മു​ഹ​മ്മ​ദ്​ യാ​സി​ർ അ​ബ്ബാ​സ്

പ​ഴ​മ​യു​ടെ പു​തു​മ; വിന്‍റേജ് സൈക്കിളുകൾ ശേഖരിച്ച് യാസിർ

സൈക്ലിങ്ങിന്‍റെ നഗരമാണ് ദുബൈ. ആദ്യമായി സൈക്കിൾ ചവിട്ടുന്നവനും സാഹസീക യാത്രക്കാരനുമെല്ലാം ഒരു പോലെ എൻജോയ് ചെയ്യാവുന്ന ഇടം. പുരാതന കാലത്തെ സൈക്കിൾ മുതൽ മാർക്കറ്റിലിറങ്ങിയ ഏറ്റവും പുതിയ സൈക്കിൾ വരെ ഇവിടെ തെരുവുകളിൽ കാണാം. സൈക്കിളിനോടുള്ള പ്രണയംമൂത്ത് പഴയ വിന്‍റേജ് സൈക്കിളുകൾ സ്വന്തമാക്കുകയാണ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മുഹമ്മദ് യാസിർ അബ്ബാസ്. സ്ക്രാപ്പ് കേന്ദ്രങ്ങളിൽ പൊളിക്കാൻ കൊണ്ടുവരുന്ന സൈക്കിളുകളിൽ നിന്ന് പഴയ കാലത്തെ സൈക്കിളുകൾ തേടിപ്പിടിച്ചെടുത്ത് ശരിയാക്കി സൂക്ഷിക്കുകയാണ് ഇദ്ദേഹം.

പത്തോളം സൈക്കിളുകൾ ഇദ്ദേഹത്തിന്‍റെ കൈയിലുണ്ട്. 1977ലെ സൈക്കിൾ മുതൽ ഇക്കൂട്ടത്തിൽ ഉൾപെടുന്നു. യു.എ.ഇയിലെ ലൈസൻസ്ഡ് ടൂറിസ്റ്റ് ഗൈഡാണ് യാസിർ. നേരത്തെ മുതൽ സൈക്കിളിനോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്താണ് ഈ പ്രണയം ഇരട്ടിച്ചത്. ടൂറിസ്റ്റുകൾ എത്താതിരുന്ന മഹാമാരിക്കാലത്ത് വീടുകളിലെത്തി സൈക്കിൾ റിപ്പയർ ചെയ്താണ് ജീവിതച്ചെലവ് കണ്ടെത്തിയത്.

ഈ കാലത്ത് വ്യത്യസ്തമായ പല സൈക്കിളുകളും കണ്ടെത്താൻ കഴിഞ്ഞു. പഴയ സൈക്കിളുകൾ കണ്ടെത്തി നന്നാക്കിയെടുക്കലാണ് ഇപ്പോഴത്തെ ഹോബി. ദുബൈയിലെയും ഷാർജയിലെയും സ്ക്രാപ്പ് കേന്ദ്രങ്ങളിൽ പൊളിക്കാനായി കൊണ്ടുവരുന്ന സൈക്കിളുകളുണ്ട്. പൊളിക്കുന്ന തൊഴിലാളികൾക്ക് ഈ സൈക്കിളിന്‍റെ മാഹാത്മ്യം അറിയില്ല.എന്നാൽ, ഇതുകണ്ടെത്തി നന്നാക്കിയെടുക്കുകയാണ് യാസിർ. ചിലത് വിൽക്കുകയും ചെയ്യും. ഇപ്പോൾ കൈയിലുള്ള ഷ്വിൻ സബർബൻ സൈക്കിളിന് 46 വർഷം പഴക്കമുണ്ട്. 1977ൽ ചിക്കാഗോയിൽ ഉണ്ടാക്കിയ സൈക്കിളാണിത്.

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ക്രാപ്പ് ഷോപ്പിൽ നിന്നാണ് ഈ സൈക്കിൾ കിട്ടിയത്. 1982 മോഡൽ സൈക്കിൾ നന്നാക്കിയെടുത്ത് വിറ്റിരുന്നു. ഷാർജ കോർണിഷിൽ നടന്ന വിൻഡേജ് സൈക്കിളുകളുടെ പ്രദർശനത്തിൽ യാസിറിന്‍റെ സൈക്കിളുകളും പ്രദർശനത്തിനുണ്ടായിരുന്നു. സൈക്കിൾ ശേഖരണം മാത്രമല്ല, വിവിധ റേസുകളിലും യാസിർ പങ്കെടുത്തിട്ടുണ്ട്. മറ്റുള്ളവർ പുതിയ മോഡൽ സൈക്കിളുമായി എത്തുമ്പോൾ യാസിറിന്‍റെ യാത്ര വിന്‍റേജ് സൈക്കിളിലായിരിക്കും.

കഴിഞ്ഞ ദേശീയ ദിനത്തിൽ യു.എ.ഇക്ക് അഭിവാദ്യം അർപ്പിച്ച് റെക്യൂംബെന്‍റ് സൈക്കിളിൽ 51 കിലോമീറ്റർ സഞ്ചരിച്ചിരുന്നു. സാധാരണ സൈക്കിളുകൾ പോലെ അത്ര ഈസിയല്ല ഇതിന്‍റെ ഉപയോഗം. ചാരിയിരുന്ന് ഓടിക്കുന്ന ഈ സൈക്കിളിന്‍റെ ഹാൻഡിൽ ഒരു സൈഡിലാണ്. ആരോഗ്യസംരക്ഷണത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാകുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് യാസിർ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രചരിപ്പിക്കാനും യാസിർ ശ്രമിക്കുന്നുണ്ട്. തടി കൂടിയവരുടെ തടി കുറക്കൽ, വ്യായാമം, ആയോധന കല, നടത്തം, നീന്തൽ, ഓട്ടം എന്നിവയെല്ലാം യാസിർ പ്രോൽസാഹിപ്പിക്കുന്നു. വിവിധ സ്പോർട്സ് ഗ്രൂപ്പുകളിലും സജീവമാണ്. കേരള ട്രയാത്തലൺ ലീഗിൽ പങ്കെടുത്ത് ദുബൈയിൽ 12 കിലോമീറ്റർ നീന്തിയിരുന്നു. ആധുനീക സമ്മിശ്ര ആയോധന കലയായ എം.എം.എ ആദ്യമായി സ്വായത്തമാക്കിയവരിൽ ഒരാൾ കൂടിയാണ് യാസിർ. ദുബൈയിലെ കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് എന്നിവ ഏറെ സഹായിച്ചതായി യാസിർ പറയുന്നു.

പിതാവ് കറപ്പുറത്ത് അബ്ബാസ് ഹാജി പഴയകാല പ്രവാസിയാണ്. കോവിഡ് കാലത്ത് അദ്ദേഹത്തിന്‍റെ മരണം യാസിറിന്‍റെ മനസിൽ ഇപ്പോഴും മായാത്ത മുറിവായുണ്ട്. സഹോദരൻ അബ്ബാസ് മുഹമ്മദ് സമീറിന് പ്രിയം വിന്‍റേജ് കാറുകളോടാണ്. സഹോദരി സമീറ. മാതാവ് സുഹ്റ, ഭാര്യ ഹൻസി സെയ്ദ് മുഹമ്മദ്, മക്കളായ ഖദീജ, അമ്മാർ, ഹാറൂൺ എന്നിവർക്കൊപ്പം ദുബൈ നാദൽ ഹമറിലാണ് താമസം.

Tags:    
News Summary - Yasir collects vintage bicycles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.