തൃശൂർ: രോഗികൾക്ക് ഫിസിയോതെറപ്പി സ്മാർട്ടായി ചെയ്യാൻ നൂതന യന്ത്രം വികസിപ്പിച്ച് തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ വിഭാഗം വിദ്യാർഥികൾ. വിദേശ രാജ്യങ്ങളിലടക്കം വലിയ വില വരുന്ന യന്ത്രം കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ നിർമിച്ചത്.
നിലവിൽ മാർക്കറ്റിൽ ലഭ്യമായ യന്ത്രത്തിൽ നിന്ന് വ്യത്യസ്ഥമായി രോഗികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനായി ചെറിയ വലിപ്പത്തിലാണ് നിർമാണം. കാൽമുട്ടിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുന്ന യന്ത്രത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ബ്ലൂടുത്ത് വഴി ആൻഡ്രോയിഡ് ഫോണുകളിൽ നിയന്ത്രിക്കാം. ഇതിനായുള്ള അപ്ലിക്കേഷൻ വിദ്യാർഥികൾ വികസിപ്പിച്ചിട്ടുണ്ട്. കാൽമുട്ടിന് ചുറ്റും രക്തപ്രവാഹം വർധിപ്പിക്കാനും യന്ത്രം വഴി സാധിക്കും.
അവസാന വർഷ ബി.ടെക് പ്രോജക്റ്റിന്റെ ഭാഗമായാണ് വിദ്യാർഥികൾ യന്ത്രം നിർമിച്ചത്. ഇലക്ട്രിക്കൽ വിഭാഗം അസി. പ്രഫസർ വി.വി. പ്രവീഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ കെ. വിഷ്ണു, കെ.എസ്. സാഫിർ, എൻ.എസ്. കിരൺ, വിവേക് വിൽസൻ നീലങ്കാവിൽ എന്നിവരാണ് യന്ത്രം നിർമിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സഹകരണത്തോടെ യന്ത്രത്തിൽ ആവശ്യമായ മാറ്റംവരുത്തി വിപണിയിൽ എത്തിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.