ഖത്തർ ഈസ്റ്റ്വെസ്റ്റ് അൾട്രാ റണ്ണിൽ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഷക്കീർ മെഡലുമായി
ദോഹ: കനത്തമഴയിലും കൂസാതെ 94 കിലോമീറ്റർ ദൂരം ഒറ്റയടിക്ക് ഓടിത്തീർത്ത് ഷക്കീർ ചീരായി. കഴിഞ്ഞദിവസം നടന്ന ഖത്തർ ഈസ്റ്റ്വെസ്റ്റ് അൾട്രാ റണ്ണിലാണ് ഷക്കീർ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 66 രാജ്യങ്ങളിൽനിന്നുള്ള അത്‍ലറ്റുകൾ മത്സരിക്കാനിറങ്ങിയ അൾട്രാ റണ്ണിൽ ഒമ്പതു മണിക്കൂർ 10 മിനിറ്റ് സമയത്തിലാണ് ഷക്കീർ ഓടിയെത്തിയത്. മത്സരിക്കാനിറങ്ങിയ ഇന്ത്യക്കാരിൽ ഒന്നാമനായിരുന്നു. വെള്ളിയാഴ്ച ഖത്തറിലുടനീളം ശക്തമായ മഴ പെയ്തതിനിടയിലായിരുന്നു ഒരേ കുതിപ്പിൽ ഇത്രയും ദൂരം പിന്നിട്ടത്.
കായിക-യുവജനക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച അൾട്രാ റൺ ഷെറാട്ടൺ സിഗ്നൽ മുതൽ ദുഖാൻ ബീച്ച് വരെയായിരുന്നു. ‘ഒമ്പതു മണിക്കൂറിനിടെ അഞ്ചു മണിക്കൂറിലേറെ മഴയിൽ കുതിർന്നാണ് ഓടിയത്. 748 പേർ മത്സരിച്ചതിൽ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായത് മികച്ചനേട്ടമായി കരുതുന്നു. കടുത്ത വെല്ലുവിളിയിലും നോൺ സ്റ്റോപ്പായി ലക്ഷ്യത്തിലെത്താൻ കഴിഞ്ഞു -ഷക്കീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റണ്ണിങ് ആവേശമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഷക്കീർ 12 വർഷമായി ‘ഓട്ടം’ തുടങ്ങിയിട്ട്. ഗൾഫ് മാധ്യമം ഖത്തർ റൺ, മീഡിയവൺ ദോഹ റൺ, ദോഹ ബാങ്ക് ഗ്രീൻ റൺ, ദുബൈ മാരത്തൺ, ഖത്തർ റണ്ണിങ് സീരീസ് എന്നിവയിലെല്ലാം പങ്കെടുക്കാറുണ്ട്. ദോഹ ബാങ്കിൽ ജോലിനോക്കുന്ന ഈ തലശ്ശേരി സ്വദേശി താമസസ്ഥലത്തുനിന്ന് ദിവസവും ആറു കിലോമീറ്റർ ബാങ്കിലേക്ക് ഓടിയാണെത്തുക. തിരിച്ച് ബാങ്കിൽനിന്ന് താമസസ്ഥലത്തെത്തുന്നതും ഓടിത്തന്നെ. പ്രതിദിന പരിശീലനം കൂടിയായി അത് മാറുന്നു. മഴയായാലും നോമ്പുകാലമായാലുമൊക്കെ ഈ ദിനചര്യക്ക് മാറ്റമുണ്ടാകാറില്ലെന്ന് ഷക്കീർ.
ഖത്തറിലെത്തിയിട്ട് 12 വർഷമായി. പത്തു വർഷമായി ദോഹ ബാങ്കിൽ ജോലിചെയ്യുന്നു. എല്ലാ വെള്ളി-ശനി ദിവസങ്ങളിലും അതിരാവിലെ എഴുന്നേറ്റ് 25-30 കിലോമീറ്റർ ഓടും. ‘വ്യായാമം ഇല്ലാത്തതും ഭക്ഷണരീതിയിലെ പ്രശ്നങ്ങളുമൊക്കെയാണ് പ്രവാസികളിൽ പലരെയും രോഗികളാക്കുന്നത്. ദിവസവും കിലോമീറ്ററുകൾ ഓടുകയും മത്സരങ്ങളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുന്നത് മാനസിക സമ്മർദം കുറക്കാനും സന്തോഷത്തോടെ മുന്നോട്ടുപോകാനും സഹായിക്കുന്നു. ജോലിയിൽ കൂടുതൽ ഉണർവും ആത്മവിശ്വാസവും കൈവരും. പ്രവാസികൾ വ്യായാമത്തിന് സമയം കണ്ടെത്തണമെന്ന ഉപദേശത്തോടെ ഷക്കീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.