‘നൂർ റിയാദി’ന് ലഭിച്ച ഗിന്നസ് ലോക റെക്കോഡ് സർട്ടിഫിക്കറ്റുകളുമായി സംഘാടകർ
റിയാദ്: സൗദിയുടെ തലസ്ഥാനനഗരി ഇതുവരെ ദർശിക്കാത്ത പ്രകാശവിസ്മയം തീർത്ത 'നൂർ റിയാദി'ന് ആറ് ഗിന്നസ് ലോക റെക്കോഡുകൾ. ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പ്രകാശാഘോഷം എന്ന നിലയിലുള്ളതടക്കമാണ് ആറ് ലോക റെക്കോഡുകൾ. 'പ്രകാശ സ്ഫുരണം' (പൾസ് ഓഫ് ലൈറ്റ്) എന്ന പേരിൽ ഈ മാസം മൂന്നിന് ആരംഭിച്ച് ശനിയാഴ്ചയാണ് റിയാദ് പ്രകാശോത്സവം സമാപിച്ചത്.
ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പ്രകാശാഘോഷം, ഏറ്റവും ദീർഘദൂര കാഴ്ച നൽകിയ ലേസർ ഡിസ്പ്ലേ, ഏറ്റവും വലുപ്പമുള്ള ലേസർ ഡിസ്പ്ലേ, ഏറ്റവും ഉയരമുള്ള ലേസർ ഡിസ്പ്ലേ, കെട്ടിടസമുച്ചയ മുഖങ്ങളിലെ ഏറ്റവും ഉയരമുള്ളതും വലുതുമായ പ്രകാശ പ്രദർശനം, ഏറ്റവും കൂടുതൽ ഡ്രോണുകൾ പങ്കെടുത്ത പ്രകാശ പ്രദർശനം എന്നിവക്കാണ് ഗിന്നസ് റെക്കോഡ്. കലയും സംസ്കാരവും നാഗരികതയും സന്നിവേശിപ്പിച്ച 'നൂർ റിയാദ്' 28 ലക്ഷം സന്ദർശകർക്കാണ് പ്രകാശ വിരുന്നൊരുക്കിയത്.
സൗദി അടക്കം 40 രാജ്യങ്ങളിൽനിന്നുള്ള 130ലധികം കലാകാരന്മാരുടെ 190 സൃഷ്ടികളാണ് 'നൂർ റിയാദിനെ' പ്രകാശസമ്പന്നമാക്കിയത്. രാജ്യത്തെ ആദ്യ പൊതുകലാസംരംഭമായ 'റിയാദ് ആർട്ടി'ന്റെ ആഭിമുഖ്യത്തിലാണ് പ്രകാശോത്സവം അരങ്ങേറിയത്. മലസ് കിങ് അബ്ദുല്ല പാർക്ക്, അൽ-സഫറ ചത്വരം, ദിരിയ ചരിത്രനഗരം, കിങ് അബ്ദുല്ല സാമ്പത്തിക മേഖല അടക്കം തലസ്ഥാനത്തെ 40 ഇടങ്ങളിലായി 500ൽപരം പ്രകാശപ്രദർശനങ്ങളാണ് ഒരുക്കിയത്. റിയാദിനെ 'മതിലുകളില്ലാത്ത കലാ പ്രതല'മാക്കിയ പരിപാടി പ്രതിഭാധനരുടെ വൈഭവം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധ നേടിയിരുന്നു.
നൂർ റിയാദ് അതിന്റെ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഉൾക്കാഴ്ചക്കും പ്രോത്സാഹനത്തിനുമാണെന്ന് സാംസ്കാരിക മന്ത്രിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് അംഗവും റിയാദ് ആർട്ടിന്റെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. നൂർ റിയാദിനെ പ്രകാശ കലാരംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാൻ സാധിച്ചു.
ദൈവകൃപയില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല. 'നൂർ റിയാദി'ന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും ദേശീയ, അന്തർദേശീയ പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നതിന്റെയും ഉദാഹരണമാണ്. ആഗോള കലാരംഗത്ത് സൗദി അറേബ്യയെ മുൻപന്തിയിൽ നിർത്തുന്നതിനും ഇതുവഴി സാധിച്ചു -അമീർ ബദർ ബിൻ അബ്ദുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.