നജാത്ത് ബിൻ അബ്ദുറഹ്മാൻ
റിയാദ്: ‘നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ കൂടെനിൽക്കും’ എന്ന പൗലോ കൊയ്ലോയുടെ വരികൾ ജീവിതത്തിൽ അന്വർഥമാക്കുകയാണ് നജാത്ത് ബിൻ അബ്ദുറഹ്മാൻ എന്ന മലയാളി യുവാവ്. ദശകത്തിലേറെയായി റിയാദിലെ സ്വകാര്യ കമ്പനിയിൽ പ്രൊക്യൂർമെൻറ് ഓഫീസറായി ജോലി ചെയ്യുന്ന നജാത്ത്, തെൻറ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അന്താരാഷ്ട്ര സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ്.
കാസർകോട് ചെമ്മനാട് സ്വദേശിയായ നജാത്ത്, സ്കൂൾ കാലഘട്ടം മുതൽക്കേ കലാരംഗത്ത് സജീവമായിരുന്നു. റിയാദിലെ കലാസാംസ്കാരിക മേഖലകളിൽ സുപരിചിതനായ അദ്ദേഹം ‘തീപൊട്ടൻ’, ‘മരുഭൂമിയിലെ പകൽ നക്ഷത്രങ്ങൾ’ തുടങ്ങിയ ശ്രദ്ധേയമായ പ്രഫഷനൽ നാടകങ്ങളിലൂടെയും ‘ഒരു പാലസ്തീനിയൻ പ്രണയഗാഥ’ തുടങ്ങിയ ഏകപാത്ര നാടകങ്ങളിലൂടെയും തെൻറ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ സിനിമകൾക്ക് അനുമതി ലഭിച്ച ശേഷം നിർമിക്കപ്പെട്ട ആദ്യ മലയാള ചിത്രമായ ‘സതി’യിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നജാത്ത് ആയിരുന്നു. ഇന്ത്യൻ എംബസിയുടെ ആദരവ് ഈ ചിത്രത്തിെൻറ അണിയറപ്രവർത്തകർക്കൊപ്പം നജാത്തിന് ഏറ്റുവാങ്ങാനായത് വലിയ പ്രോത്സാഹനമായി.
‘ആടുജീവിതം’ എന്ന വിശ്രുത നോവലിനെ ഉപജീവിച്ച് വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ‘ഗോട്ട് ലൈഫ്’ എന്ന ചിത്രത്തിന് സർഗാത്മക പ്രതികരണമായി സൗദിയിലെ പ്രശസ്ത മീഡിയ കമ്പനിയായ മീഡിയ വിൻഡോസ് എസ്.എ നിർമിച്ച മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ‘ഫ്രണ്ട് ലൈഫ്’ എന്ന ഹ്രസ്വചിത്രത്തിലെ നായകവേഷം നജാത്തിനെ ശ്രദ്ധേയനാക്കി. അറബ് തൊഴിലിടങ്ങളിലെ സ്നേഹവും സാഹോദര്യവും പ്രമേയമായ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അറബിക് പരസ്യങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ട നജാത്തിന് ഇപ്പോൾ നിരവധി അവസരങ്ങളാണ് മലയാളത്തിൽ നിന്നും അറബിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര സിനിമാ ലോകത്ത് നജാത്തിെൻറ ചുവടുവെപ്പുകൾ കൂടുതൽ കരുത്തുറ്റതാകുന്നത് ‘സെവൻ ഡോഗ്സ്’ എന്ന ചിത്രത്തിലൂടെയാണ്. സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖിെൻറ അനുഭവകഥയെ ആസ്പദമാക്കി ആദിൽ അൽ അർബി, ബിലാൽ ഫല്ലാഹ് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിെൻറ ആവേശത്തിലാണ് നജാത്ത്.‘സൽമാൻ ഖാനുമൊപ്പമുള്ള മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള സീക്വൻസ് എെൻറ അഭിനയ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ്.
സിനിമയെ ഹൃദയത്തോട് ചേർത്തുനിർത്തിയാൽ വിജയം ഉറപ്പാണെന്ന അദ്ദേഹത്തിെൻറ വാക്കുകൾ എനിക്ക് നൽകുന്ന പ്രചോദനം ചെറുതല്ല’ -നജാത്ത് പറയുന്നു.കരീം അബ്ദുൽ അസീസ്, അഹമ്മദ് എസ്സ് തുടങ്ങിയ ഈജിപ്ഷ്യൻ താരങ്ങളും ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലർ ചിത്രം മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിെൻറ കഥയാണ് പറയുന്നത്.
അഭിനയത്തോടുള്ള ആത്മാർത്ഥമായ സമർപ്പണത്തിലൂടെ ഗൾഫ് പ്രവാസ ലോകത്തുനിന്ന് വെള്ളിത്തിരയുടെ വലിയ ലോകത്തേക്ക് കൂടുതൽ ദൂരങ്ങൾ കീഴടക്കാൻ ഒരുങ്ങുകയാണ് ഈ കാസർകോടുകാരൻ. അഭിനയത്തിന് പുറമെ യാത്രകളെ സ്നേഹിക്കുന്ന നജാത്ത് ഇതിനകം 20-ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.