നന്മണ്ട ചീക്കിലോട് സ്വദേശി ജൗഹർ കുതിരകൾക്കൊപ്പം
നന്മണ്ട: പഠിച്ചത് ഓട്ടോ മൊബൈൽ എൻജിനീയറിങ് ഡിപ്ലോമ, എന്നാൽ ജൗഹറിന് താൽപര്യം കുതിരകളെയും ഒട്ടകത്തെയും ഇണക്കി വളർത്തുകയും ഇവരെ സവാരിക്കായി ഒരുക്കലും. നാട്ടിൽ അധികമാരും എത്തിച്ചേരാത്ത മേഖലയിലാണ് നന്മണ്ട ചീക്കിലോട് സ്വദേശി ജൗഹർ ശ്രദ്ധേയനാവുന്നത്. കഴിഞ്ഞ എട്ടു വർഷമായി ജൗഹർ ഈ മേഖലയിലുണ്ട്. കുട്ടിയായിരുന്നപ്പോൾ വല്യുപ്പ ഉസ്മാൻ ഹാജിയാണ് ജൗഹറിന്റെ താൽപര്യം മനസ്സിലാക്കി ആദ്യമായി കുതിരയെ വാങ്ങി നൽകിയത്.
ഇതൊരു പ്രഫഷനായി മാറുമെന്നോ വരുമാനമാർഗമായി തെരഞ്ഞെടുക്കുമെന്നോ അന്ന് കരുതിയിരുന്നില്ല. ഇതിനിടയിൽ മൈസൂരിലെ ഡീപോൾ ഇന്റർനാഷനൽ സ്കൂളിൽ കുതിര സവാരി പരിശീലകനായും പ്രവർത്തിച്ചിരുന്നു. കുതിരയെ വാങ്ങാൻ ആഗ്രഹിക്കുന്നവരും ജൗഹറിനെ സമീപിക്കുന്നു. അനുയോജ്യമായതിനെ കണ്ടെത്തി അവക്ക് പരിശീലനം നൽകി ഇണക്കി, മെരുക്കിയെടുക്കുന്നത് ജൗഹറിന്റെ ഇഷ്ടവിനോദമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കുതിരകളെ എത്തിക്കാറുള്ളത്. ആളുകൾക്ക് കുതിര സവാരിക്ക് പരിശീലനം നൽകാറുണ്ടെന്നും ജൗഹർ പറയുന്നു.
അസുഖം ബാധിച്ച കുതിരകളെ ഉടമകൾ പരിപാലനത്തിനായി നൽകാറുണ്ട്. വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ അസുഖം ഭേദമാക്കി സവാരിക്ക് അനുയോജ്യമാക്കി തിരിച്ചേൽപിക്കുകയാണ് പതിവ്. നിലവിൽ രണ്ടു കുതിരയും ഒരു ഒട്ടകവുമാണ് ജൗഹറിനുള്ളത്.
ഗ്രാമചന്തകൾ, കാർണിവൽ, ഉത്സവങ്ങൾ, ഉദ്ഘാടനം, വിവാഹ പരിപാടികൾ എന്നിവക്കെല്ലാം ഇവയെ വാടകക്ക് നൽകാറുണ്ട്. കാപ്പാട് ബീച്ച് ഫെസ്റ്റ്, പാവയിൽ ഫെസ്റ്റ് എന്നിവയിൽ സ്ഥിരം സാന്നിധ്യമാണ്. ജില്ല ഭരണകൂടം പുറത്തിറക്കിയ ഹ്രസ്വചിത്രത്തിലും റിലീസിനൊരുങ്ങിയ വിക്രം നായകനായ പുതിയ സിനിമയിലും ജൗഹറും കുതിരകളും അഭിനേതാക്കളായിട്ടുണ്ട്.
മൃഗങ്ങളെ കൂടാതെ വിന്റേജ് വാഹനങ്ങളോടും താൽപര്യം കാത്തുസൂക്ഷിക്കുന്ന ജൗഹറിന്റെ കൈവശം പഴയകാല മോട്ടോർ ബൈക്കുകളായ ജാവ, രാജദൂത്, എസ്.ഡി തുടങ്ങിയവയും വില്ലിസ് ജീപ്പുമുണ്ട്. മാതാപിതാക്കളായ ഷെരീഫ്, മുംതാസ്, ഭാര്യ തെഷ്റീഫ, സഹോദരി റെന എന്നിവരും ജൗഹറിന് ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.