ചെടിയിൽ കുരുങ്ങിയ പരുന്തിനെ രക്ഷിക്കുന്ന പൊലീസ്
ദുബൈ: ചെടിയുടെ ചില്ലയിൽ കുരുങ്ങി പറക്കാനാകാതെ പ്രയാസപ്പെട്ട പരുന്തിന് രക്ഷകനായി ദുബൈ പൊലീസ് ഉദ്യോഗസ്ഥൻ. ഹത്തയിലാണ് സംഭവം. മരുഭൂമിയിൽ ജനസാന്നിധ്യം കുറഞ്ഞ പ്രദേശത്ത് ചെടിയിൽ കുരുങ്ങി രക്ഷപ്പെടാൻ കഴിയാതെ പ്രയാസത്തിലായിരുന്നു പരുന്ത്.
ഇതുവഴി പോകുകയായിരുന്ന ദുബൈ പൊലീസ് പട്രോളിങ് സംഘം ഇതു കണ്ടതോടെ വാഹനം നിർത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വണ്ടിയിൽ നിന്നിറങ്ങി ഗ്ലൗസ് ധരിച്ച് വാഹനത്തിന് മുകളിൽ കയറി രക്ഷിക്കുകയായിരുന്നു. പരുന്തിനെ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ദുബൈ പൊലീസ് വൃത്തങ്ങൾ പങ്കുവെച്ചു.
നിരവധി പേർ ഷെയർ ചെയ്ത വിഡിയോ അൽപ സമയത്തിനകം തന്നെ വൈറലായി. ദുബൈ പൊലീസിന്‍റെ മാതൃകാപരമായ ഇടപെടലിന് നിരവധി പേർ അഭിനന്ദനം അറിയിക്കുകയും ചെയ്തു. കാലിന് ചെറിയ പരിക്കുള്ള പരുന്തിന് അധികൃതർ ശുശ്രൂഷ നൽകുകയും ചെയ്തു.
നേരത്തെയും നിരവധി സന്ദർഭങ്ങളിൽ ദുബൈ പൊലീസ് ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദുബൈ ഭരണാധികാരികളും ജീവജാലങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലുപേർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 50,000ദിർഹം വീതം നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.