ഷംസുദ്ദീൻ നിർമിച്ച കലകൗശല വസ്തുക്കൾ
ദോഹ: പ്രവാസ ജീവിതത്തിനിടയിലെ ഒഴിവുനേരങ്ങൾ എങ്ങനെ ചെലവഴിക്കണം എന്നറിയാതെ മിക്കവരും വെറുതെ കളയുമ്പോൾ, എറണാകുളം സ്വദേശിയായ ഷംസുദ്ദീൻ പക്ഷേ, തന്റെ കരവിരുതിലൂടെ പഴയകാല നാട്ടിൻപുറത്തെ ഓർമകളെ പുനർനിർമിച്ച് അവതരിപ്പിക്കുകയാണ്. നമ്മുടെ ഓർമകളിൽ അവശേഷിക്കുന്ന പഴയകാല ഓടുമേഞ്ഞ വീടുകൾ, കായൽപരപ്പിലെ കെട്ടുവള്ളങ്ങൾ, ചീനവലകൾ, കിണറുകൾ, കാളവണ്ടികൾ എന്നിവയെല്ലാം ഷംസുദ്ദീൻ കരകൗശല മികവിൽ, അതിമനോഹരമായി നിർമിച്ചിട്ടുണ്ട്. കേവലം കൗതുകത്തിനപ്പുറം, ഓരോ നിർമിതിയിലും ഗൃഹാതുരത്വം നിഴലിച്ചു കാണാം.
മനസ്സിലുള്ള പഴയകാല നിർമിതികളും പലയിടങ്ങളിൽനിന്ന് കണ്ടുപരിചയിച്ച രൂപങ്ങളുമാണ് സാധാരണയായി നിർമിക്കുന്നത്. കണ്ടുമറന്ന രൂപങ്ങൾ മനസ്സിലാക്കാൻ ചിലപ്പോൾ യൂട്യൂബ് നോക്കാറുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഒഴിവുനേരങ്ങളിലെ ഇഷ്ടവിനോദമാണ് ഈ കരകൗശല നിർമാണം. ഇതിനായി കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടില്ല. ചില രൂപങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങളോളം സമയമെടുക്കും. ഒടുവിൽ മനസ്സിലുള്ള പൂർണരൂപം നിർമിച്ചെടുക്കുമ്പോഴുള്ള സന്തോഷം ചെറുതല്ലെ -ഷംസുദ്ദീൻ പങ്കുവെച്ചു. ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് കരകൗശല നിർമാണം എന്നതാണ് മറ്റൊരു പ്രത്യേകത. മരം, സിമന്റ്, തുണി എന്നിവ ഉപയോഗിച്ചാണ് ഓരോ കരകൗശല ഉൽപന്നങ്ങളും തയാറാക്കുന്നത്. പുരാവസ്തുക്കളോടും ഏറെ താൽപര്യമുള്ള ഷംസുദ്ദീൻ, എവിടെ പോയാലും അവിടത്തെ പുരാതന മ്യൂസിയങ്ങൾ കാണാൻ സമയം കണ്ടെത്താറുണ്ട്. കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള കരകൗശല വിപണികൾ നിത്യമായി സന്ദർശിക്കാറുണ്ട്. ഈ കാഴ്ചകളും അറിവുകളും എന്നും പ്രചോദനമാണെന്നും ഷംസുദ്ദീൻ വിശദീകരിച്ചു. ഖത്തറിൽ അബു ഹമൂറിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്ന ഷംസുദ്ദീൻ ആഴ്ചകൾക്കുമുമ്പാണ് പ്രവാസജീവിതത്തിൽനിന്ന് വിടപറഞ്ഞ് നാട്ടിലേക്ക് പോയത്. എറണാകുളം വൈപ്പിൻകര സ്വദേശിയാണ്.
പഴയകാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന നിത്യോപയോഗ വസ്തുക്കൾ, കൃഷി ഉപകരണങ്ങൾ എന്നിവ ശേഖരിച്ച് ഒരു വലിയ പ്രദർശനം ഒരുക്കണമെന്നതാണ് ഷംസുദ്ദീന്റെ ലക്ഷ്യം. ഇതിലൂടെ പുതുതലമുറക്ക് നമ്മുടെ സംസ്കാരത്തെയും പഴയകാല ജീവിതരീതികളെയും പരിചയപ്പെടുത്താണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.