ദുബൈ: കുട്ടികളെ എല്ലാതരം ചൂഷണങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷിച്ച് പരിപാലിക്കേണ്ട ചുമതല അധ്യാപകർക്കുണ്ടെന്ന് ഓർമപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം പെരുമാറ്റച്ചട്ടം പുറത്തിറക്കി. അധ്യാപകർക്കുപുറമെ മറ്റു ജീവനക്കാരും പാലിക്കേണ്ട മര്യാദകളും സ്വഭാവഗുണങ്ങളും നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ ജോലിസ്ഥലത്തെ സാംസ്കാരികവും മതപരവും വംശീയവുമായ വൈവിധ്യത്തെ മാനിക്കണമെന്നും സഹപ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അവഗണനയോ വിവേചനമോ പുലർത്തരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
സ്കൂളിൽവെച്ച് പുകവലിക്കുകയോ മറ്റേതെങ്കിലും ലഹരി ഉൽപന്നങ്ങളുടെ സ്വാധീനത്തിലാകരുതെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ജീവനക്കാരും യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യത്തെ മാനിച്ചുള്ള വസ്ത്രധാരണം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അധ്യാപകരും ജീവനക്കാരും പാലിക്കേണ്ട മൂല്യങ്ങളുടെ ചട്ടക്കൂടാണ് രൂപപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അൽ ഫലാസി പറഞ്ഞു.
മന്ത്രാലയം അംഗീകരിച്ച കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും നിയമം അനുസരിക്കേണ്ടതുണ്ട്. യുവാക്കൾക്ക് നല്ല മാതൃകകളാകാൻ അധ്യാപകരെ സഹായിക്കുന്നതാണ് മന്ത്രാലയം രൂപപ്പെടുത്തിയ പെരുമാറ്റച്ചട്ടമെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.