അശ്വത് ഷജിത്ത് തനിക്ക് ലഭിച്ച

സർട്ടിഫിക്കറ്റുകളുമായി

ഒരേസമയം മൂന്ന് ലോക റെക്കോർഡുകൾ; ലഹരിക്കെതിരെ വിസ്മയമൊരുക്കി പ്രവാസി മലയാളി വിദ്യാർഥി

മനാമ: ലഹരി വിപത്തിനെതിരെയുള്ള പോരാട്ടം വേറിട്ടൊരു ബോധവൽക്കരണമാക്കി മാറ്റി ഒരേസമയം മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി വിദ്യാർഥിയായ അശ്വത് ഷജിത്ത്. മദ്യം വെള്ളമാക്കി മാറ്റുന്ന മെന്റലിസം പ്രകടനത്തിലൂടെയാണ് ബഹ്‌റൈൻ പ്രവാസിയും കണ്ണൂർ ചിറക്കൽ സ്വദേശിയുമായ അശ്വത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻഡോ-വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിലയാണ് ഒരൊറ്റ പ്രകടനത്തിലൂടെ അശ്വതിനെ തേടിയെത്തിയത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ‘ആർട്ട് ഓഫ് മെന്റലിസം’, ‘കേരള സ്കൂൾ ഓഫ് മെന്റലിസം’ എന്നിവയുടെ ആഭിമുഖ്യത്തിലാണ് റെക്കോർഡിന് ആധാരമായ പ്രകടനം നടന്നത്. ‘ലഹരിയോട് വിട പറയുക’ എന്ന ശക്തമായ സന്ദേശമാണ് തന്റെ വിസ്മയ പ്രകടനത്തിലൂടെ അശ്വത് സമൂഹത്തിന് നൽകിയത്.

ഇതാദ്യമായല്ല അശ്വത് റെക്കോർഡ് പട്ടികയിൽ ഇടംപിടിക്കുന്നത്. 13-ാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും അശ്വത് തന്റെ പേര് ചേർത്തിരുന്നു. 60 സെക്കൻഡിനുള്ളിൽ 106 ദിനോസറുകളുടെ പേരുകൾ തിരിച്ചറിഞ്ഞായിരുന്നു അന്നത്തെ നേട്ടം.

കഴിഞ്ഞ 25 വർഷമായി ബഹ്‌റൈൻ പ്രവാസികളായ ഷജിത്തിന്റെയും സന്ധ്യയുടെയും മകനാണ് അശ്വത്. കെ.ജി ക്ലാസ് മുതൽ ബഹ്‌റൈനിൽ പഠിച്ചുവന്ന അശ്വതിന് ചെറുപ്പത്തിലേ മെന്റലിസത്തോടായിരുന്നു കമ്പം. പഠനത്തിനൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളിലൂടെയാണ് ഈ കലയിൽ വൈദഗ്ധ്യം നേടിയത്. നിലവിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ അശ്വത് ഇപ്പോൾ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിൽ ഉപരിപഠനം നടത്തുന്ന റിതിക സഹോദരിയാണ്.

Tags:    
News Summary - Three world records at once; Expatriate Malayali student creates wonder against drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.