സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന കാമറകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരുടെ കുട്ടികളെയാണ്. എന്നാൽ, രാജ്യത്തെ ഏറ്റവും പ്രശസ്ത സെലിബ്രിറ്റി ദമ്പതിമാരായ വിരാട് കോഹ്‍ലിയും അനുഷ്‍ക ശർമയും തങ്ങളുടെ കുഞ്ഞുങ്ങളെ ഈ കാമറക്കണ്ണിൽനിന്ന് ബോധപൂർവം സംരക്ഷിച്ചുവരികയാണ്. ഫോട്ടോകളിൽനിന്നും വിഡിയോകളിൽനിന്നും മറച്ചുപിടിക്കുക മാത്രമല്ല, പാരന്റിങ്ങിന്റെ മികച്ച മാതൃകയിൽ അവരെ വളർത്തുന്നതിലും ഇരുവരും ശ്രദ്ധ പുലർത്തുന്നു.
മക്കളായ വമികയുടെയും അകായ് യുടെയും മുഖങ്ങൾ കാമറകളിൽനിന്ന് സംരക്ഷിക്കുന്നതിലൂടെ സ്വകാര്യതാ സംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ഇരുവരും മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിലയിരുത്തലിന്റെ സമ്മർദത്തിന് അവർ കുട്ടികളെ വിട്ടുകൊടുക്കുന്നില്ല.
സെലിബ്രിറ്റി രക്ഷിതാക്കൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ഇതിൽ പാഠമുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളുടെ വിധികർത്താക്കളാകാൻ മറ്റുള്ളവരെ അനുവദിക്കരുതെന്ന പാഠമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. അതിലൂടെ, സ്വതന്ത്രരായി വളരാനും അവരുടെ ലോകം കണ്ടെത്താനും അവർക്ക് സാധിക്കും.
ഏതു സാധാരണ കുട്ടികളെയും പോലെ വളരാൻ അവരെ അനുവദിക്കണമെന്നാണ് അനുഷ്‍ക-വിരാട് സിദ്ധാന്തം. അതിനായി തങ്ങളുടെ ഗ്ലാമർ ലോകം അവരിൽനിന്ന് വേറിട്ടുനിർത്തും. അതായത്, മാതാപിതാക്കളുടെ തിരക്കും മറ്റു കാര്യങ്ങളും കുഞ്ഞുങ്ങളെ ദോഷമായി ബാധിക്കരുത് എന്നർഥം.
കുട്ടികളുടെ വൈകാരികമായ സുരക്ഷ വളരെ പ്രധാനമാണെന്ന് അനുഷ്‍ക പറയുന്നു. മാതാപിതാക്കളുടെ സ്റ്റാറ്റസിനും കഴിവിനും അനുസരിച്ച് കുട്ടികൾ കഴിവു പ്രകടിപ്പിക്കണമെന്ന സമ്മർദം വരുന്നതോടെ അവരുടെ സ്വാഭാവികത നഷ്ടമാകുമെന്നാണ് അനുഷ്‍ക പറയുന്നത്.
സമൂഹമാധ്യമങ്ങളുടെ കണ്ണിലൂടെയല്ല, യഥാർഥ ലോകത്തിന്റെ സ്വാഭാവികതയിലാണ് കുട്ടികൾ വളരേണ്ടതെന്ന് ഈ ദമ്പതിമാർ പറയുന്നു. കളിയും സ്വാഭാവിക സൗഹൃദങ്ങളും അവർക്ക് ലഭിക്കാൻ നാം സൗകര്യം ചെയ്തുകൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.