ലുലു ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു കുടുംബത്തോടൊപ്പം
ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കലാവൈഭവങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർത്ത ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു പ്രവാസ ജീവിതത്തോട് വിടപറയുന്നു. 24 വർഷങ്ങൾക്കു മുമ്പ് ലുലു മുൻ ചീഫ് ആർട്ടിസ്റ്റ് റഫീഖ് പൊക്കാക്കിയുടെ ക്ഷണപ്രകാരമാണ് ഷിബു ഖത്തറിലേക്ക് വരുന്നത്. തുടർന്ന് കഠിനാധ്വാനവും സമർപ്പണവുംകൊണ്ട് ലുലുവിലെ ആർട്ട് വിഭാഗത്തിൽ മികവു തെളിയിച്ച് ഏവരുടെയും പ്രിയപ്പെട്ടവനായി. ലുലു ഡി റിങ് റോഡ്, അബു സിദ്റ മാൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ലുലുവിലെ നൂറുകണക്കിന് പ്രമോഷൻ ഡിസ് പ്ലേകളും, വിവിധ രാജ്യങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവലുകളിലുമായി ഷിബു ഒരുക്കിയ കലാസൃഷ്ടികൾ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ മർകസ് നോളജ് സിറ്റിയിലെ ‘മസ്ജിദ് ഫുത്തൂഹി’ന്റെ മനോഹരമായ മാതൃക ലുലു ഡി റിങ് റോഡിൽ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകൻ ഹകീം അസ്ഹരി ദോഹയിലെത്തിയപ്പോൾ ഷിബുവിനെ നേരിട്ട് വിളിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ചാനലുകളിലും പത്രങ്ങളിലും വൈറൽ വാർത്തയായി മാറി.
ദോഹയിൽ എത്തിയ നിരവധി ബോളിവുഡ്, മോളിവുഡ് താരങ്ങൾക്കും ഗായകർക്കും കായികതാരങ്ങൾക്കും ഷിബു അവരുടെ ചിത്രങ്ങൾ വരച്ചു നൽകി സ്നേഹാദരവുകൾ നേടുകയും ചെയ്തു.
ഇത്രയും വർഷം ലുലു ഗ്രൂപ്പിൽ ജോലി നൽകി തന്റെ ജീവിതം കെട്ടിപ്പടുക്കാൻ പിന്തുണ നൽകിയ ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലിയോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണെന്ന് ഷിബു പറഞ്ഞു. തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ ഷിബു കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. ഭാര്യ കൃഷ്ണപ്രിയ ഒരു ഒഫ്താൽമോളജിസ്റ്റാണ്. മകൾ ചിത്രാഞ്ജലി, മകൻ ദയാൽ എന്നിവർ നിലവിൽ ഖത്തറിൽതന്നെയാണ്. ഇനി നാട്ടിലെ സ്വന്തം സ്ഥാപനമായ തളിക്കുളത്തെ ‘ഷിബു ആർട്സ്’ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് ഷിബു പങ്കുവെച്ചു. ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഷിബുവിന് ലുലു ഗ്രൂപ്പിലെ സഹപ്രവർത്തകരും സൃഹൃത്തുക്കളും സ്നേഹാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.