റഹ്​മാൻ മാഷ്​ തിരൂർ ഗവ. ബോയ്​സ്​ ഹൈസ്​കൂളിലെ ലൈബ്രേറിയിൽ

വിരമിച്ചിട്ടും വായനയുടെ ലോകത്തിന്​ വിരാമമിടാതെ...

എം.എ. റഹ്​മാൻ എന്ന റഹ്​മാൻ മാഷ്​ കഴിഞ്ഞ ആറു​ വർഷമായി തിരൂർ ഗവ. ബോയ്​സ്​ ഹൈസ്​കൂളിലെ ലൈബ്രേറിയനാണ്​ എന്ന്​ കേട്ടാൽ ആർക്കും പുതുമ തോന്നാനിടയില്ല. കാരണം സ്കൂൾ ലൈബ്രറികൾ കൈകാര്യം ചെയ്യുന്നത്​ അധ്യാപകരാണ്​ എന്നതുതന്നെ. എന്നാൽ, റഹ്​മാൻ മാസ്റ്ററുടെ കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്​. ലൈബ്രറേറിയനായുള്ള മാഷുടെ സേവനം തികച്ചും സൗജന്യമാണ്​. അതും സ്കൂളിൽനിന്ന്​ വിരമിച്ചശേഷവും.

1995 മുതൽ 2019ൽ ​ഔദ്യോഗികജീവിതത്തിൽനിന്ന്​ വിരമിക്കുന്നതുവരെ ഇദ്ദേഹത്തിനുതന്നെയായിരുന്നു ലൈബ്രറിയുടെ ചുമതല. സാധാരണ സർക്കാർ സ്കൂളുകളിലെ ലൈബ്രറികൾപോലെ കുറച്ചു പുസ്തകങ്ങളുടെ ശേഖരം മാത്രമായിരുന്നു അതുവരെ ഈ സ്കൂളിലെയും ലൈബ്രറി. എന്നാൽ, 1995ൽ വായനശീലവും പുസ്തകങ്ങളോടുള്ള ബന്ധവും തിരിച്ചറിഞ്ഞ അന്നത്തെ പ്രധാന അധ്യാപകനാണ്​ ഇദ്ദേഹത്തിന്​ ലൈബ്രറിയുടെ ചുമതല നൽകിയത്​. അന്നുതൊട്ട്​ ഈ ലൈബ്രറിയുടെ ജാതകം ഇദ്ദേഹം മാറ്റിയെഴുതി.

‘പുസ്തകങ്ങൾ അടുക്കിവെച്ച ഒരു മുറി’ എന്ന പതിവ് സ്കൂൾ ലൈബ്രറി സങ്കൽപത്തെ ഉടച്ചുവാർത്തുകൊണ്ട് അതിനെ കുട്ടികളെയും അധ്യാപകരെയും ആകർഷിക്കുന്ന രീതിയിൽ മാറ്റിയെടുക്കുകയായിരുന്നു ഈ അധ്യാപകൻ. 2019ൽ സ്കൂളിൽനിന്ന് ഔദ്യോഗികമായി പടിയിറങ്ങിയ​പ്പോഴും അവിടെയുള്ള ലൈബ്രറിയും പുസ്തകങ്ങളും അതിലെ അക്ഷരങ്ങളും അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ സ്കൂൾ പി.​ടി.ഐ കമ്മിറ്റിയെ ബന്ധപ്പെട്ട് ലൈബ്രേറിയനായി സൗജന്യസേവനം നൽകാനുള്ള സന്നദ്ധത അറിയിച്ചു. ആ വാഗ്ദാനത്തിലെ ആത്മാർഥത തിരിച്ചറിഞ്ഞ കമ്മിറ്റി അതിന് അനുവാദം നൽകി.

റഹ്മാൻ മാഷ് ‘മുഴുസമയ’ ലൈബ്രേറിയൻ ആയതോടെയാണ് ലൈബ്രറിയുടെ ശരിയായ സുവർണകാലം തുടങ്ങിയത്. സർക്കാർ ഫണ്ടിനെ ആശ്രയിക്കാതെ നാട്ടുകാരായ സഹൃദയരുടെയും നന്മയും സാമ്പത്തികഭദ്രതയുമുള്ള പൂർവവിദ്യാ​ർഥികളെയും ഇദ്ദേഹം പുസ്തകത്തിനായി സമീപിച്ചു. ഇതോടെ മികച്ചതും നിലവാരമുള്ളതുമായ പുസ്തകങ്ങളുടെ ​വലിയ ശേഖരംതന്നെ സ്കൂൾ ലൈബ്രറിയിലേക്ക് ഒഴുകിയെത്തി. ഇതിനകം എട്ട് ലക്ഷത്തോളം രൂപ പുസ്തകം വാങ്ങാൻ സംഭാവനയായി ലഭിച്ചു.

പുസ്തകങ്ങളുടെ എണ്ണംകൂടിയതോടെ അവ സൂക്ഷിക്കാൻ ഇടമില്ലാതായി. വിവരമറിഞ്ഞ തിരൂർ എസ്.എസ്.എം പോളിടെക്നിക്കിലെ അധ്യാപകരുടെ സംഘടനയായ ‘ലീഡ്സി’ന്റെ ആഭിമുഖ്യത്തിൽ പോളിടെക്നിക്കിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫിലെ വ്യവസായിയുമായ അമീർ ചേലാട്ട് അഞ്ച് അലമാരകൾ സ്​പോൺസർ ചെയ്തു.

ഇതോടൊപ്പം മലയാളം മീഡിയം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടാക്കാനായി ബാലസാഹിത്യവും ക്രൈം ത്രില്ലറുകളുമടങ്ങിയ എണ്ണായിരത്തിലധികം ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രത്യേക വിഭാഗവും ലൈബ്രറിയിൽ ഒരുക്കി. ചുവരിൽ എഴുത്തുകാരുടെയും രാഷ്ട്രനേതാക്കളുടെയും ചരിത്രപ്രാധാന്യമുള്ള പ്രമുഖരുടെയും ചിത്രങ്ങൾ ഇടംപിടിച്ചതോടെ സ്കൂൾ ലൈബ്രറിക്ക് സാംസ്‍കാരിക കേന്ദ്രത്തിന്റെ പരിവേഷവും കൈവന്നു.

ഇതോടെ തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികളും രക്ഷിതാക്കളും പുസ്‍തകത്തിനായി ഇവിടേക്കെത്തി. ഡി.ഡി.ഇ ഓഫിസും തിരൂർ മുനിസിപ്പാലിറ്റിയും പച്ചക്കൊടി വീശിയതോടെ ഇവർക്കും പുസ്തകം നൽകിത്തുടങ്ങി. അവധിക്കാലത്തും ലൈബ്രറി പ്രവർത്തിക്കുകയും ‘മദേഴ്സ് ലൈബ്രറി’ എന്നൊരു പദ്ധതി ആവിഷ്‍കരിച്ച് വീട്ടിലെ ചെറിയ കുട്ടികൾക്കുള്ള പുസ്തകങ്ങളും അമ്മമാർ മുഖേന നൽകിത്തുടങ്ങി.

ഇതിനിടയിൽ കുട്ടികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും കൂടുതൽ പുസ്തകം വായിക്കുകയും അതിന്റെ ആശയങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ‘​ഗ്രന്ഥമിത്ര’ പുരസ്കാരവും നൽകിവരുന്നുണ്ട്. കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പ​ങ്കെടുക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം. ഈ പദ്ധതി നിരവധി വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് ആകർഷിച്ചതായി റഹ്മാൻ മാഷ് പറയുന്നു.

ലൈബ്രറിയുടെ പ്രശസ്തി സ്കൂൾ മതിലുംകടന്ന് പുറത്തെത്തിയതോടെ പൊതുജനങ്ങളും പുസ്തകങ്ങളുടെ ആവശ്യക്കാരായെത്തി. വിദ്യാഭ്യാസ വകുപ്പിന്റെയും മുനിസിപ്പാലിറ്റിയുടെയും അനുമതികൂടി ലഭിച്ചതോടെ നിലവിൽ ഇതൊരു പബ്ലിക് ലൈബ്രറിയാണ്. 2025 ജനുവരി 27ന് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 2024 - 25 ലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുള്ള മലപ്പുറം ജില്ല വിദ്യാരംഗ അവാർഡ് നേടിയ ഇവിടെ നിലവിൽ 24,000ത്തിലധികം പുസ്തകങ്ങളുണ്ട്.

Tags:    
News Summary - retaired teacher still working as a librarian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.