പിതാവും മാതാവും ഉൾപ്പെടെ അടുത്ത ബന്ധുക്കളെല്ലാം ദുബൈയിലായിരുന്നിട്ടും ഇത്തവണത്തെ അവധി നാട്ടിൽ സുഹൃത്തുക്കൾക്കും ഗുരുനാഥൻമാർക്കും ഒപ്പം ആഘോഷിക്കാനുള്ള തീരുമാനം ഒരു പക്ഷെ, ഒരു നിയോഗത്തിന്റെ ഭാഗമായിരുന്നേക്കാം. താഷ്കന്റിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനസർവിസ് ഇല്ലാത്തതിനാൽ ഉസ്ബെകിസ്ഥാന്റെ ദേശീയ എയർലൈനായ ഡ്രീം ലൈനിൽ ഡൽഹിയിലേക്കായിരുന്നു യാത്ര. അവിടെ നിന്ന് വേണം കോഴിക്കോട്ടേക്ക് വിമാനം കയറാൻ. താഷ്കന്റിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപനേരം പിന്നിട്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡോക്ടറുടെ സഹായം തേടിയുള്ള കാബിൻ ക്രൂവിന്റെ അനൗൺസ്മെന്റ് കേട്ടത്. മെഡിക്കൽ വിദ്യാർഥിയായതിനാൽ ആദ്യം അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. വീണ്ടും അഭ്യർഥനയെത്തിയെങ്കിലും ആരും പ്രതികരിച്ചില്ല.
വിമാനത്തിൽ ഡോക്ടർമാർ ആരുമില്ലെന്ന് മനസിലായി. ഇതിനിടെ കാബിൻ ക്രൂവിൽ ഒരാൾ വന്ന് ഡോക്ടർ അല്ലേ എന്ന് ചോദിച്ചു. ഡോക്ടറല്ല, മെഡിക്കൽ വിദ്യാർഥിയാണെന്നറിയിച്ചപ്പോൾ രോഗിയെ ഒന്ന് നോക്കാമോ എന്നഭ്യർഥിച്ചു. ആദ്യം ശങ്കിച്ചെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് രോഗിയുടെ അടുത്തേക്ക് ചെന്നത്. ആ സമയം മധ്യവയസ്കയായ ഉസ്ബെക് വനിത മരണ വെപ്രാളത്തിലായിരുന്നു. ആദ്യ നോട്ടത്തിൽ ഉത്കണ്ഠ മൂലമുള്ള പാനിക് അറ്റാക്ക് ആയാണ് തോന്നിയത്. പക്ഷെ, ഒറ്റയടിക്ക് തീരുമാനമെടുക്കാൻ പാടില്ലെന്നാണ് മെഡിക്കൽ നിയമം. നടപടിക്രമങ്ങൾ പാലിച്ച് കൃത്യമായ കാരണങ്ങൾ വിലയിരുത്തി വേണം അന്തിമ തീരുമാനം എടുക്കാൻ. പക്ഷെ, ആ സമയം കയ്യിലുണ്ടായിരുന്നത് സ്റ്റെതസ്കോപ്പ് മാത്രമായിരുന്നു. വിമാനത്തിന്റെ അകത്തെ ശബ്ദം കാരണം രോഗിയുടെ ഹൃദയമിടിപ്പ് കൃത്യമായി നിർണയിക്കുക വെല്ലുവിളിയായി. പിന്നീട് ചെയ്യാനുള്ളത് രക്തസമ്മർദം പരിശോധിക്കലാണ്. ഭാഗ്യത്തിന് വിമാനത്തിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ സ്പിഗ്മോമാനോമീറ്റർ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
അത് ഉപയോഗിച്ച് രക്തസമ്മർദം പരിശോധിച്ചപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ ക്രമരഹിതമാണെന്ന് തോന്നി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ പ്രഫഷനലുകൾ പാലിക്കാറുള്ള എ.ബി.സി (എയർവേ, ബ്രീത്തിങ്, സർക്കുലേഷൻ) രീതി അനുസരിച്ച് ജീവൻ രക്ഷാ നടപടികളിലേക്ക് കടക്കുകയാണ് പിന്നീടുള്ള വഴി. എ.ബി.സി സ്റ്റേബിൾ ആണെങ്കിൽ രോഗി നോർമലാണെന്ന് നിർണയിക്കാം. ഇതിനിടെ ഡൽഹി യാത്രയെ കുറിച്ച് രോഗിയോട് ചോദിച്ചു. ഉസ്ബെക് ഭാഷയായതിനാൽ കാബിൻ ക്രൂവാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. കരൾ രോഗത്തിനുള്ള ഏതോ ചികിത്സക്കായാണ് യാത്രയെന്ന് മറുപടി ലഭിച്ചു. മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ ചില മരുന്നുകൾ അവർ കഴിക്കുന്നുണ്ടെന്നും ബോധ്യമായി. യാത്രക്കിടെ രാവിലെ കഴിക്കേണ്ടിയിരുന്ന മരുന്ന് കഴിക്കാൻ അവർ വിട്ടുപോയെന്നും മനസിലായി. എങ്കിലും ഹൃദയാഘാതമാണോ എന്ന് കൃത്യമായി അറിയണമെങ്കിൽ ഇ.സി.ജി തന്നെ വേണം. അതിന് ആശുപത്രിയിൽ എത്തിക്കുകയേ നിർവാഹമുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സമയമുണ്ടായിരുന്നില്ല. ഹൃദയാഘാതമുണ്ടാകുന്ന അടിയന്തര സാഹചര്യത്തിൽ അഡ്നോസിൻ എന്ന ജീവൻ രക്ഷ മരുന്നാണ് നൽകാറ്. അത് വിമാനത്തിൽ സൂക്ഷിക്കാറുമില്ല. സാധാരണ അഡ്രിനാലിൻ പോലുള്ള മരുന്നുകളാണ് ഉണ്ടാവാറ്. അത് രണ്ടും ലഭിച്ചാൽ തന്നെ രോഗം കൃത്യമായി നിർണയിക്കാതെ നൽകാനാവില്ല. ഒരു പക്ഷെ, ഇത്തരം ഘട്ടങ്ങളിൽ ഈ മരുന്നുകൾ നൽകിയാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക. പിന്നെ ചെയ്യാനുള്ളത് രണ്ട് മെഡിക്കൽ നടപടിക്രമങ്ങളാണ്. അതിൽ ഒന്ന് രോഗിയുടെ ഞെരമ്പുകളെ ഉത്തേജിപ്പിക്കാനുള്ള വാഗസ് സ്റ്റിമുലേഷനും രണ്ടാമത്തേത് മോഡിഫൈഡ് വാൽസാൽവ മാന്യുവറുമാണ്. രോഗിയെ ഇരുത്തി പിറകോട്ട് കിടത്തിയ ശേഷം കാലുകൾ രണ്ടും ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതാണ് മോഡിഫൈഡ് വാൽസാൽവ മാന്യുവറ പ്രോസീജർ. അത് ചെയ്യണമെങ്കിൽ രോഗിയുടെ സമ്മതം കൂടി വേണം.
കരൾ രോഗ ബാധിതയായ രോഗിയിൽ ഈ രീതി പരീക്ഷിക്കുന്നത് അപകടം ചെയ്തേക്കുമെന്ന് തോന്നി. അതോടെ രണ്ടാമത്തെ രീതിയായ വാഗസ് സ്റ്റിമുലേഷന്റെ ഭാഗമായ കാരറ്റിൻ മസാജ് ചെയ്യാൻ തീരുമാനിച്ചു. രോഗിയുടെ സമ്മതത്തോടെ അത് ചെയ്തതതോടെ രോഗി പതുക്കെ നോർമൽ സ്റ്റേജിലേക്ക് വന്നു. സാധാരണ പത്തോ പതിനഞ്ചോ മിനിറ്റാണ് ഈ നടപടികൾ ചെയ്യാറുള്ളതെങ്കിലും അൽപസമയം കൂടി ദീർഘിപ്പിച്ചു. അതോടെ രോഗി സാവധാനം ജീവിതത്തിലേക്ക് തിരികെയെത്താൻ തുടങ്ങി. ഇതിനിടെ വിമാനം വഴിതിരിച്ചു വിടുകയോ അടിയന്തര ലാൻഡിങ് നടത്തുകയോ ചെയ്യാമെന്ന് പൈലറ്റ് അറിയിച്ചെങ്കിലും വേണ്ടി വന്നില്ല. ദൈവ സഹായത്താൽ അത്യാഹിതം സംഭവിക്കാതെ വിമാനം ഡൽഹിയിൽ ഇറങ്ങി.
രോഗിയെ അവർ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താൻ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിക്കുകയും ചെയ്തു. പിന്നീട് താഷ്കന്റിൽ എത്തിയപ്പോഴാണ് ഉസ്ബെകിസ്താനിലെ അർധ സർക്കാർ സ്ഥാപനമായ യുക്കാലിഷ് മൂവ്മെന്റ് ബന്ധപ്പെടുന്നത്. ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിച്ച തനിക്ക് ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി നൽകുമെന്നായിരുന്നു അറിയിപ്പ്. അങ്ങനെ ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളിയായി.
സെയിൽസ്മാനിൽനിന്ന് മെഡിക്കൽ പഠനത്തിലേക്ക്
ദുബൈയിലെ എൻജീനയർമാരുടെ കുടുംബത്തിലാണ് ജനനം. പ്ലസ് ടു വരെ പഠനം ദുബൈയിലായിരുന്നു. ഡോക്ടറാവണമെന്ന് ഏറെ ആഗ്രഹിച്ചാണ് നാട്ടിൽനിന്ന് നീറ്റ് എഴുതിയത്. ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടതോടെ തിരിച്ച് ദുബൈയിലെത്തി വെർജിൻ മെഗാ സ്റ്റോറിൽ സെയിൽസ്മാനായി ജോലിക്ക് കയറി. വൈകാതെ അവിടെ നിന്ന് മൈക്രോ സോഫ്റ്റിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലേക്ക് മാറി.
അതിനിടെ ബോക്സിങ്ങിലും ഒരു കൈ നോക്കിയിരുന്നു. ജീവിതം അങ്ങനെ മറ്റൊരു വഴിക്ക് പോകുന്നതിനിടെയാണ് ഡോക്ടറാവണമെന്ന തന്റെ ഉള്ളിലെ ആഗ്രഹം പിതാവ് തിരിച്ചറിഞ്ഞത്. അങ്ങനെ കർണാടകയിലെ ബെല്ലാരി വിജയനഗര മെഡിക്കൽ കോളജിൽ സീറ്റ് ലഭിച്ചത് ഫാം ഡിയിൽ. രണ്ടും കൽപിച്ച് പഠനം മുന്നോട്ടുപോകുന്നതിനിടെ പ്രൊസീജറുകളിലാണ് തന്റെ മികവെന്നും സർജറിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അധ്യാപകരും സഹപാഠികളും നിർബന്ധിച്ചു. ആദ്യമൊക്കെ തമാശയായി തോന്നിയെങ്കിലും ഒടുവിൽ ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ പിതാവ് തന്നെയാണ് യുക്രെയ്നിലേക്ക് എം.ബി.ബി.എസ് പഠനത്തിന് അയച്ചത്. തലസ്ഥാനമായ കിയവിലെ മെഡിൽക്കൽ യൂനിവേഴ്സിറ്റിയിലായിരുന്നു എം.ബി.ബി.എസ് പഠനത്തിന് അവസരം ലഭിച്ചത്.
സെയിൽസ്മാനിലുള്ള മുൻപരിചയം കാരണം എളുപ്പത്തിൽ പാർട്ട്ടൈം ജോലി തരപ്പെടുത്താനായി. അങ്ങനെ പഠനവും ജോലിയും ഒരുമിച്ച് ആസ്വദിക്കുന്നതിനിടെയാണ് റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അതോടെ തിരിച്ച് ദുബൈയിലേക്ക് പോരേണ്ടി വന്നു. ആദ്യ രണ്ട് മൂന്ന് മാസം ഓൺലൈൻ പഠനമൊക്കെയുണ്ടായിരുന്നു. പക്ഷെ, അത് അധിക കാലം തുടരാനായില്ല. എം.ബി.ബി.എസ് മോഹം വീണ്ടും പൊലിയുമെന്ന് തോന്നിയ നിമിഷമായിരുന്നു അത്. പക്ഷെ, വിധി മറ്റൊന്നാണ് കരുതിവെച്ചിരുന്നത്. പിതാവ് തന്നെ ഉസ്ബെകിസ്താനിലെ താഷ്കന്റ് മെഡിക്കൽ അകാദമിയിൽ എം.ബി.ബി.എസിന് ചേർത്തു. ഇപ്പോ അവിടെ നാലാം വർഷ വിദ്യാർഥിയാണ്. താഷ്കന്റ് മെഡിക്കൽ അകാദമി സർക്കാർ യൂനിവേഴ്സിറ്റിയാക്കി ഉയർത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തിന് നമ്മൾ വിചാരിക്കാത്ത ചില ലക്ഷ്യങ്ങളും ദൗത്യങ്ങളുമൊക്കെ ഉണ്ടെന്നുള്ള തിരിച്ചറിവാണ് ഉസ്ബെകിസ്താന്റെ ബഹുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.