തനത്തിന് മികച്ച വിവര്‍ത്തന രചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 മുതൽ 1989 വരെ നാരായണ ഗുരുകുലത്തിന്‍റെ മുഖപത്രമായ ‘ഗുരുകുലം’ ദാർശനിക മാസികയുടെ പത്രാധിപർ സ്ഥാനം വഹിച്ചു. 2024ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായ മുനി നാരായണപ്രസാദ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലും പര്യടനം നടത്തി, വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ശരിക്കും പകരക്കാരനില്ലാതെ മടങ്ങിയിരിക്കുകയാണിപ്പോൾ...

Tags:    
News Summary - The monastic form of brotherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 06:18 GMT