ഐശ്വര്യ റായിയുടെ അഞ്ച് പാരന്‍റിങ് ലെസൺസ്

ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള അമ്മ-മകൾ ജോഡിയാണ് ഐശ്വര്യ റായിയും മകൾ ആരാധ്യയും. വിമാനത്താവളങ്ങളിലേയും മറ്റ് പരിപാടികളിലെയും അവരുടെ വിഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആരാധ്യ നല്ല പെരുമാറ്റവും ആദരവും ഉള്ള കുട്ടിയാണെന്ന് ആരാധകർ പറയാറുണ്ട്. മികച്ച രക്ഷിതാവായതിനും മകളെ മികച്ച രീതിയിൽ വളർത്തിയതിനും ഐശ്വര്യയെ അവർ പലപ്പോഴും പ്രശംസിക്കാറുണ്ട്. നടി പിന്തുടരുന്ന മികച്ച അഞ്ച് പാരന്‍റിങ് ലെസൺസ് ഇതാ...

നിങ്ങളുടെ കുട്ടിയെ ആത്മവിശ്വാസമുള്ള വ്യക്തിയായി വളരാൻ പഠിപ്പിക്കുന്നത് വളരെ പ്രധാനമാണ്. സ്വയം സുരക്ഷിതത്വവും ആത്മവിശ്വാസവുമുള്ള ഒരു രക്ഷിതാവ് തന്റെ കുട്ടിയെ അത് കൃത്യമായി പഠിപ്പിക്കും. മാത്രമല്ല, കുട്ടികൾ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ മാതാപിതാക്കളുടെ പെരുമാറ്റം പ്രതിഫലിപ്പിക്കാറുണ്ട്. അതിനാൽ, മാതാപിതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ ആത്മാഭിമാനത്തെ വിലമതിക്കുന്നത് കുട്ടികളെ മികച്ച രീതിയിൽ വളരാൻ സഹായിക്കും. ഐശ്വര്യ ഈ തലമുറയിലെ മാതാപിതാക്കളെ പഠിപ്പിക്കുന്നതും അതാണ്.

മാതാപിതാക്കൾ കുട്ടികൾക്കായി അധികം നിയമങ്ങൾ വെക്കരുതെന്നും കുട്ടിയുടെ സന്തോഷത്തിന് എല്ലാത്തിനുമുപരി പ്രാധാന്യം നൽകണമെന്നും ഐശ്വര്യ പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ചില നിയമങ്ങൾ വെക്കേണ്ടത് ആവശ്യമാണെങ്കിലും, നിങ്ങളുടെ കുട്ടികളെ എല്ലായ്‌പ്പോഴും നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് ബന്ധിക്കേണ്ടതില്ല. ഒരു അമ്മ എന്ന നിലയിൽ, തന്റെ കുട്ടിയെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണാൻ മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഐശ്വര്യക്ക് പോസിറ്റീവ് മനോഭാവം ഇഷ്ടമാണ്. അതാണ് അവർ മകളെയും പഠിപ്പിക്കുന്നത്. പോസിറ്റീവ് മനോഭാവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് തന്റെ ജീവിതത്തിലും മകൾ ആരാധ്യയുടെ ജീവിതത്തിലും എങ്ങനെ ഉൾപ്പെടുത്തുന്നുവെന്നും നടി പങ്കുവെച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളയും പോസിറ്റീവായി കാണാനും അതിൽ നിന്ന് പഠിക്കാനും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം ജീവിതത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് നൽകുന്നതിനും സഹായിക്കുന്നു.

മകളുടെ കാര്യത്തിൽ ഐശ്വര്യ വളരെ ശ്രദ്ധാലുവാണ്. മകളെ സ്കൂളിൽ വിടാൻ ഇഷ്ടപ്പെടുന്നുവെന്നും, കളിക്കളത്തിൽ ഒപ്പം പോകുമെന്നും, ആരാധ്യ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകാൻ ഇഷ്ടപ്പെടുന്നുവെന്നും ഐശ്വര്യ പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്. തന്‍റെ സമയം കുട്ടികൾക്കായി പകർന്ന് നൽകുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് എത്ര പ്രധാനമാണെന്ന് ഐശ്വര്യ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ കുഞ്ഞിന്റെ ജനനത്തിനുശേഷം ജീവിതത്തിലെ മറ്റെല്ലാം തനിക്ക് രണ്ടാംസ്ഥാനത്തായി മാറിയെന്നും നടി പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ, ഒരു അമ്മ എന്ന നിലയിൽ ഐശ്വര്യ മിക്ക കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിഷേക് ബച്ചൻ പങ്കുവെച്ചിരുന്നു. അനുസരണ മാത്രം പ്രതീക്ഷിക്കുന്നതിനുപകരം, താനും ഐശ്വര്യയും കുട്ടിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ ജിജ്ഞാസയെ മാനിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.  

Tags:    
News Summary - Aishwarya Rais top 5 important parenting lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.