അസീസ് അവേളം ഗാന്ധി വേഷത്തിൽ

കവിതയിൽനിന്ന് കാൽനടയിലേക്ക്

‘നാളെ മരിക്കുമെന്നപോലെ ജീവിക്കുക, എന്നാൽ എന്നേക്കും ജീവിക്കുമെന്നപോലെ പഠിക്കുക.’ ഗാന്ധിജിയുടെ സന്ദേശം പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും കേരളക്കരയിലേക്കെത്തിക്കുകയാണ് ഗാന്ധിയനായ അസീസ് അവേളത്തിന്‍റെ ലക്ഷ്യം. കലയിൽനിന്ന് കാൽനടയാത്രയിലേക്കുള്ള ജീവിതവഴികളെക്കുറിച്ച് അസീസ് പറയുന്നു

‘തനിയെ നടന്നു നീ പോകുക,

തളർന്നാലുമരുതേ പരാശ്രയവുമിളവും

അനുഗാമിയില്ലാത്ത പഥിക,

തുടർന്നാലുമിടറാതെ

നിൻധീര ഗാനം’

ജി. മധുസൂദനൻ നായരെഴുതിയ ഗാന്ധിയെന്ന കവിതയിലെ വരികളാണിത്. ഒരെഴുത്തുകാരനായാണ് തുടങ്ങിയത്. പാട്ടെഴുതിയപ്പോൾ വിചാരിച്ചില്ല ആ വരികൾ ജീവിതമാകുമെന്ന്. പ്രവാചകനോടുള്ള സ്നേഹാദരവിൽ ഒരിക്കൽ മക്കയെക്കുറിച്ച് എഴുതി. ‘മക്ക പള്ളി മിനാരത്തിൽ ചിറകടിച്ചുയരും പ്രാവുകളേ...’ റൗളശരീഫ് നേരിട്ടുകാണാത്ത, വെറും കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ് അന്നതു കുറിച്ചത്. കാലങ്ങൾക്കുശേഷം എനിക്ക് ഉംറചെയ്യാൻ അവസരം ലഭിക്കുന്നു. അതിന് മുടിയെടുക്കൽ നിർബന്ധമാണല്ലോ. മക്കയിലെ ഒരു ബാർബർ ഷോപ്പിൽ മുടിയെടുത്തു മടങ്ങവേ മുടിവെട്ടുകാരൻ എന്നോട് പറഞ്ഞു, നിങ്ങൾക്ക് മഹാത്മാഗാന്ധിയുടെ രൂപം ഉണ്ടല്ലോയെന്ന്. അയാളൊരു ഹിന്ദിക്കാരനായിരുന്നു. അർധനഗ്നനായ ഫക്കീർ എന്നവിളിപ്പേരിൽ, ജീവിതം സന്ദേശമാക്കിയ ആ മനുഷ്യന്റെ രൂപം എനിക്കുണ്ടെന്ന് പറഞ്ഞപ്പോൾ അത്ര നിസ്സാരമായെടുക്കാൻ തോന്നിയില്ല. ഉംറ കഴിഞ്ഞ് നാട്ടിലെത്തിയ ഞാൻ എന്നിലെ ഗാന്ധിയെ തിരഞ്ഞിറങ്ങി. മഹാത്മാഗാന്ധിയുടെ കണ്ണട, വടിയുടെ കൃത്യമായ നീളം, ഒറ്റമുണ്ട്, അരയിൽ തൂക്കുന്ന വാച്ച് തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതൽ അന്വേഷിച്ചു. ‘എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിച്ചറിഞ്ഞു. ഗാന്ധിയായി തന്നെ ജനങ്ങളിലേക്കിറങ്ങി പ്രബോധനം നടത്താൻ തീരുമാനിച്ചു.

68 കാരനായ എന്‍റെ ശരീരവും രൂപവുമെല്ലാം ഈ വേഷപ്പകർച്ചക്ക് അനുകൂലമായിരുന്നു. ജാതിമത വർഗ വർണ വ്യത്യാസമില്ലാതെ ഏതൊരുവനെയും ചേർത്തുപിടിക്കുന്നയാളാണ് ഗാന്ധിജി. ഒരു വിശ്വാസി വിളിച്ചുപറയുന്നതിനേക്കാൾ നന്നായി ഗാന്ധിജിയിലൂടെ, ആ വേഷപ്പകർച്ചയിലൂടെ ജനങ്ങളിലേക്ക് ആ ദർശനങ്ങൾ എത്തിക്കാൻ കഴിയുമെന്നുറപ്പായിരുന്നു. ഇതിനെ ചിലർ കളിയാക്കുകയും ഫാഷൻ പരേഡാണെന്നുപറഞ്ഞ് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും ഞാൻ മുഖവിലക്കെടുത്തില്ല. എന്റെ സത്യാന്വേഷണ പരീക്ഷണ കഥകൾക്ക് നൂറു വയസ്സ് പൂർത്തിയാവുകയാണ്. ഇതിനോടനുബന്ധിച്ച് കേരളത്തിലെ 200 സ്കൂളുകളിൽ ഗാന്ധിജിയുടെ ജീവിതത്തെയും സമരപോരാട്ടങ്ങളെയും കുറിച്ച് വിദ്യാർഥികളുമായി ചർച്ച നടത്താൻ അവസരം ലഭിച്ചു.

കലാസാഹിത്യ മേഖല

ചെറുപ്പകാലം, 1962 മുതൽ 67 കാലഘട്ടം. അന്ന് അഭിനയത്തോട് വല്ലാത്തൊരു മുഹബത്ത് ആയിരുന്നു. ഒരു നാടകനടനാകാൻ ചെന്ന എന്നെ അധ്യാപകൻ മാറ്റിനിർത്തി. ഒരു വിശ്വാസ കുടുംബത്തിൽ ജനിച്ചതുകൊണ്ടായിരുന്നു അത്. ഹൈസ്കൂളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി. അതൊരു സ്ത്രീ വേഷം കൂടി ആയിരുന്നു. പിന്നീട് സ്വന്തമായി മൂന്ന് നാടകങ്ങൾ എഴുതി. അത് കേരളത്തിന്റെ പല ഭാഗങ്ങളിൽ അഭിനയിച്ചു. അതുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇടക്ക് സിനിമയിലും. പരസ്യങ്ങളും ആൽബങ്ങളും ചെയ്തിട്ടുണ്ട്.

അസീസ് അവേളം

ആദ്യമായി ചെയ്ത ആൽബമാണ് ‘ഖൽബിൽ നീയെന്നും’. അതിലൂടെയാണ് നടി സുരഭി ലക്ഷ്മി അഭിനയ ലോകത്തേക്ക് എത്തുന്നത്. പൂർണമായി കർണാടക സംഗീതത്തിൽ ചെയ്ത പാട്ടുകൾക്ക് സംഗീതം നൽകിയത് മദ്രാസിലെ പ്രശസ്തനായ കൊച്ചിൻ അഴീക്കൽ ചിന്നയാണ്. കോഴിക്കോട് നളന്ദയിൽ ആയിരുന്നു റിലീസ്. ശേഷം ചെയ്ത മറ്റൊരു ആൽബത്തിലൂടെ സീരിയൽ നടി രസ്നയെയും സിനിമാമേഖലയിലേക്ക് കൊണ്ടുവന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ ഏകദേശം 80 പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അതിൽ ചിലത് പലഗായകരും ഇന്നും പാടുന്നുണ്ട്.

സാമൂഹിക സാംസ്കാരിക വ്യവസായ മേഖലകളിലും സജീവമാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ സംരംഭക പരിശീലകനായി പോവാറുണ്ട്. 5000ലധികം ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് പരിശീലന ക്ലാസുകൾ നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തുള്ള പൂനൂരിലാണ് താമസം. വ്യവസായ വകുപ്പിന്റെ ട്രഡീഷനൽ ഇൻഡസ്ട്രി വർക്കിങ് ഗ്രൂപ്പിൽ അംഗമാണ്. ഭാര്യ ജമീല. മകൻ പ്രവാസിയായ ഫൈസൽ പൂനൂർ.

Tags:    
News Summary - From Art to Activism: How Asees Avelam Embodies Mahatma Gandhi’s Ideals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.